വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടി; യുവാവും യുവതിയും പിടിയിൽ

New Update

publive-image

കൊല്ലം: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്തു കോടികൾ തട്ടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശികളായ ജസ്റ്റിൻ സേവ്യർ, സുനിത എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിൽ വച്ചാണ് ഇരുവരേയും പിടികൂടിയത്. 3,60,000 രൂപ നൽകിയാൽ ജപ്പാനിൽ ജോലി നൽകാമെന്ന് പരസ്യം നൽകിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവർക്ക് പണം നൽകി.

Advertisment

നിരവധി പേരെ കബളിപ്പിച്ച് ഇരുവരും ഒന്നര കോടിയോളം രൂപയാണ് തട്ടിയത്. 300നു മുകളിൽ ആളുകളാണ് തട്ടിപ്പിന് ഇരയായത്. 20,000 രൂപ മുതൽ ഒന്നര ലക്ഷം രൂപ വരെയാണ് ഇവർ പലരിൽ നിന്നായി തട്ടിയത്.

കൊല്ലം കേന്ദ്രമാക്കി ഒരു സ്ഥാപനം നടത്തിയാണ് തട്ടിപ്പ്. സ്ഥാപനത്തിൽ എത്തുന്ന ഉദ്യോ​ഗാർഥികളിൽ നിന്നു 15,000 രൂപ ആദ്യം വാങ്ങി. പിന്നീട് ഉദ്യോ​ഗാർഥികളെ ഇന്റർവ്യൂ ചെയ്തു. ജപ്പാനിൽ നിന്നടക്കം ആൾക്കാരെ എത്തിച്ചായിരുന്നു ഇന്റർവ്യു. പിന്നീട് അവർക്ക് വിസയും ജോലിക്കായുള്ള ഓഫർ ലെറ്ററും നൽകി.

എന്നാൽ വിദേശത്തേക്ക് പോകാനുള്ള മറ്റ് നടപടിക്രമങ്ങളൊന്നും ഇരുവരും ചെയ്തു നൽകിയില്ല. ഇതിൽ സംശയം തോന്നിയ ഉദ്യോ​ഗാർഥികളിൽ ചിലർ സ്ഥാപനത്തിലെത്തി വിവരങ്ങൾ തിരക്കി. ജപ്പാനിലേക്ക് പോകണമെങ്കിൽ ജാപ്പനിസ് ഭാഷ പഠിക്കണമെന്നു പറഞ്ഞു അതിനായി ഒരു അധ്യാപകനെ ഏർപ്പാടാക്കി. ഒരു ദിവസം ക്ലാസും നടന്നു. പിന്നീട് ഓൺലൈൻ ക്ലാസായിരിക്കുമെന്നു അറിയിച്ചെങ്കിലും അതൊന്നും നടന്നില്ല.

ഇതോടെ ഉദ്യാർ​ഗാർഥികൾ വീണ്ടും സ്ഥാപനത്തിലെത്തി. അപ്പോഴാണ് ഇരുവരും മുങ്ങിയതായി അറിയുന്നത്. പിന്നാലെ കബളിപ്പിക്കപ്പെട്ടവർ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് ഇരുവരും വലയിലായത്.

Advertisment