മഞ്ചേരി: മഴക്കാലമായതോടെ വിപണി വിലയിൽ പച്ചമുളകിന് എരിവേറിയപ്പോൾ തക്കാളി സെഞ്ച്വറി കടന്നു. ബലി പെരുന്നാൾ ആഘോഷങ്ങൾക്കിടെയുള്ള വില വർദ്ധനവ് അടുക്കളയിലെ രുചിക്കൂട്ടുകളുടെ സ്വാദിന് കോട്ടം തട്ടിക്കും. ചുരുങ്ങിയ ദിവസം കൊണ്ടാണ് തക്കാളിയുടെയും പച്ചമുളകിന്റെയും വില സെഞ്ച്വറി കടന്നത്. തക്കാളിയുടെ വില 60 നിന്ന് 115 വരെയായി ഉയർന്നു.
/sathyam/media/post_attachments/yd0LZAs851PqN37Ux45p.jpg)
മൊത്തവ്യാപാര വിപണികളിലേക്ക് വരവ് കുറഞ്ഞതാണ് വിലയിൽ അസാധാരണ വർദ്ധനവ് സൃഷ്ടിച്ചത്. വിളവ് കുറഞ്ഞതും മഴപ്പേടിയിൽ തക്കാളി കൃഷിയിൽ ഉത്പാദനം കുറച്ചതും തിരിച്ചടിയായി. ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നും തക്കാളി എത്തുന്നത് ഗണ്യമായി കുറഞ്ഞതാണ് കഴിഞ്ഞവർഷം ഇതേസമയത്ത് 50 രൂപ മാത്രം ഉണ്ടായിരുന്ന തക്കാളിക്ക് വില ഇരട്ടിയിലധികമാവാൻ കാരണം.
തമിഴ്‌നാട്ടിലെ വരൾച്ചയും കർണാടകയിലെയും ആന്ധ്രയിലെയും മഴയും ഒരുമിച്ചെത്തിയതോടെ പച്ചമുളക് വിലയിൽ എരിവേറിയത് മലയാളികൾക്കാണ്. കിലോഗ്രാമിന് 120 രൂപ മുതൽ 180 രൂപ വരെയാണ് പച്ചമുളകിന്റെ വില. ബക്രീദ് എത്തിയതോടെ വിപണിയിൽ പച്ചമുളകിനും തക്കാളിക്കും വൻ ഡിമാൻഡാണ് . പച്ചക്കറിക്ക് പുറമേ നേന്ത്രപ്പഴവിലയും കുതിച്ചുയരുകയാണ്. 45ഉം 50 ഉം ലഭിച്ച നേന്ത്രപ്പഴത്തിന്റെ വില കുത്തനെ കൂടി 80ലേക്കെത്തി