ഏകീകൃത സിവിൽകോഡ് സവർണ്ണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ഗൂഢ നീക്കം- റസാഖ് പാലേരി

New Update

publive-image

Advertisment

മലപ്പുറം: ഏകീകൃത സിവിൽകോഡ് നടപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം വംശീയ സവർണാധിപത്യം അടിച്ചേൽപിക്കാനുള്ള ആർ.എസ്.എസ് ശ്രമങ്ങളുടെ ഭാഗം മാത്രമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു. ഭരണഘടനാ മൂല്യങ്ങളായ മതേതരത്വവും ബഹുസ്വരതയും നിലനിൽക്കണമെങ്കിൽ വൈവിധ്യങ്ങളെ അംഗീകരിക്കണം. രാജ്യത്ത് നിലവിൽ വ്യത്യസ്ത സിവിൽ കോഡുകൾ പിന്തുടരുന്ന നൂറ് കണക്കിന് ജനവിഭാഗങ്ങളുണ്ട്. ഇതൊക്കെ ഇല്ലാതാക്കി വർണ്ണാശ്രമ വ്യവസ്ഥയ്ക്ക് കീഴിലേക്ക് രാജ്യത്തെ കൊണ്ടുവരാനുള്ള നീക്കം മതേതര സമൂഹം അനുവദിക്കില്ല.

2014 ൽ ബി.ജെ.പി ഭരണകൂടത്തെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ പ്രതിപക്ഷ നിര ഐക്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഏകീകൃത സിവിൽകോഡ് മുന്നോട്ട് വെയ്ക്കുന്നത് ആ ഐക്യത്തെ തുരങ്കം വെയ്ക്കാനുള്ള തന്ത്രമാണ്. ചില പ്രതിപക്ഷ പാർട്ടികൾ ഈ ചൂണ്ടയിൽ പോയി കൊത്തി. ഈ ഗൂഢ തന്ത്രം തിരിച്ചറിയാനുള്ള വിവേകം എല്ലാ പ്രതിപക്ഷ പാർട്ടികളും പുലർത്തണം. 2019 ൽ സവർണ്ണ സംവരണം കൊണ്ടു വന്നാണ് പ്രതിപക്ഷ നിരയിലെ ഐക്യം ബി.ജെ.പി തകർത്തത്. അതിൻ്റെ ദുരന്തഫലം രാജ്യം അനുഭവിക്കുകയാണ്.

ഏതെങ്കിലും ഒരു മത വിഭാഗത്തെ മാത്രം ബാധിക്കുന്ന പ്രശ്നമായി ഏകീകൃത സിവിൽകോഡിനെ കാണാനാകില്ല. രാജ്യത്തിൻ്റെ ഫെഡറലിസവും അതുവഴിയുള്ള പരസ്പര സഹകരണവും തകർക്കാനുള്ള നീക്കമാണ് ഇതെന്ന് കണ്ട് എല്ലാവരും ഒറ്റക്കെട്ടായി ഏകീകൃത സിവിൽകോഡിനെതിരെ അണിനിരക്കണമെന്നും അദ്ദഹം ആഹ്വാനം ചെയ്തു.

സംസ്ഥാന നേതാക്കളുടെ വാർഡ്‌ തല സന്ദർശങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയിലെ നന്നമ്പ്ര പഞ്ചായത്ത് 18-ാം വാർഡ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുലൈമാൻ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് ഹംസ വെന്നിയൂർ , ജില്ലാ കമ്മിറ്റി അംഗം ലുബ്ന കൊടിഞ്ഞി, ഷമീന വി.കെ, സാബിർ കൊടിഞ്ഞി എന്നിവർ സംസാരിച്ചു. ആലംങ്കിർ സ്വാഗതവും ഹസ്സനാജി നന്ദിയും പറഞ്ഞു.

Advertisment