സമദ് കല്ലടിക്കോട്
Updated On
New Update
/sathyam/media/post_attachments/VO3V5h2twcf7vOJMO9rh.jpg)
ചെർപ്പുളശ്ശേരി :സൗരയൂഥത്തിലെ മലയാളി നാമം,അശ്വിൻ ശേഖർ.പാലക്കാട് ജില്ലയിൽ ചെർപ്പുളശ്ശേരിക്കടുത്ത് നെല്ലായ വാര്യത്ത് ശേഖർ വാര്യരുടെ മകൻ ഡോ: അശ്വിൻ ശേഖർ ഇന്ത്യയിൽ നിന്നുള്ള ആദ്യ പ്രൊഫഷണൽ ഉൽക്കാ ശാസ്ത്രജ്ഞൻ എന്നാണ് അസ്ട്രോണമിക്കൽ യൂണിയൻ പരിചയപ്പെടുത്തുന്നത്. 2000 ജൂണിൽ കണ്ടെത്തിയ നാലര കിലോമീറ്റർ വ്യാസമുള്ള മൈനർ പ്ലാനറ്റ് അഥവാ ഛിന്നഗ്രഹം ഇനിമുതൽ 'അശ്വിൻ ശേഖർ' എന്ന പേരിൽ വിശേഷിപ്പിക്കപ്പെടും.
Advertisment
സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളില്‍ ഒരെണ്ണം ഇനിമുതൽ മലയാളി ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡോ. അശ്വിന്‍ ശേഖറിന്റെ പേരില്‍ അറിയപ്പെടും.അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐ.എ.യു) ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.യു എസില്‍ അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫില്‍ പ്രവര്‍ത്തിക്കുന്ന ലോവല്‍ ഒബ്‌സര്‍വേറ്ററി ആദ്യം നിരീക്ഷിച്ച '2000എല്‍ജെ27' എന്ന ഛിന്നഗ്രഹത്തിനാണ് അശ്വിന്റെ പേരിട്ടത്.
സൗരയൂഥത്തില്‍ ചൊവ്വ ഗ്രഹത്തിനും വ്യാഴത്തിനുമിടയ്ക്ക് കാണപ്പെടുന്ന 'ഛിന്നഗ്രഹ ബെല്‍റ്റി'ല്‍ നിന്നുള്ള ഈ ആകാശഗോളത്തിന് ഒരു തവണ സൂര്യനെ ചുറ്റാന്‍ 4.19 വര്‍ഷം വേണം. അശ്വിന്റെ പേരിട്ട ഛിന്നഗ്രഹത്തിന്റെ വിവരങ്ങള്‍ 'നാസയും'പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് ശ്രീനിവാസ രാമാനുജന്‍, സി.വി.രാമന്‍, സുബ്രഖഹ്‌മണ്യ ചന്ദ്രശേഖര്‍, വിക്രം സാരാഭായി എന്നീ ശാസ്ത്രജ്ഞരുടെ പേരിലും ഛിന്നഗ്രഹങ്ങള്‍ നാമകരണം ചെയ്തിട്ടുണ്ട്.
ഉല്‍ക്കാപഠനരംഗത്തെ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ അംഗീകാരം അശ്വിന് നല്‍കുന്നതെ'ന്ന് അസ്‌ട്രോണമിക്കല്‍ യൂണിയന്‍ വിശദീകരിച്ചു.പാരിസ് ഒബ്‌സര്‍വേറ്ററിയിലെ 'സെലസ്റ്റിയല്‍ മെക്കാനിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ല്‍ ഉല്‍ക്കാപഠനസംഘത്തിലെ അംഗമാണ് 38-കാരനായ ഡോ.അശ്വിന്‍.
ഛിന്നഗ്രഹങ്ങള്‍, ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ എന്നിവ സംബന്ധിച്ച് അരിസോണയിലെ ഫ്‌ളാഗ്സ്റ്റാഫില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ ഡോ.അശ്വിനും പ്രഭാഷകനായിരുന്നു.ആ സമ്മേളനത്തിനിടെയാണ് ഛിന്നഗ്രഹത്തിന്റെ നാമകരണ പ്രഖ്യാപനം അസ്‌ട്രോണമിക്കല്‍ യൂണിയന്‍ നടത്തിയത്.
2014 ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീന്‍സ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ പി.എച്ച്.ഡി. എടുത്ത അശ്വിന്‍,നോര്‍വെയില്‍ ഓസ്ലോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് 'സെലസ്റ്റിയല്‍ മെക്കാനിക്‌സി'ല്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം 2018 ല്‍ പൂര്‍ത്തിയാക്കി.മലയാളികള്‍ക്ക് അഭിമാനിക്കാന്‍ പോന്ന ഉയരങ്ങള്‍ കീഴടക്കുന്ന ഈ യുവഗേഷകന്‍, ലണ്ടന്‍ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഫെലോയാണ്. കൂടാതെ, ഇന്റര്‍നാഷണല്‍ അസ്‌ട്രോണമിക്കല്‍ യൂണിയനില്‍ (ഐ.എ.യു) പൂര്‍ണ്ണവോട്ടവകാശമുള്ള അംഗവുമാണ്.
അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി,ഇന്ത്യന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി എന്നിവയിലും അംഗത്വമുണ്ട്.
അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയും അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിസിക്‌സും ചേര്‍ന്ന് നല്‍കുന്ന പ്രസിദ്ധമായ 'ദാന്നി ഹൈനമാന്‍ പ്രൈസ്' നിശ്ചയിക്കുന്ന ആറംഗ ജൂറിയില്‍ അംഗമാണ് ഈ മലയാളി ഗവേഷകന്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us