/sathyam/media/post_attachments/G0AG2Y7xbvTqflWf0EoN.jpg)
വർഷങ്ങളായി പ്രവാസികളിൽ നിന്നും വിശിഷ്യാ ഗൾഫു നാടുകളിൽ നിന്നും യാത്ര ചെയ്യുന്നതിന് ടിക്കറ്റുകൾക്ക് അമിതമായ വില ഈടാക്കുന്ന വിമാന കമ്പനികളെ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ശക്തമായി നിയന്ത്രിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ആവശ്യപ്പെട്ടു. വിമാന കമ്പനികളുടെ ടിക്കറ്റ് കൊള്ളക്കെതിരെ പ്രവാസി വെൽഫെയർ ഫോറം സംഘടപ്പിച്ച പ്രതിഷേധ സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സീസൺ സമയത്ത് വിമാന കമ്പനികൾ ടിക്കറ്റുകൾക്ക് അമിതമായ വില ഈടാക്കുന്ന ഈ സ്ഥിരം പ്രവണത അവസാനിപ്പിക്കാൻ ടിക്കറ്റ് വിലക്ക് സീലിംഗ് ഏർപ്പെടുത്തിയും കൂടുതൽ സീറ്റുകൾ വർധിപ്പിച്ചും ബജറ്റ് എയറുകൾ സംവിധാനിച്ചും പ്രായോഗിക പരിഹാരങ്ങൾ നടപ്പിലാക്കി കേന്ദ്ര - സംസ്ഥാന സർക്കാറുകൾ പ്രവാസികളുടെ പക്ഷം നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഗമത്തിൽ ആശംസകളർപ്പിച്ച് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് ഗൾഫ് പ്രതിനിധികളായ മുനീഷ് എ സി (ഖത്തർ), മുഹ്സിൻ ആറ്റശ്ശേരി (സൗദി അറേബ്യ), നാസർ ഊരകം (യു എ ഇ), അഷ്ക്കർ മാളിയേക്കൽ (കുവൈത്ത്), ബന്ന മുതവല്ലൂർ, കുണ്ടോട്ടി മുൻസിപ്പാലിറ്റി കൗൺസിലർ താഹിറ ഹമീദ് എന്നിവർ സംസാരിച്ചു.
പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന പ്രസിഡണ്ട് അസ്ലം ചെറുവാടി അധ്യക്ഷത വഹിച്ചു. പ്രവാസി വെൽഫെയർ ഫോറം സംസ്ഥാന സെക്രട്ടറി ജാബിർ വടക്കാങ്ങര സ്വാഗതവും മലപ്പുറം ജില്ലാ പ്രസിഡണ്ട് മുഹമ്മദ് പൊന്നാനി നന്ദിയും പറഞ്ഞു.