/sathyam/media/post_attachments/Jq7bSWyzxS7D4lRLPAMO.jpeg)
പൊന്നാനി: ഏക സിവിൽകോഡ്, മണിപ്പൂർ എന്നീ വിഷയങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് പൊന്നാനിയിൽ നിന്ന് ഒരു ഹൃദയസ്പർശിയായ കത്ത്. പൊന്നാനി സ്വദേശിയും മുസ്ലിം മതനേതാവും സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗവും കൂടിയായ ഉസ്താദ് കെ എം ഖാസിം കോയയാണ് ജനങ്ങളുടെ ജീവൽ പ്രശ്നങ്ങളിൽ സദുപദേശത്തിലധിഷ്ഠിതമായ എഴുത്ത് നരേന്ദ്രമോദിയ്ക്ക് അയച്ചുകൊടുത്തത്.
പ്രധാനമന്ത്രിയോടുള്ള ഗുണകാംക്ഷ മാത്രമാണ് തന്നെ ഇതിന് പ്രേരിപ്പിച്ചതെന്ന് ഖാസിം കോയ "സത്യം ഓൺലൈൻ" റിപോർട്ടറോട് പറഞ്ഞു. ഈ മഹാരാജ്യത്തെ നയിക്കാൻ ഭാഗ്യം ലഭിച്ച ഒരു ഭരണാധികാരിയെന്ന നിലയിൽ താങ്കളുടെ കയ്യിലെ അധികാരവും അവസരവും ഇവിടുത്തെ ഏതെങ്കിലും മതവിഭാഗങ്ങളുടെ ജീവിത രീതിയും വ്യക്തിനിയമവും അവർക്ക് തീർത്തും അനിഷ്ടകരമായ വിധത്തിൽ തകിടം മറിക്കുന്നതിന് വേണ്ടി വിനിയോഗിക്കരുതെന് ഞാൻ ഗുണകാക്ഷയോടെ കത്തിലൂടെ നരേന്ദ്രമോദിയെ ഉപദേശിച്ചതായി വിശദീകരിച്ചു.
സഹോദര സ്നേഹത്തോടെയും ഭരണാധികാരിയോടുള്ള ഗുണകാംക്ഷയോടെയും ആണ് ഏക സിവിൽകോഡ്, മണിപ്പൂർ എന്നീ വിഷയങ്ങൾ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ താൻ കൊണ്ടുവരാൻ ശ്രമിച്ചതെന്നും ദൈവവിശ്വാസിയായ അദ്ദേഹം അത് നല്ല നിലയിൽ ഉൾകൊള്ളുമെന്നാണ് തന്റെ പ്രത്യാശയെന്നും കത്തയച്ച ശേഷം ഉസ്താദ് മാധ്യമപ്രവർത്തകാരോട് വിവരിച്ചു.
140 കോടി ജനതയുടെ ഭരണസാരഥിയായ സഹോദരൻ എന്ന അഭിസംബോധനത്തോടെയും ദൈവത്തോട് പ്രാർത്ഥിച്ചും കൊണ്ട് തുടങ്ങുന്ന കത്തിൽ കെ എം മുഹമ്മദ് ഖാസിം കോയ ഏക സിവിൽകോഡ്, മണിപ്പൂർ എന്നീ വിഷയങ്ങളാണ് സഹോദരബുദ്ധ്യാ പ്രധാനമന്ത്രിയെ ഉല്ബോധിപ്പിക്കുന്നത്. ലോകസമാധാനത്തിന് മാതൃകയായി നിൽക്കാൻ താങ്കളുടെ നേതൃത്വത്തിൽ ഭാരതത്തിന് കഴിഞ്ഞെങ്കിൽ എന്ന ആഗ്രഹവും ഖാസിം കോയ മുന്നോട്ടു വെച്ചു.
ഈ നാൾ വരെ രാജ്യത്തെ വിവിധ മതവിശ്വാസികൾ അവരുടെ വ്യക്തിജീവിതത്തിൽ സ്വാതന്ത്ര്യത്തോടെ അനുഭവിച്ചു പോന്ന അവരുടെ മതാചാര പ്രകാരമുള്ള വ്യക്തിനിയമങ്ങൾ താങ്കളുടെ കൈകൊണ്ട് ആർകെങ്കിലും നിഷേധിക്കുന്ന ദുരവസ്ഥ താങ്കളുടെ ഭരണത്തിൻ കീഴിൽ ഒരിക്കലും ഉണ്ടാവരുതെന്ന് പ്രാര്ഥിക്കുന്നതായി ഖാസിം കോയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശ്രദ്ധയിൽ പെടുത്തി. അതിനാൽ, താങ്കൾ ഭരണത്തിൽ ഉള്ളേടത്തോളം കാലം അത്തരം ഒരു ദുർഗതി ഉണ്ടാവാൻ ഇട വരുത്തരുത്. രാജ്യത്ത് സ്നേഹത്തിൽ കഴിഞ്ഞു കൂടുന്ന ഏതെങ്കിലും മതസ്ഥരുടെ മേൽ അവരുടെ മതാചാരണങ്ങൾക്ക് എതിരായ വ്യക്തിനിയമങ്ങൾ അടിച്ചേൽപ്പിക്കാൻ തുനിയരുതെന്നും ആ പാപഭാരം തങ്ങൾക്ക് ഉണ്ടാവരുതെന്നും ഗുണകാംക്ഷയോടെ പ്രധാനമന്ത്രിയുടെ ശ്രദ്ധ്യയിൽ പെടുത്തിയതായി ചാരിതാർഥ്യത്തോടെ ഉസ്താദ് അൽഹാജ് കെ എം മുഹമ്മദ് ഖാസിം കോയ വിശദീകരിച്ചു.
മണിപ്പൂരിലെ ദുരന്തപൂർണമായ സംഭവ വികാസങ്ങളിൽ താങ്കൾ മനസ്സുവെച്ചാൽ സമാധാനപൂർണമായ പര്യവസാനം ഏറെ വൈകാതെ തന്നെ ഉണ്ടാവുമെന്നുള്ള രാജ്യത്തിന്റെ പൊതുവായ വിശ്വാസവും പ്രധാനമന്ത്രിയെ താൻ ഗുണകാംക്ഷയോടെ ഓര്മപ്പെടുത്തിയതായും ഉസ്താദ് ഖാസിം കോയ തുടർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us