Advertisment

പൊന്നാനി: നാടിൻറെ സ്വപ്നങ്ങൾ യാഥാർഥ്യങ്ങളാകവേ സ്മൃതിപഥങ്ങളിൽ ചെങ്കൊടിയേന്തിയ വികസനോപാസകൻ

New Update

publive-image

Advertisment

പൊന്നാനി: ചരിത്രപ്രാധാന്യം തിരയടിക്കുന്ന പൗരാണിക വാണിജ്യ, സാംസ്കാരിക മേഖലയായ പൊന്നാനി പോയകാല പ്രതാപം തിരിച്ചെടുക്കുന്നതിൽ മുന്നോട്ടുപോയി കൊണ്ടിരിക്കവേ, നോവായും നിലാവായും സ്മൃതിപഥങ്ങളിൽ ഇരമ്പുകയാണ് നാടിന്റെ സമര നായകനും ഭരണനിപുണനായ സഖാവ് ഇ കെ ഇമ്പിച്ചി ബാവ.

പൊന്നാനിയുടെ വിദ്യാഭ്യാസ, ഗതാഗത, സാമൂഹ്യ, വാണിജ്യ വികസനങ്ങൾക്കും പുരോഗതികൾക്കും തുടക്കമിടുകയോ അതിനുള്ള വഴി വെട്ടുകയോ ചെയ്ത വികാസനോപാസകനായിരുന്ന പൊന്നാനി സുൽത്താൻ ഏഴുകുടിക്കൽ അബ്ദുല്ലയുടെ മകൻ സഖാവ് ഇ കെ ഇമ്പിച്ചി ബാവ.

കടലും തീരവും തുറമുഖവും മത്സ്യബന്ധനവും ഇമ്പിച്ചി ബാവയെ സംബന്ധിച്ചിടത്തോളം ജീവശ്വാസവും ജന്മമുദ്രയുമായിരുന്നു. 1917 ജൂലൈ 17 ന് പൊന്നാനിയിലെ ഒരു തുറമുഖ തൊഴിലാളിയുടെ മകനായി ജനിച്ച ഇമ്പിച്ചി ബാവ കടലിൽ പോകുന്നവരുടെയും മൽസ്യ മേഖലയിലുള്ളവരുടെയും തോഴനും നായകനായിരുന്നു മരണം വരെയും. അവരുടെ ഉന്നമനത്തിനായി അദ്ദേഹം പ്രകടിപ്പിച്ച ആത്മാർത്ഥതയുടെ നിദർശനമാണ് അദ്ദേഹം ജീവിച്ച രാഷ്ട്രീയ ധാരക്ക് ഇന്നും തീരദേശങ്ങളിലുള്ള അപ്രമാദിത്വം.

publive-image

വികസനത്തിൽ കാണിച്ച വാശിയും ശുഷ്‌കാന്തിയും മൂലം പ്രാദേശികവാദി, നിയമബോധമില്ലാത്തവൻ തുടങ്ങിയ പഴികൾ ഏറേ കേള്‍ക്കേണ്ടി വന്നിട്ടും കുലുങ്ങിയില്ല സഖാവ്. സിഗരറ്റു പാക്കില്‍ നിയമന ഉത്തരവ് നല്‍കുന്ന മന്ത്രി എന്ന് പ്രതിപക്ഷം അദ്ദേഹത്തെ പരിസഹിച്ചെങ്കിലും ജനങ്ങൾക്കൊപ്പം എന്ന തന്റെ ശീലങ്ങളിലൂടെ അദ്ദേഹം നെഞ്ചൂക്കോടെ പ്രയാണം തുടർന്നു.

എം എല്‍ എയും എം പിയും മന്ത്രിയുമൊക്കെയായി കർമവീഥികളിൽ ആത്മാർത്ഥത തെളിയിച്ച ഇമ്പിച്ചി ബാവ എല്ലായ്പ്പോഴും സാധാരണക്കാരന്റെ ശബ്ദവും ചലനവുമായിരുന്നു. 1952 ല്‍ രാജ്യസഭാംഗമായ അദ്ദേഹം തനിക്ക് പറയാനുള്ളത് വീര്യത്തോടെ പ്രകടിപ്പിക്കാൻ ഒരു മടിയും കൂടാതെ തന്റെ മാതൃഭാഷ തന്നെ ഉപയോഗിച്ചത് അഖിലേന്ത്യാ ശ്രദ്ധയും കൗതുകവും പിടിച്ചെടുത്തിരുന്നു.

പൊന്നാനി വാണിജ്യ തുറമുഖമായിരുന്ന പഴയ കാലത്ത് ഗുജറാത്തിലെ ധനാഢ്യരുടെ പത്തേമാരിയിലെ തൊഴിലാളികൾ നടത്തിയ കൂലിക്ക് വേണ്ടിയുള്ള സമരം പ്രസിദ്ധമാണ്. പത്തേമാരിയിലെ തൊഴിലാളികള്‍ക്ക് കൂലി കൊടുക്കാതിരുന്ന ഇതര സംസ്ഥാനക്കാരായ മുതലാളിമാര്‍ക്കെതിരെ ഇമ്പിച്ചി ബാവ നയിച്ച പട കടലും കരയും ഒരുപോലെ ഇളക്കിമറിച്ചു.

സമരമുഖത്ത് ചങ്കുറപ്പോടെ നായകസ്ഥാനം അലങ്കരിച്ച അദ്ദേഹം വിജയം വരിച്ച ശേഷമേ പിൻവാങ്ങിയുള്ളൂ. മിച്ചഭൂമി സമരത്തിന് മലപ്പുറം ജില്ലയില്‍ നേതൃത്വം നല്‍കിയത് ഇമ്പിച്ചി ബാവയായിരുന്നു.

publive-image

ദീർഘവീക്ഷണത്തോടു കൂടിയ വികസന സങ്കൽപ്പങ്ങൾ സാക്ഷാത്കരിക്കുന്ന കാര്യത്തിൽ എതിർപ്പുകൾ വകവെക്കാതെയുള്ള മുന്നേറ്റമായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്. വികസനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ അസാധാരണമായ ദീര്‍ഘവീക്ഷണമുള്ളതായിരുന്നു.

പത്തേമാരികള്‍ വന്നുപോയികൊണ്ടിരുന്ന, കപ്പൽ കരക്ക് അടുത്തിരുന്ന പൊന്നാനി, പത്തേമാരികളിലൂടെ രാജ്യാന്തര വാണിജ്യം നടത്തിയിരുന്ന പൊന്നാനി, കൊടുങ്ങല്ലൂർ മുസിരിസ് കഴിഞ്ഞാൽ വിദൂര ദിക്കുകളിൽ നിന്നുള്ള വ്യാപാരികളെ ഏറെ ആകർഷിച്ചിരുന്ന പൊന്നാനി....

ചിരപുരാതനമായിരുന്ന പൊന്നാനി തുറമുഖത്തിന്റെ വാണിജ്യ സാധ്യതകള്‍ക്ക് കാലം മങ്ങലേല്പിച്ചു തുടങ്ങിയപ്പോള്‍ മത്സ്യബന്ധനത്തിന്റെ സാധ്യതകളിലേയ്ക്ക് വഴി തിരിച്ചുവിട്ടത് അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണം പ്രകടമായിരുന്നു.

ഡച്ച് അധിനിവേശത്തിന് ശേഷം ബ്രിട്ടീഷുകാരുടെ കാലത്തും പൊന്നാനി തുറമുഖം സജീവമായി ഉപയോഗിച്ചിരുന്നു. വിദേശ രാജ്യങ്ങളിലേക്ക് പലവ്യഞ്ജനങ്ങൾ ഉൾപ്പെടെ കയറ്റുമതി ചെയ്തിരുന്നത് പൊന്നാനിയിൽ നിന്നായിരുന്നു. രാജ്യാന്തര വ്യാപാര രംഗത്ത് നിറസാന്നിധ്യമായിരുന്ന പൊന്നാനിയിൽ പഴയകാല മുദ്രകൾ ഇപ്പോഴുമുണ്ട്.

കടൽ മാർഗ്ഗമുള്ള വ്യാപാര രംഗത്ത് സമ്പന്നമായ അദ്ധ്യായമാണ് പൊന്നാനിയിലെ പത്തേമാരി കാലം. നൂറ് കണക്കിന് പത്തേമാരികൾ നങ്കൂരമിട്ടിരുന്ന കാലം പൊന്നാനി കടലോരത്തിനുണ്ടായിരുന്നു.

ചരിത്രത്തിന്റെ ഒരു ഘട്ടത്തിൽ വ്യാവസായിക തുറമുഖമെന്ന പദവി നഷ്ടമായ പൊന്നാനിക്ക് മത്സ്യബന്ധനത്തിലൂടെ പുതുജീവൻ നേടിയെടുക്കാനുള്ള അത്യധ്വാനത്തിലായിരുന്നു ഇമ്പിച്ചി ബാവ. പൊന്നാനിയുടെ ഗതകാല പ്രതാപം തിരിച്ചെടുക്കാനുള്ള ആലോചനയിലും നീക്കങ്ങളിലുമായിരുന്നു.

publive-image

ചണ്ഡീഗഡില്‍ നടന്ന സി.പി.എമ്മിന്റെ 15-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്തു ഇമ്പിച്ചി ബാവ മടങ്ങിയത് സ്വന്തം നാട്ടിലേയ്ക്കായിരുന്നില്ല. മറിച്ച് ഡല്ഹിയിലേയ്ക്കായിരുന്നു. പൊന്നാനി തുറമുഖം സംബന്ധിച്ച നിവേദനം അന്നത്തെ കേന്ദ്ര തുറമുഖ വകുപ്പ് മന്ത്രിയ്ക്ക് നൽകുകയും അതിന് സമ്മർദ്ദം ചെലുത്തുകയും ചെയ്യാൻ വേണ്ടി മാത്രമായിരുന്നു അത്. ക്ഷീണിതനായിരുന്നു സഖാവ്.

ചണ്ഡീഗഡിലേക്കുള്ള യാത്ര തന്നെ പരിചിതരൊക്കെ എതിർത്തിരുന്നെങ്കിലും പാർട്ടി കോൺഗ്രസ്സിലെ പങ്കാളിത്തം അദ്ദേഹത്തിന് ഒഴിവാക്കാൻ പറ്റാത്തതായിരുന്നു. പാർട്ടി കോൺഗ്രസ്സ് കഴിഞ്ഞ ശേഷം ഡൽഹിയിലെത്തിയ സഖാവ് ശാരീരിക വൈഷമ്യത്തിനിടയിലും പൊന്നാനി മത്സ്യബന്ധന തുറമുഖത്തു നിന്ന് മണ്ണു നീക്കാന്‍ ഡ്രഡ്ജര്‍ അനുവദിക്കണമെന്ന് കേന്ദ്ര തുറമുഖ മന്ത്രാലയവുമായി കൂടിക്കാഴ്ച്ച മന്ത്രിയ്ക്ക് നിവേദനം സമർപ്പിക്കുകയും ചെയ്തു. അതിനായി അദ്ദേഹം രാമണ്ണറേയും മറ്റ് എം പിമാരേയും കണ്ട് സംസാരിക്കുകയും ചെയ്തിരുന്നത്രെ.

പൊന്നാനിയുടെ പ്രതാപം തിരിച്ചു പിടിക്കുന്ന കാര്യത്തിനായി ഡല്‍ഹിയില്‍ തങ്ങവേ 1995 ഏപ്രില്‍ 11 ന് അലംഘനീയമായ മരണം അദ്ദേഹത്തെ കീഴ്പ്പെടുത്തി - സ്വന്തം നാട്ടിനായി താൻ താലോലിച്ച അഭിമാന പദ്ധ്വതിക്ക് വേണ്ടിയുള്ള കർമവീഥിയിലെ ചാരിതാർഥ്യത്തോടെയുള്ള അന്ത്യം.

പ്രാചീന തുറമുഖ നഗരമെന്ന ഖ്യാതിയുള്ള പ്രൗഢമായ പൊന്നാനിയുടെ വീണ്ടെടുപ്പായിരുന്നു ഇമ്പിച്ചി ബാവ മസ്സിൽ താലോലിച്ചിരുന്ന സ്വപ്നം. പിന്നീട്, അദ്ദേഹത്തിന്റെ പിൻഗാമികളായ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി പാലോളി മുഹമ്മദ് കുട്ടി, മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറിയ വികസന  കാൽവെയ്പുകളിലൂടെ  പൊന്നാനി തുറമുഖത്ത് മത്സ്യബന്ധന ഹാര്‍ബര്‍ യാഥാർഥ്യമായപ്പോഴും ദേശത്തിന്റെ മനസ്സിൽ അവരുടെ ധീരനായ നേതാവ് ഇമ്പിച്ചിബാവയുടെ ധന്യസ്മരണകൾ തിരയടിക്കുകയായിരുന്നു.

പൊന്നാനിയുടെ സ്വപ്ന പദ്ധതികളിലൊന്നായ വാണിജ്യ തുറമുഖം ഇനിയും യാഥാർഥ്യമാവാത്തത് നിർമാണ കരാർ ഏറ്റെടുത്തിട്ടുള്ള കമ്പനിയുടെ അനാസ്ഥ മൂലമാണെന്നാണ് വിലയിരുത്തൽ. നിലവിലെ കരാർ കമ്പനിയായ മലബാർ പോർട്ടിനോട് അവരുടെ സാമ്പത്തിക ശേഷിയും വിശ്വാസ്യതയും തെളിയിക്കാൻ സർക്കാർ ആവശ്യപെട്ടിട്ടുണ്ട്.
ഇതിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. ഇത് ബോധ്യപ്പെടുന്ന മുറക്ക് നിലവിലെ കമ്പനിക്കുതന്നെ നിർമാണ ചുമതല നൽകുകയും മറിച്ചാണെങ്കിൽ പുതിയ ടെണ്ടർ ഇറക്കുകയും ചെയ്യും. എന്നാൽ, അന്നേരം ഉണ്ടായേക്കാവുന്ന നിയമ ക്രമ പ്രശ്നങ്ങൾ മൂലം പദ്ധ്വതി പിന്നെയും വൈകാനിട വരാതിരിക്കുകയും വേണം. വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ യോഗം ചേരുമെന്നും തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ചരിത്രസാക്ഷിയായ പൊന്നാനിയുടെ ഗതകാല ചരിത്രത്തെ പുതുതലമുറക്ക് പരിചയപ്പെടുത്താനായി പൊന്നാനി കടലോരത്ത് തുറമുഖ മ്യൂസിയം നിർമിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കവും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ പൊന്നാനിയിലെത്തി കടലോരത്തെ ചരിത്ര സ്മാരകങ്ങളുൾപ്പെടെയുള്ളവ സന്ദർശിച്ചു.

തുറമുഖ വകുപ്പിന്റെയും പുരാവസ്തു വകുപ്പിന്റെയും സഹകരണത്തോടെ യാഥാർഥ്യമാക്കുന്ന മ്യൂസിയം പൗരാണിക പൊന്നാനിയുടെ തനതായ അടയാളങ്ങൾ തലമുറകളിലേക്ക് കൈമാറുന്ന തരത്തിലായിരിക്കും ആവിഷ്കരിക്കുക. പദ്ധതി സംബന്ധിച്ച് പുരാവസ്തു - തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെയും സ്ഥലം എം എൽ എ പി നന്ദകുമാറിന്റെയും നേതൃത്വത്തിൽ നടപടികൾ അണിയറയിൽ നടക്കുകയാണ്.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൊന്നാനി ഫിഷിങ് ഹാർബറിൽ കടലിന്റെ മക്കൾക്കായി നിർമിച്ച ഭവന സമുച്ചയത്തിന്റെ താക്കോൽദാനം നടന്നു. ഹാർബറിലെ രണ്ട് ഏക്കർ സ്ഥലത്ത് നിർമിച്ച മുന്നൂറിലേറെ വീടുകളുടെയും അത്രതന്നെ ഫ്ലാറ്റുകളുടെയും താക്കോലാണ് മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് കൈമാറിയത്. പുനർഗേഹം പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ 13 ഭവനങ്ങളുടെ താക്കോൽദാനവും നടന്നു.

ഇനിയും 100 വീടുകൾ കൂടി നിർമിക്കുന്നതിന് പദ്ധതി തയാറായിട്ടുണ്ട്. തീരദേശത്ത് കടലാക്രമണ ഭീഷണിയിൽ കഴിയുന്ന 225 കുടുംബങ്ങളെ കൂടി പുനരധിവസിപ്പിക്കുന്ന പദ്ധതി ഉടൻ തയാറാക്കുമെന്ന് പി നന്ദകുമാർ എം എൽ എ അറിയിച്ചു. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, സ്ഥിരസമിതി അധ്യക്ഷൻ ഒ ഒ ഷംസു എന്നിവരും പരിപാടികളിൽ സംബന്ധിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത താക്കോൽദാന പരിപാടി പാവങ്ങളിൽ ഉണ്ടാക്കിയ സുരക്ഷാ ബോധം തെല്ലൊന്നുമല്ല. പൊന്നാനിയുടെ ചരിത്രത്തിൽ തന്നെ ഇത്തരമൊന്ന് ഇതാദ്യമാണ്.

പൊന്നാനിയ്ക്കും തുറമുഖം ഉൾപ്പെടയുള്ള അവിടുത്തെ വികസനങ്ങൾക്കും വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച പൊന്നാനി സുൽത്താന്റെ ജീവിതം അവസാനിച്ചതും അക്കാര്യത്തിനായുള്ള ശ്രമങ്ങൾക്കിടെയാണെന്നത് അദ്ദേഹത്തിന്റെ ഇക്കാര്യത്തിലുള്ള ആത്മാർത്ഥതയെ അനശ്വരമാക്കിയതായി സഖാവിനെ പിതൃതുല്യം സ്നേഹിക്കുന്ന പൊന്നാനിയിലെ പൗരപ്രമുഖനും സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവുമായ ഉസ്താദ് കെ എം മുഹമ്മദ് ഖാസിം കോയ വിവരിച്ചു.

പൊന്നാനിയുടെ വികസനത്തിലും പ്രത്യേകിച്ച് പാവങ്ങൾക്കും സാധാരണക്കാർക്കും ഗുണദായകമായ പദ്ധ്വതികൾ ആവിഷ്കരിക്കുകയും അത് നടപ്പാക്കുകയും ചെയ്യുന്ന കാര്യത്തിൽ സഖാവ് ഇ കെ യുടെ കാൽവെപ്പുകൾ സംബന്ധിച്ച് വിവരിച്ചപ്പോൾ ഉസ്താദ് ഖാസിം കോയ വാചാലനായി. പൊന്നാനിയിലെ വിദ്യാഭ്യാസ, ഗതാഗത, മൽസ്യബന്ധന മേഖലകളിൽ അദ്ദേഹത്തിന്റെ താല്പര്യം കാലത്തിന് മായ്ച്ചു കളയാൻ കഴിയാത്ത വിധം ലബ്ധ പ്രതിഷ്ട നേടിയവയാണെന്ന് ഉസ്താദ് പറഞ്ഞു.

മേഖലയിൽ വിദ്യാഭ്യാസ പുരോഗതിക്കും, ഗതാഗത വികസനത്തിനും വഴിതുറന്നതും അദ്ദേഹം തന്നെ. പൊന്നാനി എം ഇ എസ് കോളജിന്റെ ആദ്യകാല പ്രവര്‍ത്തനങ്ങളുടെ ഊര്‍ജവും, കോളജിന്റെ വൈസ്പ്രസിഡണ്ടുമായിരുന്നു അദ്ദേഹം. കോളജിന് ആവശ്യമായ സ്ഥലം കണ്ടെത്തുക എന്നതായിരുന്നു നേതാക്കള്‍ക്ക് മുമ്പിലുള്ള പ്രധാന വെല്ലുവിളി.

പൊന്നാനി കടപ്പുറത്ത് സര്‍ക്കാര്‍ വക സ്ഥലമുണ്ട്. അതില്‍ നിന്ന് കോളജിന് ആവശ്യമായ സ്ഥലം റവന്യൂ മന്ത്രി ഗൗരിയമ്മയില്‍ സമ്മര്‍ദം ചെലുത്തി ഇമ്പിച്ചിബാവ നൂറു വര്‍ഷത്തെ പാട്ടത്തിന് കോളജിന് അനുവദിപ്പിക്കുകയായിരുന്നു. ഇന്ന് ആ കോളേജ് പൊന്നാനിയ്ക്കും പരിസര ദേശങ്ങൾക്കും നൽകുന്ന പുരോഗതി വർണകൾക്കപ്പുറത്താണ്.

1967 ൽ സംസ്ഥാന ഗതാഗതമന്ത്രിയായ അദ്ദേഹമാണ് മലബാറില്‍ കെ എസ് ആർ ടി സി യ്ക്ക് വഴിയൊരുക്കുകയും അതുവഴി വികസന വീഥി കൂടുതൽ വിസ്തൃതവുമാക്കിയത്. പൊന്നാനിയില്‍ കെ.എസ്.ആര്‍.ടിസി ബസ് സ്റ്റേഷന്‍ സ്ഥാപിച്ചതും എടപ്പാള്‍ വഴി പോകുന്ന എല്ലാ ബസ്സുകളും പൊന്നാനി വന്ന് പോകണമെന്ന് ഉത്തരവിട്ടതും എടപ്പാളില്‍ റീജ്യണല്‍ വര്‍ക്ക് ഷോപ്പ് സ്ഥാപിച്ചതും ഇമ്പിച്ചിബാവയാണ്. മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയായി തിളങ്ങിയ ഇമ്പിച്ചി ബാവയാണ് കെ എസ് ആർ ടി സിയെ മലബാർ മേഖലയിൽ ജനകീയമാക്കിയത്.

സ്വന്തം തട്ടകമായ പൊന്നാനിയുടെ വികസനം എന്നത് കടന്ന് മൊത്തം മലബാറിന്റെ വികസനത്തിലും മായ്ച്ചു കളയാനാവാത്ത മുദ്ര പതിപ്പിച്ചാണ് ഇ കെ ഇമ്പിച്ചി ബാവ കടന്ന് പോയത്. കരിപ്പൂർ വിമാനത്താവളത്തിലും ഇമ്പിച്ചി ബാവായുടെ കയ്യൊപ്പ് കാണാം. കരിപ്പൂര്‍ വിമാനത്താവളത്തിന് ചിറകേകിയതും ഇമ്പിച്ചിബാവ തന്നെ. എതിര്‍പ്പുകള്‍ അവഗണിച്ച് എയര്‍പോര്‍ട്ടിന് ഭൂമി അക്വയര്‍ ചെയ്തത് അദ്ദേഹമാണ്.

പൊന്നാനിയെന്ന പൗരാണിക ദേശം വികസനസ്വപ്നങ്ങൾ ഒന്നൊന്നായി സാക്ഷാത്കൃതമായി കൊണ്ടിരിക്കുമ്പോൾ അതിനായി പുരുഷായുസ്സ് നീക്കിവെക്കുകയും അതിന്റെ മാർഗത്തിലായി കൊണ്ട് മരിക്കുകയും ചെയ്ത നാടിന്റെ പ്രിയപുത്രനെയോർത്ത്, വീരചരിത വികസനോപാസകനെ ഓർത്ത് പൊന്നാനി കൈകൂപ്പുകയാണ്. ചങ്കുറപ്പോടെ, ചെങ്കൊടിയേന്തിയ നാടിന്റെ സുൽത്താൻ സഖാവ് ഇ കെ ഇമ്പിച്ചി ബാവയുടെ വീരസ്മരണകൾ ജനതയുടെ സ്മൃതിപഥങ്ങളിൽ തിരതല്ലുകയാണ്, പാറിപ്പറക്കുകയാണ്.

Advertisment