നവീകരിച്ച നെടുങ്കണ്ടം മത്സ്യഭവന്റെ ഉദ്ഘാടനം ഇന്ന്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

നവീകരിച്ച നെടുങ്കണ്ടം മത്സ്യഭവന്റെ ഉദ്ഘാടനം ജൂൺ 6, രാവിലെ 11 മണിക്ക് എം.എം. മണി എംഎൽഎ നിർവഹിക്കും. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന വിജയൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തും.

ഉദ്ഘാടന സമ്മേളനത്തെ തുടർന്ന് സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. 2014-ലെ മത്സ്യവിത്ത് നിയമം എന്ന വിഷയത്തിൽ എച്ച്. സലീം ( ഫിഷറീസ് ജോയിന്റ് ഡയറക്ടർ & മെമ്പർ സെക്രട്ടറി, സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം) ഫിഷറീസ് വകുപ്പ് ജില്ലയിൽ നടപ്പാക്കുന്ന പദ്ധതികൾ എന്ന വിഷയത്തിൽ ഡോ. ജോയ്സ് എബ്രാഹമും സെമിനാർ അവതരിപ്പിക്കും.

ഇടുക്കി ജില്ലയിലെ ഉൾനാടൻ മത്സ്യകൃഷി സാധ്യതകൾ പൂർണ്ണമായി ഉപയോഗപ്പെടുത്തുന്നതിനും ഡാമുകളിലും മറ്റു ജലാശയങ്ങളിലും മത്സ്യബന്ധനം നടത്തി ഉപജീവനം കഴിക്കുന്ന ഉൾനാടൻ മത്സ്വത്തൊഴിലാളികളുടെ ക്ഷേമത്തിനായി ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കിവരുന്ന പദ്ധതികൾ കൂടുതൽ കാര്യക്ഷമതയോടെ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഇടുക്കി മത്സ്യഭവൻ, നെടുങ്കണ്ടം മത്സ്യഭവൻ എന്നിങ്ങനെ രണ്ട് മത്സ്യഭവനുകളാണ് ജില്ലയിൽ പ്രവർത്തിച്ചു വരുന്നത്. ഇതിൽ തൊടുപുഴ, ഇടുക്കി താലൂക്കുകൾ പ്രവർത്തന പരിധിയായുള്ള ഇടുക്കി മൽസ്യ ഭവൻ നിലവിൽ പ്രവർത്തിച്ച് വരുന്നത് പൈനാവിലെ ജില്ലാ ഫിഷറീസ് സമുച്ചയത്തിൽ നിന്നുമാണ്.

ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകൾ പ്രവർത്തന പരിധിയായുള്ള നെടുങ്കണ്ടം മത്സ്യഭവന്റെ പ്രവർത്തനത്തിനായി നെടുങ്കണ്ടം ടൗണിലെ താലൂക്ക് ഓഫീസ് കെട്ടിടം 2020 ഒക്ടോബർ മുതൽ അനുവദിക്കുകയും സർക്കാരിൽ നിന്നു ലഭിച്ച 8.5 ലക്ഷം രൂപ ചെലവഴിച്ച് പ്രസ്തുത കെട്ടിടം പൊതുമരാമത്ത് വകുപ്പ് നവീകരിച്ച് 2022 ഫെബ്രുവരിയിൽ ഫിഷറീസ് വകുപ്പിന് കൈമാറുകയും ചെയ്തു. നെടുങ്കണ്ടം മത്സ്യഭവൻ പൂർണ്ണമായി പ്രവർത്തന സജ്ജമാകുന്നതോടെ ഉടുമ്പൻചോല, പീരുമേട്, ദേവികുളം താലൂക്കുകളിൽ അധിവസിക്കുന്ന ജനങ്ങൾക്ക് ഫിഷറീസ് വകുപ്പിന്റെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമാവുന്നു.

കോവിഡ്-19 മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തപ്പെടുന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം വി.എൻ. മോഹനൻ, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. കുഞ്ഞ്, വൈസ് പ്രസിഡന്റ് റാണി തോമസ്, നെടുംകണ്ടം ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അജീഷ് മുതുകുന്നേൽ, ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സജികുമാർ, പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. മോഹനൻ, കരുണാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്‌ അംഗം വിജയകുമാരി എസ്. ബാബു, ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ ബിന്ദു സഹദേവൻ, സുരേഷ് പള്ളിയാടിയിൽ,വിജിമോൾ വിജയൻ, ഫിഷറീസ് മദ്ധ്യമേഖല ജോയ്ന്റ് ഡയറക്ടർ സാജു എം.എസ്. മറ്റ് ജനപ്രതിനിധികളും, പൗരപ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.

Advertisment