ചക്കാമ്പുഴ: റബ്ബർ ഷീറ്റുകളുടെയും ഒട്ടുപാലിന്റെയും മണമുള്ള കോട്ടയം ജില്ലയിലെ പാലാ പ്രദേശം. തട്ടുതട്ടായ ഭൂമിയ്ക്കുമുകളിൽ മീനച്ചിൽ താലൂക്കിലെ ഓരോ മലയോര കർഷകനും ഒരുകാലത്ത് റബ്ബറിൽ നിന്നും പൊന്നുവിളയിച്ചെടുത്തിരുന്നു. മണ്ണിൽ പണിയെടുത്ത് എല്ലാ കാർഷിക വിളകളും സമൃദ്ധമായി കൃഷിചെയ്യാൻ മനസ്സുള്ള അധ്വാനികളായ ഇവിടത്തെ പഴയ തലമുറയ്ക്ക് അതിനുള്ള കെല്പ് നൽകിയത് വയർ നിറച്ചു അവർ കഴിച്ച പോഷകമൂല്യമുള്ള ചക്ക തന്നെ.
കുറഞ്ഞ കലോറിയും കാർബോഹൈഡ്രേറ്റും നിറഞ്ഞ ചക്ക സുലഭമായി ലഭിയ്ക്കുന്നയിടങ്ങളാണ് പാലായും പരിസരങ്ങളും. പത്തു സെന്റു ഭൂമിയിൽ പത്തു പ്ലാവില്ലാത്ത ഒരു പാലാക്കാരനും ഉണ്ടാകില്ല എന്നു പണ്ട് പറയാറുണ്ട്. സീസണായാൽ ദൈനംദിന ഭക്ഷണക്രമത്തിൽ ഇവർക്ക് ചക്ക ഒരു പ്രധാന വിഭവമാണ്. പാലാക്കാർ വച്ചുണ്ടാക്കുന്ന ചക്കപ്പുഴുക്കിന്റെ സ്വാദ് ഒന്നുവേറെ തന്നെ. പറഞ്ഞുവരുന്നത് പാലാക്കാരുടെ ചക്കപ്പുഴുക്കിന്റെ മഹാത്മ്യത്തെക്കുറിച്ചല്ല. ചക്കയുണ്ടാകുന്ന പ്ലാവിനെക്കുറിച്ചും അത്യപൂർവ്വങ്ങളായ പ്ലാവിൻശേഖരമുള്ള പാലാക്കാരനായ ഒരു പ്ലാവ് നഴ്‌സറിയുടമയെക്കുറിച്ചുമാണ്.
പുരയിടങ്ങളിൽ നിന്ന് അപ്രത്യക്ഷമായ പ്ലാവിനങ്ങൾ പാലാ രാമപുരത്തിനു സമീപം ചക്കാമ്പുഴ കട്ടക്കയം തോമസിന്റെ നഴ്‌സറിയിലുണ്ട്. സസ്യശാസ്ത്രജ്ഞന്മാർ ഇദ്ദേഹത്തിന്റെ നഴ്‌സറിയെ കാണുന്നത് പ്ലാവുകളുടെ ഒരു ജീൻ ബാങ്കായിട്ടാണ്. അഞ്ചേക്കർ സ്ഥലത്ത് 293 തരം പ്ലാവിനങ്ങളാണ് കട്ടക്കയം തോമസ് ചേട്ടൻ നട്ടുവളർത്തിയെടുത്തിരിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും കണ്ടെത്തിയവ ബഡ്ഡ് ചെയ്തെടുത്ത് തൈകളായി പരിപാലിക്കുകായണിവിടെ.
ചക്കയുടെ നന്മകൾ ലോകമെങ്ങും അംഗീകരിക്കപ്പെടാൻ തുടങ്ങിയതോടെ തന്റെ പ്രിയപ്പെട്ട പ്ലാവിനങ്ങളെ തിരിച്ചുപിടിയ്ക്കാനുള്ള അവസരമാക്കി തോമസ് മാറ്റുകയായിരുന്നു. അയലത്തു തുടങ്ങിയ ആ അന്വേഷണം അയൽസംസ്ഥാനങ്ങളിലേക്കു നീണ്ടപ്പോൾ ഏഴരയേക്കർ പുരയിടത്തിലെ ഒഴിവുള്ള ഇടങ്ങളിലെല്ലാം പ്ലാവുകൾ വളർന്നു തുടങ്ങി. പുരയിടത്തിൽതന്നെ അവശേഷിച്ചിരുന്ന ഏഴിനങ്ങളിൽനിന്ന് ഈ ശേഖരം 150 ഇനങ്ങളിലേക്കു വളർന്നുകഴിഞ്ഞു.
പ്ലാവിന്റെ ഏറ്റവും മികച്ച ജനിതക ശേഖരമായി ഇതു മാറുന്നതിനു പിന്നിൽ മൂന്നു വർഷത്തെ നിരന്തരമായ അന്വേഷണവും യാത്രയും പണച്ചെലവും മാത്രമല്ല സന്മനസ്സുള്ള ഒട്ടേറെപ്പേരുടെ പ്രോത്സാഹനവുമുണ്ടെന്ന് തോമസ് സാക്ഷ്യപ്പെടുത്തുന്നു. ആവശ്യക്കാരുടെ താത്പര്യമനുസരിച്ച് ഇവയുടെ ബഡ്ഡ് തൈകൾ യഥേഷ്ടം ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളിലാണിപ്പോൾ ഈ 77 കാരൻ. റബർ നഴ്സറി നടത്തിയുള്ള മുൻപരിചയമാണ് ഇക്കാര്യത്തിൽ ഇദ്ദേഹത്തിന്റെ മുതൽക്കൂട്ട്. കിട്ടുന്ന ഇനങ്ങളെല്ലാം നട്ടുവളർത്തിയല്ല തോമസ് ഇത്രയും വലിയ പ്ലാവിൻശേഖരമുണ്ടാക്കിയത്.
ഓരോ ഇനത്തിന്റെയും ഫലങ്ങൾ പച്ചയായും പഴുപ്പിച്ചും രുചിച്ചുനോക്കിയശേഷം മാത്രമാണ് തന്റെ ശേഖരത്തിൽ ഉൾപ്പെടുത്തണമോയെന്ന് ഇദ്ദേഹം തീരുമാനിക്കുക. സവിശേഷതകളുള്ള പ്ലാവുകൾ കണ്ടെത്തിയാൽ അവയുടെ മൂത്ത ചക്ക വീട്ടിലെത്തിക്കുകയാണ് ആദ്യം ചെയ്യുക. പകുതി പച്ചയായും ബാക്കി പഴുപ്പിച്ചും കഴിക്കും. സവിശേഷമെന്നു തോന്നിയാൽ മാത്രം അവയുടെ ബഡ്ഡു തൈകളുണ്ടാക്കും – തോമസ് പറഞ്ഞു. വിവിധ സ്ഥലങ്ങളിൽനിന്നു കിട്ടിയ ഇനങ്ങളുടെ ബഡ്ഡ് തൈകൾ നടാനായി റബർമരങ്ങൾ വെട്ടിമാറ്റി ഒന്നരയേക്കർ സ്ഥലം നീക്കിവച്ചിട്ടുണ്ട്.
ഇവിടം ഏറക്കുറെ നിറഞ്ഞ സാഹചര്യത്തിൽ പുരയിടത്തിൽതന്നെ കൂടുതൽ സ്ഥലം കണ്ടെത്താനുള്ള പരിശ്രമത്തിലാണിപ്പോൾ. തന്റെ ശേഖരത്തിലുള്ള ഓരോ ഇനത്തിന്റെയും സവിശേഷതകളും കണ്ടെത്തിയ സ്ഥലവും ഇദ്ദേഹം കൃത്യമായി രേഖപ്പെടുത്തി സൂക്ഷിച്ചിട്ടുണ്ട്. ഇവയുടെയെല്ലാം ബഡ് തൈകൾ കൂടുതലായി ഉത്പാദിപ്പിക്കുന്നുമുണ്ട്. പ്ലാവിൻതൈകൾ തേടിയെത്തുന്നവർക്ക് വിതരണം ചെയ്യുന്നതിനാണിത്. ചക്കാമ്പുഴയിലെ കൃഷിയിടം അക്ഷരാർത്ഥത്തിൽ ഒരു 'ജാക്‌ഫ്രൂട്ട് പാരഡൈസ്' തന്നെയെന്ന് പറയാം.
വർഷത്തിൽ ദിവസവും പ്ലാവിൽ നിന്നും ചക്കയിടാൻ കഴിയുന്ന ചക്കത്തോട്ടത്തിന്റെ ഈ ഉടമയെ തേടി ഒരു ലോക റെക്കോർഡ് കഴിഞ്ഞ ദിവസമെത്തി. ലോകത്തിൽ ഏറ്റവും കൂടുതൽ പ്ലാവിനങ്ങൾ കൃഷി ചെയ്തതിനുള്ള റെക്കോർഡാണ് തോമസ് ചേട്ടൻ കരസ്ഥമാക്കിയത്. കൊൽക്കത്ത ആസ്ഥാനമായുള്ള യൂണിവേഴ്സൽ റെക്കോർഡ് ഫോറം ഇദ്ദേഹത്തിന് 'യു. ആർ.എഫ്. വേൾഡ് റെക്കോർഡ്' നൽകിയാണ് ആദരിച്ചത്.
മാർച്ച് 5ന് കൊൽക്കത്ത മാരിയട്ട് ഹോട്ടലിൽ വച്ച് നടന്ന വേൾഡ് ടാലന്റ് ഫെസ്റ്റിവലിൽ പ്രശസ്ത ബംഗാളി സിനിമാതാരം ജോയി ബാനർജി തോമസ് കട്ടക്കയത്തിന് റെക്കോർഡ് സമ്മാനിച്ചു. തോമസിന്റെ കൃഷിയിടം യു. ആർ. എഫ്. അന്താരാഷ്ട്ര ജൂറി, ഗിന്നസ് സുനിൽ ജോസഫും ഏഷ്യൻ ജൂറി ഡോ. ജോൺസൺ ഇടിക്കുളയും സന്ദർശിച്ച് സ്ഥിരീകരിച്ച് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റെക്കോർഡിനായി പരിഗണിച്ചത്.
കൂടാതെ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെയും വിവിധ കാർഷിക വിദഗ്ദരുടെയും അഭിപ്രായങ്ങളും ലേഖനങ്ങളും ഇതിനായി പരിഗണിക്കപ്പെടുകയുണ്ടായി. ലോക റെക്കോർഡിനൊപ്പം ഏറ്റവും നല്ല പ്ലാവ് കർഷകനുള്ള അവാർഡും ഇദ്ദേഹത്തിന് വെസ്റ്റ് ബംഗാൾ മുൻ കായിക മന്ത്രിയും എം. എൽ. എ. യുമായ മദൻ മിത്ര സമ്മാനിച്ചു. പരേതയായ അന്നക്കുട്ടിയാണ് തോമസിന്റ ഭാര്യ. ആൻസി, റീന, മിനി, മനോജ്, അനുപമ എന്നിവരാണ് മക്കൾ.