/sathyam/media/post_attachments/zpeNUKxhhx6dPNPsJzcQ.png)
ഓണക്കാലം മലയാളികളെ ഓര്‍മ്മപ്പെടുത്തുന്ന ഒരുപാട് പാട്ടുകള്‍ ഉണ്ട്. ഓരോ പാട്ടും പലരുടെയും ജീവിതത്തിലെ ഓരോരോ കാലങ്ങളെ ഓര്‍മിപ്പിക്കാറുണ്ട്. എപ്പോള്‍ കേട്ടാലും ഏറ്റവും ഗൃഹാതുരത്വം മനസില്‍ നിറയ്ക്കുന്ന ഒരുപിടി നല്ല ഓണപ്പാട്ടുകള്‍ മലയാള സിനിമ സമ്മാനിച്ചിട്ടുണ്ട്. ഓണപ്പൂക്കളേയും ഓണ സദ്യയേയും മാവേലി തമ്പുരാനേയും തുമ്പി തുള്ളലിനേയുമൊക്കെ വര്‍ണ്ണിച്ചുകൊണ്ടുള്ള ഒട്ടനവധി ഗാനങ്ങള്‍.
തിരുവോണ പുലരി തന്‍ തിരുമുല്‍ക്കാഴ്ച വാങ്ങാന്‍ തിരുമുറ്റമണിഞ്ഞൊരുങ്ങി..
1975 ല്‍ പുറത്തിറങ്ങിയ 'തിരുവോണം'എന്ന ചിത്രത്തിലെ ഗാനം .വാണി ജയറാം ആണ് പാടിയിരിക്കുന്നത്. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ പ്രേം നസീര്‍, ശാരദ, കമല്‍ ഹാസന്‍ എന്നിവര്‍ അഭിനയിച്ചിട്ടുണ്ട്.
പൂവിളി പൂവിളി പൊന്നോണമായി...
ഈ പാട്ട് ഇല്ലാതെ എന്ത് ഓണം എന്ന് പറയുന്നതാവും നല്ലത്, കാരണം 1978 ൽ പുറത്തിറങ്ങിയ ‘വിഷുക്കണി’ എന്ന ചിത്രത്തിലെ ഈ ഗാനം ഇന്നും ഏവരുടേയും പ്രിയപ്പെട്ട ഗാനമാണ്. പ്രേംനസീറും വിധുബാലയുമാണു ഗാനരംഗത്തിൽ അഭിനയിച്ചിരുന്നത്. യേശുദാസ് പാടിയ ഗാനം രചിച്ചത് ശ്രീകുമാരൻ തമ്പിയും സംഗീതം നൽകിയത് സലിൽ ചൗധരിയുമാണ്.
മാവേലി നാടുവാണീടും കാലം...
മലയാളിയെ ഓണാവേശത്തിലാക്കുന്ന പാട്ട്. കാലങ്ങളായി മലയാളിയുടെ ചുണ്ടില്‍ ഉയരുന്ന ഈ ഗാനം 1983 ല്‍ പുറത്തിറങ്ങിയ 'മഹാബലി' എന്ന ചിത്രത്തിലേതാണ്. മഹാബലിയുടെ ചരിത്രം മലയാളികള്‍ മനസ്സിലാക്കിയ പാട്ട്.
ഓണപ്പാട്ടില്‍ താളം തുള്ളും...
ഓണക്കാലമായാല്‍ ഈ ഗാനമാണെങ്ങും. പാട്ടുകളിലൂടെ ഓണത്തെ ആഘോഷിക്കുന്നവരാണ് മലയാളികള്‍. തലമുറ ഭേദമെന്യേ ഏവരുടേയും ഹൃദയം കീഴടക്കിയ ഓണപ്പാട്ടാണിത്. 2004 ല്‍ പുറത്തിറങ്ങിയ 'ക്വട്ടേഷന്‍' എന്ന ചിത്രത്തിലെ ഗാനമാണിത്. സിനിമ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഓണത്തുമ്പീ പാടൂ...
1997ൽ പുറത്തിറങ്ങിയ ‘സൂപ്പർമാൻ’ എന്ന സിനിമയിലെ മനോഹരമായ ഓണപ്പാട്ട്. എസ്. രമേശൻ നായരുടെ വരികൾക്ക് എസ്. പി. വെങ്കിടേഷ് ഈണം നൽകി യേശുദാസ് പാടിയ ഗാനം ഓണപ്പാട്ടുകളുടെ ഗണത്തിൽ മുന്നിലുള്ളയൊന്നാണ്.
തിരുവാവണിരാവ്...
'ജേക്കബിന്റെ സ്വര്‍ഗരാജ്യം' എന്ന സിനിമയിലേതാണ് മലയാളികള്‍ നെഞ്ചേറ്റിയ ഈ ഗാനം. ഓണം ഗൃഹാതുരത ഉണര്‍ത്തുന്ന ഗാനം ഉണ്ണി മേനോനും സിത്താരയും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us