പാലക്കാട്: മണ്ണാര്‍ക്കാട് ഹോട്ടലിന് തീപ്പിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ ഹോട്ടലിനെതിരെ അഗ്നിശമന സേന. മതിയായ സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ഹോട്ടല്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും ഹോട്ടലിന് ഫയര്‍ എന്‍ഒസി നല്‍കിയിട്ടില്ലെന്നും അഗ്നിശമന സേന വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലിന് തീപിടിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചിരുന്നു. ഹോട്ടല്‍ ഉള്‍പ്പെടുന്നത് ഫയര്‍ എന്‍ഒസി വേണ്ട കെട്ടിടങ്ങളുടെ ഗണത്തില്‍ ആണ്, എന്നാല്‍ ഈ ഹോട്ടലിന് അഗ്നിശമന സേന എന്‍ ഒ സി നല്‍കിയിട്ടില്ല.
കെട്ടിടത്തിന് മുകളില്‍ 20000 ലിറ്റര്‍ വരെ സംഭരണശേഷിയുള്ള സിമിന്‍റില്‍ വാര്‍ത്ത ജലസംഭരണി വേണം, എന്നാല്‍ ഹോട്ടലിലുണ്ടായിരുന്നത് സിന്തറ്റിക് ജലസംഭരണിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കെട്ടിത്തില്‍ ഫയര്‍ ഇന്‍ലെറ്റും ഔട്ട് ലെറ്റും ഇല്ലെന്നും ഭാഗിക പ്രതിരോധ സംവിധാനം മാത്രമെന്നും അഗ്നിശമന സേന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഹില്‍വ്യൂ ടവറിന്റെ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന മസാനി എന്ന റസ്റ്റോറന്റില്‍ നിന്നാണ് തീ പടര്‍ന്നത്. തീപിടുത്തം അറിയിച്ചിട്ടും ഫയര്‍ഫോഴ്‌സ് എത്താന്‍ വൈകി എന്ന് നഗരസഭാ ചെയര്‍മാനും ഹോട്ടലിന്റെ ഉടമകളിലൊരാളുമായ ഫായിദ ബഷീര്‍ ആരോപിച്ചിരുന്നു.