എഴുത്തുകാരന് മുന്നേ പ്രഭാഷകനായി മാറിയ അഴീക്കോട്; സുകുമാര്‍ അഴീക്കോടിന്റെ ഓർമകൾക്ക് പത്ത് വയസ്

author-image
admin
New Update

publive-image

Advertisment

സുകുമാര്‍ അഴീക്കോട് വിടവാങ്ങിയിട്ട് പത്ത് വര്‍ഷം. 2012 ജനുവരി 25 ബുധനാഴ്ച കണ്ണൂര്‍ ജില്ലയിലെ പയ്യാമ്പലത്ത് തണുത്തുമരവിച്ച സാഗരനീലിമയുടെ അനശ്വര തീരത്ത് ജ്വലിക്കുന്ന സായാഹ്ന സൂര്യന്റെ അരുണിമയില്‍ ഒരു നൂറായിരം പ്രിയപ്പെട്ടവരെ ശോക കയത്തിലാക്കി മലയാളത്തിലെ ഒരു യുഗപ്രതിഭയുടെ ദേഹം അഗ്നിയുടെ വിശുദ്ധിയിലേക്ക് വിലയം പ്രാപിക്കുകയായിരുന്നു.

ആധുനിക നിരൂപണ സാമ്രാജ്യത്തിലെ കുലപതി, ദാര്‍ശ്ശനിക പ്രഭാഷണകലയുടെ ആചാര്യന്‍, പ്രതിഭാധനനായ സാമൂഹ്യ വിമര്‍ശകന്‍, അതീവ ധീഷണശാലിയായ അഭിവന്ദ്യ ഗുരു എന്നിങ്ങനെയെല്ലാമായ കര്‍മ്മമേഖലകളില്‍ ലബ്ധപ്രതിഷ്ഠനായിരുന്ന വാഗ്ദേവതയുടെ പുരുഷാവതാരം ഭൂമിമലയാളത്തിലെ തന്റെ അവതാര ദൗത്യങ്ങളെല്ലാം പൂര്‍ത്തിയാക്കി അനന്തവിഹായസുകള്‍ക്കപ്പുറം ഏതോ അജ്ഞാത ലോകത്തേക്കു പറന്നു പോയി.

സഹസ്രാബ്ദങ്ങള്‍ നീളുന്ന വരും തലമുറക്ക് ചരമഗീതം കുറിയ്ക്കപ്പെടാതെ മലയാള ഭാഷ നിലനില്‍ക്കുന്നിടത്തോളം കാലം സുവര്‍ണ്ണാക്ഷരക്കൂട്ടുകള്‍ കൊണ്ടുണ്ടാക്കിയ ആ വിസ്മയ സാഹിതീ നിര്‍മ്മിതികള്‍ ഒരു ഉത്തമ ബൗദ്ധിക ശേഷിപ്പുകളായി സ്മരണ സ്തംഭങ്ങള്‍ തീര്‍ത്ത് കൈരളിയുടെ ഹൃത്തടത്തില്‍ തലയെടുപ്പോടെ ഉയര്‍ന്നുനില്‍ക്കുമെന്നതില്‍ സംശയം വേണ്ട.

വാക്കായിരുന്നു സുകുമാര്‍ അഴീക്കോടിന് എല്ലാം. വാക്കിനെ ഇത്രമേല്‍ പ്രണയിച്ച മറ്റൊരു മലയാളി ഉണ്ടാകില്ല. കാന്തത്തോട് ഇരുമ്പുപൊടി പറ്റിപ്പിടിക്കുന്നതു പോലെയാണ് പ്രസംഗത്തോട് ഒട്ടിപ്പിടിച്ചതെന്ന് അഴീക്കോട് ആത്മകഥയിലെഴുതിയിട്ടുണ്ട്. പ്രഭാഷണം നന്നാകണമെങ്കില്‍ ശബ്ദഭാഷയും ശരീരഭാഷയും മാത്രം നന്നായാല്‍ പോര, ആത്മാവിന്റെ ഭാഷ കൂടി നന്നാകണമെന്ന് സുകുമാര്‍ അഴീക്കോട് പഠിച്ചത് ശ്രീനാരായണ ഗുരുദേവനില്‍ നിന്നാണ്.

ഒരു വേള ഒരു കടുത്ത സാമൂഹ്യവിമര്‍ശകനായി അഴീക്കോട് മാഷ് പലപ്പോഴും ഗര്‍ജ്ജിക്കുമായിരുന്നു. സമൂഹത്തിലെ ഉച്ഛനീചത്വങ്ങളേയും രാഷ്ട്രീയമൂല്യച്യുതിയേയും ജീര്‍ണ്ണ സംസ്ക്കാരത്തേയും നഖശിഖാന്തം എതിര്‍ക്കുമ്പോള്‍‍ തിരമാലകളേപ്പോലെ ഹൃദയത്തിലേക്ക് ആഞ്ഞടിച്ചിരുന്ന വാക്കുകളില്‍ ക്ഷോഭവും നര്‍മ്മവും പരിഹാസവും മുന്നറിയിപ്പുകളുമുണ്ടായിരുന്നു.

പോരാളിയുടെ രോക്ഷവും വൈജ്ഞാനികന്റെ ഗരിമയും ഗുരുവിന്റെ വിവേകവും ആ വികാരങ്ങളില്‍ തീവ്രശോഭയോടെ പ്രകാശിച്ചിരുന്നു. സമകാലിക കാപട്യങ്ങളെ കണക്കറ്റ് പരിഹസിക്കുമ്പോഴൊക്കെ വലിയൊരു പോരാളിയുടെ ഉജ്ജ്വലഭാവമായിരുന്നു അദ്ദേഹത്തിന്. അങ്ങനെയാണ് മുല്ലപ്പെരിയാര്‍ മുതല്‍ പ്ലാച്ചിമടവരെ പ്രശ്നങ്ങളില്‍ അഴീക്കോട് മാഷുടെ പേരുകള്‍‍ വന്നു പോകുന്നത്.

സാഹിത്യവും പ്രഭാഷണങ്ങളും വായനയും മാത്രമല്ല വേറെ ചില സ്വകാര്യ ഇഷ്ടങ്ങളും വിനോദങ്ങളും അഴീക്കോട് മാഷ്ക്കുണ്ടായിരുന്നു. അതിലൊന്നാണ് മത്സ്യസേവ. മൂത്തകുന്നം ഫെറിക്കു സമീപത്തുനിന്നും നല്ല പുഴമീന്‍ കിട്ടിയാല്‍ മാഷ്ക്ക് അത് അതീവ പ്രിയമായിരുന്നു.

അപസര്‍പ്പകനോവലുകളോടായിരുന്നു അടുത്ത താല്‍പ്പര്യം. സര്‍ ആര്‍തര്‍ കോനന്‍ ഡോയല്‍, എഡ്ഗാര്‍ വാലസ്, അഗതാ ക്രിസ്റ്റി, ദുര്‍ഖാപ്രസാദ് ഖത്രി എന്നിവയെല്ലാം ആ ഹൃദയത്തില്‍ ചിരപ്രതിഷ്ഠനേടിയ അപസര്‍പ്പക എഴുത്തുകാരാണ്. അടുത്തത് സംഗീതം. കര്‍ണാട്ടിക് സംഗീതം താല്പര്യമാണെങ്കിലും , മൃദംഗവാദനമാണ് കൂടുതല്‍ പ്രിയങ്കരം. അതില്‍ മണിഅയ്യരോടാണ് ഏറെ കമ്പം. പങ്കജ് മല്ലിക്, കെ. എല്‍. സൈഗാള്‍ എന്നിവരും അതീവ പ്രിയപ്പെട്ടവരാണ്. സൈഗാളിന്റെ ‘സോജാ രാജകുമാരി…’ എന്ന ഗാനമാണ് ഹൃദയഹാരിയായി സ്വാധീനിച്ചത്.

2012 ജനുവരി 25 ചൊവ്വാഴ്ച രാവിലെ 6.30. എഴുപതുകൊല്ലം നമ്മുടെ സാമൂഹിക ജീവിതത്തെ വാക്കുകള്‍കൊണ്ട് അളന്ന ആ അത്ഭുത വൈജ്ഞാനിക പ്രതിഭാസം അതിന്റെ ഉറവയിലേയ്ക്ക് എന്നെന്നേയ്ക്കുമായി മടങ്ങി. അലയടിച്ചുകൊണ്ടിരുന്ന മഹാ പ്രതിഭാസമുദ്രം പിന്‍വാങ്ങിയിരിക്കുന്നു.

നിത്യ നിശബ്ദതയുടെ അഗാധവിസ്മൃതിയിലേയ്ക്ക് വചനം മാംസം ധരിച്ച ആ കൃശഗാത്രന്‍ മെല്ലെ മടങ്ങി. അക്ഷര കൈരളി ഒരു നടുക്കത്തോടെ മൂകയായി. പ്രകൃതിപോലും ശ്വാസമടക്കി വിതുമ്പി. ഒരു യുഗത്തിന്റെ വികാര വിചാര ശീലങ്ങളെ പ്രചോദിപ്പിച്ച വഴികാണിച്ച അഭിവന്ദ്യപ്രവാചകഗുരുനാഥന് ഈ ലേഖകന്റെ അശ്രുപൂജകളോടെ പ്രണാമം. അക്ഷര രാജകുമാരാ…സോജാ… രാജകുമാരാ… സോജാ…സോജാ…രാജകുമാരാ…

Advertisment