വഖഫ് നിയമനങ്ങൾ മാത്രമല്ല, എല്ലാ സമുദായ സംഘടനകളും വ്യക്തികളും നടത്തുന്ന എയ്‌ഡഡ് വിദ്യാ ഭ്യാസ സ്ഥാപനങ്ങളിലെ മുഴുവൻ നിയമനങ്ങളും പി.എസ്.സി ക്ക് വിടാൻ സർക്കാർ ശക്തമായ നടപടി കൈക്കൊ ള്ളണം.
ലക്ഷക്കണക്കിന് രൂപ കോഴ വാങ്ങിയാണ് ഇവിടെല്ലാം നിയമനങ്ങൾ നടത്തുന്നത്. കോഴയും അഴിമതിയും, സ്വജനപക്ഷപാതവും നടക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്.ഇതിലെ പ്രധാന ശക്തികൾ ജാതി മത സംഘടനകൾ തന്നെയാണ്.
എയ്ഡഡ് വിദ്യാലയങ്ങളിലേക്കുള്ള നിയമനങ്ങളിൽ മെറിറ്റ് ഒരിക്കൽ പോലും മാനദണ്ഡമായി വരാറില്ല എന്നത് പകൽ പോലെ വ്യക്തമായ വസ്തുതയാണ്. എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനങ്ങളിൽ മടിശ്ശീലയുടെ കനം തന്നെയാണ് പ്രധാന മാനദണ്ഡം ‘ ഭീമമായ തുക സർക്കാർ ഖജനാവിൽ നിന്ന് നേരിട്ട് ശമ്പളം നൽകുമ്പോഴാണ് നിയമനം പൂർണ്ണമായും മാനേജർമാരുടെ കൈകളിൽ നിക്ഷിപ്തമായിരിക്കുന്നത് എന്നുള്ളത് പുനരാലോച നയ്ക്ക് വിധേയമാക്കേണ്ടതാണ്. അർഹതയുടെ മാനദണ്ഡം കോഴ തന്നെയാണെന്ന് ഇവിടെ സർക്കാർ പരസ്യമായി സമ്മതിക്കുക തന്നെയാണ് ചെയ്യുന്നത്.
വഖഫ് നിയമനങ്ങൾ പി എസ് സി ക്കുവിടാനുള്ള സർക്കാർ തീരുമാനം സമൂഹം സഹർഷം സ്വീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തതാണ്. എന്നാൽ അത് റദ്ദാക്കാനുള്ള നടപടി ഉണ്ടായിരിക്കുന്നത് ഞെട്ടലുളവാക്കുന്ന കാര്യമാണ്.ആരാണ് ഇതൊക്കെ തീരുമാനിക്കുന്നത് ? നടപ്പാക്കാനുള്ള ആർജ്ജവമില്ലെങ്കിൽ പിന്നെ എന്തിനാണ് ആ തീരുമാനം കൈക്കൊണ്ടത് ?
ആര് ഭരണത്തിൽ വന്നാലും വഖഫിലേക്കുള്ള നിയമനം ചിലരുടെ കൈകളിൽ തന്നെയായിരുന്നു. മതത്തിൻ്റെ പേരിലാണ് ഇവിടെ രഹസ്യമായി നിയമന വ്യാപാരം നടക്കുന്നത്, കോഴയും അഴിമതിയും, സ്വജനപക്ഷപാതവും നടക്കുന്നുണ്ടെന്നത് സർക്കാരിനുതന്നെ ബോധ്യമായതുകൊണ്ടാണ് നിയമനം പി എസ് സി വഴി നടത്താൻ തീരുമാനിച്ചത്.
നിയമനത്തിനായി ലക്ഷങ്ങൾ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപന മുതലാളിമാർ കോഴവാങ്ങുന്നു.അവർ ഒരു ജോലിയും ചെയ്യാതെ സമ്പന്നരാകുന്നു.സുഖജീവിതം നയിക്കുന്നു. ജനങ്ങളുടെ നികുതിപ്പണമെടുത്ത് നിയമിക്കപ്പെട്ടവർക്കു മാസാമാസം ഭരിച്ച ശമ്പളം സർക്കാർ നൽകുന്നു. മറ്റേതെങ്കിലും രാജ്യത്ത് ഈ അനീതി നടക്കുമോ? ഇവിടെ ഇതെന്താണ് വെള്ളരിക്കാ പട്ടണമോ ? വരും വർഷങ്ങളിൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള നിയമന വേക്കൻ സികളിലേക്ക് ഇപ്പോഴേ ലക്ഷങ്ങൾ അഡ്വാൻസ് വാങ്ങി ബുക്കിംഗ് നടത്തിരിക്കുകയാണ് പലരും.
ജാതിമത സംഘടനകളുടെ പ്രലോഭനങ്ങൾക്കും രാഷ്ട്രീയ സമ്മർദ്ദങ്ങൾക്കും പൂർണ്ണമായും വിധേയത്വം പുലർത്തിയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങളാണ് കേരളത്തിൽ നടന്നുവരുന്നത്.എല്ലാ കക്ഷികളുടെയും അവസ്ഥ ഇതുതന്നെയാണ്. കാതലായ ഈ വിഷയത്തിലെ ജനകീയ താൽപ്പര്യം കാണാൻ അവർക്ക് സമയമില്ല. സമുദായ നേതാക്കൾ പറയുന്നു, നേതാക്കൾ അക്ഷരം പ്രതി അനുസരിക്കുന്നു.പല രാഷ്ട്രീയ നേതാക്കൾക്കുമുണ്ട് എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ. അവിടെയും ഇതുതന്നെയാണ് നടക്കുന്നത്. എന്നിട്ടോ ഇവരൊക്കെ വായതുറന്നാൽ പൊതുജനത്തെ നിരന്തരം ഉദ്ധരിക്കാനുള്ള സന്ദേശങ്ങളാണ് പുറത്തേക്ക് വരുന്നത്.
തങ്ങളുടെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പി എസ് സി വഴി മാത്രമേ നിയമനം നടത്തുകയുള്ളുവെന്ന് ഏതെങ്കിലും രാഷ്ട്രീയ നേതാവ് പറഞ്ഞതായി കേട്ടിട്ടുണ്ടോ ? ഇല്ല. ഇവരൊക്കെ ചേർന്നാണ് ഇവിടെ നിയമങ്ങൾ ഉണ്ടാക്കുന്നതും അത് റദ്ദാക്കുന്നതുമൊക്കെ.
എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മാസവാടക ഏർപ്പെടുത്തി അത് മാത്രം ഉടമകൾക്ക് നൽകിക്കൊണ്ട് നിയമനങ്ങൾ പൂർണ്ണമായും പി എസ് സി വഴി സുതാര്യമായ രീതിയിൽ നടത്താൻ സർക്കാർ തയ്യാറാകണം.ഈ വിഷയത്തിൽ സമുദായനേതാക്കളുടെ ഉമ്മാക്കി കണ്ടു ഭയക്കാതെ കേരളത്തിൽ പൊതുജനങ്ങളിൽനിന്നും ഒരു റഫറണ്ടം അഥവാ അഭിപ്രായ സർവ്വേ നടത്താൻ സർക്കാർ തയ്യാറാകണം. അപ്പോഴറിയാം ജന്മനസ്സ് ആർക്കൊപ്പമെന്ന യാഥാർഥ്യം.ജനാഭിപ്രായം മാനിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്.
നിയമനങ്ങളുടെ പേരിൽ നടക്കുന്ന ഈ കച്ചവടം അതായത് ഏതാനും ചില വ്യക്തികളുടെ പോക്കറ്റിലേക്ക് പണമൊഴുകുന്ന ഈ ഏർപ്പാട് അവസാനിപ്പിച്ചേ മതിയാകൂ..അതിനുള്ള ആർജ്ജവം ഭരിക്കുന്നവർക്കു ണ്ടായെങ്കിൽ ?