/sathyam/media/post_attachments/bE5QG1TRxNJqi5KwO3Bc.jpg)
പാലക്കാട് : മിസ് കേരള ഫിറ്റ്നെസ് ആൻഡ് ഫാഷൻ മത്സരത്തിൽ ‘ഫോറസ്റ്റ് ഗോഡെസ്' എന്ന പുതിയ ടൈറ്റിൽ വിന്നറായിരിക്കുകയാണ് അട്ടപ്പാടിയിലെ പഴനി സ്വാമിയുടെ മകളും പാലക്കാട് ഗവ.മോയൻ സ്കൂളിലെ പ്ലസ്ടു വിദ്യാർഥിനിയുമായ ഈ ഗോത്രവർഗ്ഗക്കാരി.
തൃശൂർ കരുവന്തലയിലെ ബ്ലൂ സെറിൻ റിസോർട്ടിൽ മെയ് 25 മുതൽ അഞ്ച് ദിവസങ്ങളായി വിവിധ റൗണ്ടുകളിൽ നടന്ന മത്സരത്തിൽ 32 പേരാണ് പങ്കെടുത്തത്. ഇവർക്കിടയിലാണ് ആത്മവിശ്വാസത്തോടെ റാമ്പിൽ ചുവടു വെച്ച അനു അട്ടപ്പാടിക്ക് പുതിയ ചരിത്രം നേടികൊടുത്തത്.
കഴിഞ്ഞ ഡിസംബറിൽ 600ൽ അധികം പേർ പങ്കെടുത്ത ഓഡിഷനിൽ നിന്ന് അവസാന മത്സരങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അട്ടപ്പാടി ഷോളയൂർ പഞ്ചായത്തിലെ കോട്ടത്തറയ്ക്കടുത്തുള്ള ഇരുള ഗോത്രവിഭാഗക്കാരുടെ ഊരായ ചൊറിയന്നൂരിൽ നിന്നാണ് ഈ പതിനേഴുക്കാരി റാമ്പിൽ പങ്കെടുത്ത് അട്ടപ്പാടിക്കാരുടെ പ്രിയങ്കരിയായത്.
സംസ്ഥാനത്ത് ആദ്യമായാണ് ഗോത്ര വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി മുൻ നിരയിലെത്തുന്നത്.
മിസ് കേരള ഫിറ്റ്നസ് ആൻഡ് ഫാഷൻ എന്ന ടൈറ്റിലിന് പുറമെ ഫോറസ്റ്റ് ഗോഡെസ് എന്ന മറ്റൊരു ടൈറ്റിൽ കൂടി എഴുതി ചേർത്താണ് അനു പ്രശോഭിനി മടങ്ങിയത്.കൊച്ചിയിലെ അറോറ ഫിലിം കമ്പനിയാണ് മത്സരം സംഘടിപ്പിച്ചത്. സംവിധായകൻ പ്രിയനന്ദനൻ ഗോത്രഭാഷയിൽ നിർമ്മിക്കുന്ന ധബാരി കുരുവിയെന്ന സിനിമയിൽ പ്രധാനവേഷം ചെയ്തത് അനു പ്രശോഭിനിയാണ്.വനം വകുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ അച്ഛൻ പഴനി സ്വാമി നിരവധി സിനിമകളിലൂണ്ട്.