കേരളം

കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിലെ പാലിയേറ്റീവ് കെയര്‍ രോഗികള്‍ക്കായി മുത്തൂറ്റ് ഫിനാന്‍സ് ആംബുലന്‍സ് നല്‍കി

ന്യൂസ് ബ്യൂറോ, കൊച്ചി
Friday, September 24, 2021

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ വായ്പ എന്‍ബിഎഫ്സിയായ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് കോര്‍പറേറ്റ് സാമൂഹിക ഉത്തരവാദിത്തത്തിന്‍റെ (സിഎസ്ആര്‍) ഭാഗമായി കടവന്ത്രയിലെ ഇന്ദ്രിരാ ഗാന്ധി കോ-ഓപറേറ്റീവ് ആശുപത്രിക്ക് (ഐജിസിഎച്ച്) ആംബുലന്‍സ് സംഭാവന ചെയ്തു.

പാലിയേറ്റീവ് കെയര്‍ രോഗികളുടെ യാത്രാ സൗകര്യവും ശുശ്രൂഷയും കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായിട്ടാണ് ഐജിസിഎച്ചിന് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ആംബുലന്‍സ് കൈമാറിയത്.

മുത്തൂറ്റ് ഫിനാന്‍സ് സിഎസ്ആര്‍ പദ്ധതികളുടെയും സംഭാവനകളുടെയും പ്രധാന ലക്ഷ്യം സമൂഹത്തിലെ അംഗങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുക എന്നതാണെന്നും ഇത്തരത്തിലുള്ള സിഎസ്ആര്‍ സംഭാവനകള്‍ വരും മാസങ്ങളില്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നും മുത്തൂറ്റ് ഫിനാന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജ് പറഞ്ഞു.

ഇന്ദിരാ ഗാന്ധി കോ-ഓപറേറ്റീവ് ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ് എം. ജോര്‍ജും, എറണാകുളം എംപി ഹൈബി ഈഡനും ചേര്‍ന്ന് ആംബുലന്‍സിന്‍റെ താക്കോലും, എറണാകുളം എംഎല്‍എ ടി. ജെ. വിനോദ് ആംബുലന്‍സിന്‍റെ ആര്‍സി ബുക്കും ഐജിസിഎച്ച് പ്രസിഡന്‍റ് എം. ഒ. ജോണിന് കൈമാറി.

പ്രശസ്ത അര്‍ബുദ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ ആംബുലന്‍സ് ഫ്ളാഗ്ഓഫ് ചെയ്തു. ഐജിസിഎച്ച് സെക്രട്ടറി അജയ് തറയില്‍, മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് സിഎസ്ആര്‍ മേധാവി ബാബു ജോണ്‍ മലയില്‍, കൊച്ചിന്‍ ഈസ്റ്റ് റോട്ടറി ക്ലബ് പ്രസിഡന്‍റ് കുരിയാക്കോസ് ആന്തോണി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

നിലവിലെ സിഎസ്ആര്‍ സംരംഭങ്ങളുടെ സഹായത്തോടെ അടുത്ത ഭാവിയില്‍ തന്നെ കൂടുതല്‍ ആളുകളിലേക്ക് മെഡിക്കല്‍ സഹായമെത്തിക്കാന്‍ മുത്തൂറ്റ് ഫിനാന്‍സ് ലക്ഷ്യമിടുന്നു.

×