/sathyam/media/post_attachments/T6CyuG0ORKFACNInV6hk.jpg)
ഉരുത്തിരിയുന്ന സാമ്പത്തിക സാഹചര്യങ്ങളോടുള്ള പ്രതികരണം എന്ന നിലയില്‍ റിസര്‍വ് ബാങ്ക് മെച്ചപ്പെട്ട നയ പ്രഖ്യാപനമാണു നടത്തിയിരിക്കുന്നതെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി.കെ വിജയകുമാര്‍ അഭിപ്രായപ്പെട്ടു.
വിലക്കയറ്റം നേരിടുന്നതിനേക്കാള്‍ മുന്‍ഗണന സാമ്പത്തിക വളര്‍ച്ചയ്ക്കാണെന്ന നിലപാടെടുത്ത ആര്‍ബിഐ ഉദാര പണനയം തുടരുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. 2022 സാമ്പത്തിക വര്‍ഷത്തേക്കുള്ള ഉപഭോക്തൃ വില സൂചികാ പണപ്പെരുപ്പ നിരക്ക് നേരത്തേ കണക്കാക്കിയിരുന്ന 5.7 ശതമാനത്തില്‍ നിന്ന് 5.3 ശതമാനമാക്കി കുറച്ചു എന്നതാണ് പ്രാധാന്യമര്‍ഹിക്കുന്ന ഒരു പ്രഖ്യാപനം.
ചുരുക്കിപ്പറഞ്ഞാല്‍ വരും നാളുകളില്‍ വിലക്കയറ്റം ഒരു ഭീഷണിയാവില്ല എന്നതാണ് കേന്ദ്ര ബാങ്കിന്റെ വിലയിരുത്തല്‍. 2022 സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ചാ നിരക്ക് 9.5 ശതമാനമായി നിലനിര്‍ത്തുമ്പോഴും വളര്‍ച്ചാ വീണ്ടെടുപ്പ് വ്യാപകമല്ലെന്നും തുടര്‍ച്ചയായ ഉദാരനയ പിന്തുണയോടെ മാത്രമേ വളര്‍ച്ചാ നിരക്ക് നിലനിര്‍ത്താന്‍ സാധ്യമാകൂ എന്നും റിസര്‍വ് ബാങ്ക് അഭിപ്രായപ്പെടുന്നു.
സമ്പദ് വ്യവസ്ഥയിലുള്ള അധിക പണം ഭാഗികമായി പിന്‍വലിക്കാന്‍ കേന്ദ്ര ബാങ്ക് ചില പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതിനോട് പ്രതികരിച്ച് 10 വര്‍ഷ ബോണ്ട് യീല്‍ഡ് 6.3 ശതമാനമായി ഉയര്‍ന്നു. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്ന നിലപാട് റിസര്‍വ് ബാങ്ക് തുടരുന്നത് ശ്ലാഘനീയമാണെന്ന് ഡോ. വി.കെ വിജയകുമാര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us