പ്ലസ് വൺ: ശാശ്വത പരിഹാരത്തിനാവശ്യമായ മലബാർ വിദ്യാഭ്യാസ പാക്കേജ് നടപ്പിലാക്കണം - ഫ്രറ്റേണിറ്റി മൂവ്മെന്റ്

New Update

publive-image

Advertisment

തിരുവനന്തപുരം: രൂക്ഷമായ പ്ലസ് വണ് സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ ആവശ്യമായ സമഗ്രമായ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. എസ് എസ് എൽ സി ഫലം പുറത്തുവന്ന ഉടൻ മുൻ വർഷങ്ങളേക്കാൾ രൂക്ഷമാകുന്ന പ്ലസ് വൺ സീറ്റ് പ്രതിസന്ധിയെ കുറിച്ച് വിദ്യാർത്ഥി സംഘടനകളും രക്ഷിതാക്കളും മുന്നറിയിപ്പ് നൽകിയിട്ടും ധാർഷ്ട്യത്തോടെ മുന്നോട്ടു പോയ സർക്കാരാണ് ഹയർ സെക്കൻഡറി മേഖലയിലെ രൂക്ഷമായ വിദ്യാഭ്യാസ പ്രതിസന്ധിക്ക് ഉത്തരവാദി.

രണ്ടാം അലോട്മെൻ്റ് പൂർത്തിയായപ്പോൾ അപേക്ഷിച്ചവരിൽ 115734 പേർ ഇപ്പോഴും പുറത്തെന്ന് വിദ്യാഭ്യാസ വകുപ്പിൻ്റെ കണക്ക്. 37545 സീറ്റാണ് ഇനി ബാക്കിയുള്ളത്. പുറത്ത് നിൽക്കുന്നവരിൽ 27121 പേർ മലപ്പുറം ജില്ലയിലാണ്. 75000 സീറ്റുകളെങ്കിലും വർധിപ്പിച്ചാലേ പ്രശ്നം പരിഹരിക്കപ്പെടൂ.

ഒരു ബാച്ചിൽ മാക്സിമം ഇപ്പോൾ 60 പേരാണ് .100 പുതിയ ബാച്ച് അനുവദിച്ചാൽ പോലും 6000 സീറ്റുകളെ വർധിക്കൂ. ഇതെല്ലാം മുന്നിൽ കണ്ടാണ് വളരെ നേരത്തെ വിദ്യാർഥി സംഘടനകളും വിദ്യാഭ്യാസ കൂട്ടായ്മകളും പ്രശ്ന പരിഹാരത്തിന് സമഗ്ര പാക്കേജ് സർക്കാർ പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടത്. അപ്പോഴൊക്കെ സംസ്ഥാനത്ത് പത്താം ക്ലാസ് പാസായവർക്കെല്ലാം പ്ലസ് വൺ സീറ്റുണ്ടെന്ന വിചിത്രമായ വാദം ഉന്നയിക്കുകയായിരുന്നു വിദ്യാഭ്യാസ മന്ത്രി.

ഒടുവിൽ വിദ്യാഭ്യാസ മന്ത്രിക്ക് തന്നെ ആകെയുള്ള 78 ൽ 50 താലൂക്കുകളിലും പ്ലസ് വൺ സീറ്റ് കുറവുണ്ടെന്നും മുഴുവൻ എ പ്ലസ് കിട്ടിയ 5812 വിദ്യാർഥികൾക്ക് ഇതുവരെ അഡ്മിഷൻ ഉറപ്പുവരുത്താനായിട്ടില്ലെന്നും സമ്മതിക്കേണ്ടി വന്നു. എന്നിട്ടും താൽക്കാലിക പരിഹാരങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് അന്വേഷിക്കുന്നത്. വിഷയം സമഗ്രമായി പഠിച്ച് ആവശ്യമായ സ്ഥിരം ബാച്ചുകൾ ഓരോ താലൂക്കിലും അനുവദിച്ച് ശാശ്വത പരിഹാരത്തിനാവശ്യമായ വിദ്യാഭ്യാസ പാക്കേജ് പ്രഖ്യാപിക്കാൻ ഇടതുപക്ഷ സർക്കാർ തയ്യാറാകുകയാണ് വേണ്ടത്.

പ്രതിസന്ധിയുടെ ആഴം വൈകി ഉദിച്ചിട്ടും താൽകാലിക പരിഹാര നടപടികൾ സ്വീകരിക്കാൻ മാത്രമാണ് സർക്കാർ തയ്യാറാകുന്നത്. വീണ്ടും സീറ്റ് വർധിപ്പിക്കുന്നതിലൂടെ നേരത്തേ മാർജിനൽ വർധനവിലൂടെ അധാപക-വിദ്യാർത്ഥി അനുപാതത്തിൽ രൂപപ്പെട്ട പ്രതിസന്ധി രൂക്ഷമാകും. ഒരു ക്ലാസിൽ വിദ്യാർഥികൾ കുത്തിനിറക്കപ്പെട്ട അവസ്ഥയാണ് ഉണ്ടാവുക. അധ്യയനത്തിൻറെ നിലവാരം കുറയും. ചുരുക്കത്തിൽ, ഒരു അനീതിക്ക് പരിഹാരമായി സർക്കാർ നിർദേശിക്കുന്ന മറ്റൊരു അനീതി മാത്രമായി മാറുമിത് .

അധിക ബാച്ച് എന്ന കാലങ്ങളായി ഉയർത്തുന്ന ആവശ്യത്തോട് ഇപ്പോഴും 'ആവശ്യമെങ്കിൽ' എന്ന വ്യക്തതയില്ലാത്ത മറുപടിയാണ് സർക്കാറിൻ്റെ പ്രതികരണം. അപ്പോഴും സയൻസ് ബാച്ചുകളെ കുറിച്ച് മാത്രമാണ് പരാമർശം. മറ്റ് ഓപ്ഷൻസ് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ സർക്കാർ പരിഗണനകൾക്ക് ഇപ്പോഴും പുറത്താണ് എന്നത് ഗൗരവകരമാണ്.

ഒഴിഞ്ഞുകിടക്കുന്ന ബാച്ചുകൾ ഷിഫ്റ്റ് ചെയ്തുകൊണ്ടുള്ള പ്രശ്ന പരിഹാരമെന്നത് അപ്രായോഗികമാണ്. സർക്കാർ സ്കൂളുകളിലെ ബാച്ച് ഷിഫ്റ്റിംഗ് മാത്രമാകും അങ്ങനെ സാധ്യമായാൽ തന്നെ നടക്കുക. എയ്ഡഡ് സ്കൂളുകളിൽ അവശേഷിക്കുന്ന ബാച്ച് ഷിഫ്റ്റിംഗ് അപ്രായോഗികമാണ്. അതു കൊണ്ടു തന്നെ ഇരുന്നൂറോളം പുതിയ ബാച്ചുകൾ ആവശ്യമായ മലബാർ ജില്ലകളിൽ ആവശ്യമായതിൻ്റെ നാലിലൊന്നു പോലും അനുവദിക്കാൻ ഇതുവഴി സർക്കാറിന് സാധിക്കില്ല.

സീറ്റ് വർധന, താൽക്കാലിക ബാച്ച് വർധന എന്നിവ പരിഹാരമേയല്ല. ബാച്ചുകൾ സ്ഥിരപ്പെടുത്തുകയാണ്‌ വേണ്ടത്. ഏതൊക്കെ താലൂക്കിലാണ് സീറ്റ് കുറവ്, അവിടെ എത്ര ബാച്ച്/സീറ്റ് കൂട്ടും എന്ന് വ്യക്തമാക്കുന്നില്ല. താൽക്കാലിക ബാച്ചുകൾ എന്നതിലും കൂടുതൽ വ്യക്തത ആവശ്യമാണ്.

50 താലൂക്കിൽ മതിയായ സീറ്റില്ലെന്ന് സർക്കാർ തന്നെ അംഗീകരിച്ച സാഹചര്യത്തിൽ ഈ 50 താലൂക്കിലും പുതിയ ബാച്ച് അനുവദിക്കണം. മാർജിനൽ സീറ്റ് വർധനയല്ല, പുതിയ ബാച്ചുകൾ എന്ന ശാശ്വത പരിഹാരം തന്നെയാണ് നടപ്പാക്കപ്പെടേണ്ടത്. മുഴുവൻ വിദ്യാർഥികൾക്കും പ്രവേശനം ഉറപ്പാക്കുന്ന തരത്തിൽ അതിവേഗ നടപടിയാണ് വേണ്ടത്.

നിരന്തരമായ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് പ്രതിസന്ധി അംഗീകരിക്കാൻ തന്നെ ഇപ്പോൾ സർക്കാർ തയ്യാറായിരിക്കുന്നത്. തൽക്കാലിക പരിഹാരങ്ങൾക്ക് അപ്പുറമുള്ള ശാശ്വത പരിഹാരമുണ്ടാകും വരെ, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാകുംവരെ വിദ്യാഭ്യാസ അവകാശ പ്രക്ഷോഭങ്ങളുമായി ഫ്രറ്റേണിറ്റി മൂവ്മെൻറ് സമര രംഗത്തു തന്നെ തുടരുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ച സെക്രട്ടറിയേറ്റ് യോഗത്തിൽ അർച്ചന പ്രജിത്ത്, അഷ്റഫ് .കെ.കെ, കെ.എം ഷെഫ്റിൻ, സനൽ കുമാർ, തശരീഫ് കെ.പി, ലത്തീഫ് പി.എച്ച് എന്നിവർ സംസാരിച്ചു.

Advertisment