ലേ ഓഫിലായിരുന്ന കോട്ടയം ടെക്സ്റ്റൈല്‍സ് സ്പിന്നിംഗ് മില്‍ തുറക്കാന്‍ തീരുമാനം. നവംബര്‍ 15 ന് മില്‍ തുറന്നു പ്രവര്‍ത്തിക്കും

New Update

publive-image

Advertisment

തിരുവനന്തപുരം: ലേ ഓഫിലായിരുന്ന കോട്ടയം ടെക്സ്റ്റൈല്‍സ് സ്പിന്നിംഗ് മില്‍ തുറക്കാന്‍ തീരുമാനിച്ചു. നവംബര്‍ 15 ന് മില്‍ തുറന്നു പ്രവര്‍ത്തിക്കും. സഹകരണമന്ത്രി വി.എന്‍. വാസവന്‍, വ്യവസായ മന്ത്രി പി. രാജീവ്, ഉന്നത ഉദ്യോഗസ്ഥര്‍, സ്പിന്നിംഗ് മില്‍ മാനെജ്മെന്‍റ്, തൊഴിലാളി സംഘടനാ നേതാക്കള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

ഫാക്ടറി തുറക്കാനും സുഗമമായി പ്രവര്‍ത്തിക്കാനും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് സഹകരണം, രജിസ്ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ പറഞ്ഞു. രാത്രി ഷിഫ്റ്റിലുള്ള സ്ത്രീകളുടെ സുരക്ഷിതത്വം ഉറപ്പു വരുത്തും. വാഹന സൗകര്യം അടക്കം ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ ആരോഗ്യപരമായ പ്രശ്നങ്ങളുള്ള ജീവനക്കാരുടെ പരാതി പരിശോധിക്കും. മെഡിക്കല്‍ ബോര്‍ഡിന്‍റെ ശുപാര്‍ശ പ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ് നിര്‍ദ്ദേശിച്ചു. മൂന്നു ഷിഫ്റ്റുകളില്‍ പ്രവര്‍ത്തിക്കാതെ മില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയില്ല. ലാഭകരമായില്ലെങ്കിലും പ്രവര്‍ത്തനം ആരംഭിച്ചാല്‍ നഷ്ടം ഒരു പരിധി വരെയെങ്കിലും ഒഴിവാക്കാനാകും. ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മന്ത്രി പി.രാജീവ് വ്യക്തമാക്കി.

2020 ജനുവരിയിലാണ് മില്‍ ലേ ഓഫീലേയ്ക്ക് പോകുകയും ചെയ്തു. 228 ജീവനക്കാരാണ് മില്ലിലുണ്ടായിരുന്നത്. സ്ത്രീ ജീവനക്കാര്‍ ഇന്‍സ്പെക്ടറേറ്റ് ഓഫ് ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്സില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ 2015 ഏപ്രില്‍ മുതല്‍ രാത്രി 10 മുതല്‍ രാവിലെ ആറ് മണിവരെ സ്ത്രീകളെ ജോലിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നു. ഇതിനു പുറമെ സര്‍ക്കാരില്‍ നിന്നും ലഭിച്ച സാമ്പത്തിക സഹായങ്ങള്‍ ജീവനക്കാരുടെ വേതനം നല്‍കുന്നതിനായി മാത്രം ചെലവഴിക്കേണ്ടി വന്നു.

പിഎഫ്, ഗ്രാറ്റുവിറ്റി, അസംസ്കൃത വസ്തുക്കളുടെ ചെലവ് എന്നിവയ്ക്കുള്ള ഫണ്ടില്ലാതെ വന്നതിനു പിന്നാലെ വൈദ്യുതി ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വൈദ്യുതി ബന്ധം വിച്ഛേദിക്കുന്ന സ്ഥിതിയിലുമെത്തി. ഇതോടെയാണ് ലേ ഓഫീലേയ്ക്ക് പോകേണ്ടി വന്നത്. പരാതിയുള്ള സ്ത്രീ ജീവനക്കാരുമായി ചര്‍ച്ച ചെയ്ത് മില്‍ പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത ബോദ്ധ്യപ്പെടുത്താമെന്ന് യോഗത്തില്‍ പങ്കെടുത്ത തൊഴിലാളി സംഘടനാ നേതാക്കള്‍ ഉറപ്പു നല്‍കി. മാനെജ്മെന്‍റും അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി മില്‍ തുറക്കാമെന്ന നിലപാടു സ്വീകരിച്ചതോടെയാണ് നവംബര്‍ 15ന് മില്‍ തുറക്കാമെന്ന തീരുമാനത്തിലെത്തിയത്.

Advertisment