കരുവന്നൂർ കൺസോർഷ്യം; പാർട്ടി കോൺഗ്രസിന് ഫണ്ട് പിരിക്കാനുള്ള തട്ടിപ്പ് - കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ

New Update

publive-image

കരുവന്നൂർ സഹകരണ ബാങ്കിൽ നിന്ന് സി.പി.എം. നേതാക്കൾ തട്ടിയെടുത്ത 300 കോടി രൂപയുടെ ബാധ്യത മുകുന്ദപുരം താലൂക്കിലെ മറ്റു സഹകരണ സംഘങ്ങളിലെ നിക്ഷേപകരുടെ തലയിൽ കെട്ടിവെക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ തീരുമാനം മറ്റൊരു തീവെട്ടിക്കൊള്ളയ്ക്കുള്ള നീക്കമാണെന്ന് കെപിസിസി സെക്രട്ടറി ജോൺ ഡാനിയൽ.

Advertisment

സി.പി.എം. സംസ്ഥാന സമ്മേളനത്തിനും പാർട്ടി കോൺഗ്രസിനും ഫണ്ട് കണ്ടെത്താനുള്ള ഗൂഢ പദ്ധതിയാണ് ഇത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കരുവന്നൂർ ബാങ്കിൽ സി.പി.എം. നേതാക്കൾ നടത്തിയ തട്ടിപ്പ് പുറത്തുവന്ന് ഒരു കൊല്ലം കഴിഞ്ഞിട്ടും നിക്ഷേപകരുടെ നഷ്ടം നികത്താൻ ചെറുവിരൽ പോലും അനക്കാത്ത പിണറായി സർക്കാർ, പാർട്ടി ജില്ലാ സമ്മേളനത്തിന് തൊട്ടു മുമ്പ് സഹകരണ സംഘങ്ങളുടെ കൺസോർഷ്യം രൂപീകരിച്ച് ജനങ്ങളുടെ കണ്ണിൽ പൊടിയിടാമെന്ന് കരുതണ്ടെന്നും ജോണ്‍ ഡാനിയല്‍ പറഞ്ഞു.

പാർട്ടി സമ്മേളന വേദികളിൽ കൊറോണ വൈറസ് കയറില്ലെന്ന് വിശ്വസിക്കുന്ന സി.പി.എം. പ്രവർത്തകരെപ്പോലെ വിഡ്ഢികളല്ല നാട്ടിലെ മുഴുവൻ ജനങ്ങളും. സി.പി.എം.നേതാക്കളെ വിശ്വസിച്ചാണ് സാധാരണക്കാർ അവരുടെ ജീവിതകാല സമ്പാദ്യം കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചത്. പാർട്ടി ജില്ലാ നേതൃത്വത്തിന്റെ പൂർണ്ണമായ അറിവോടെയാണ് പ്രാദേശിക നേതാക്കൾ ബാങ്കിൽ നിന്ന് 300 കോടി രൂപ തിരിമറി നടത്തിയത് എന്നും വ്യക്തമാണ്.

സി.പി. എം. ജില്ലാ - സംസ്ഥാന നേതൃത്വങ്ങൾക്കും കൊള്ളമുതലിന്റെ പങ്ക് കിട്ടിയിട്ടുണ്ട് എന്നും ജനം സംശയിക്കുന്നു. സംസ്ഥാന സമ്മേളനവും പാർട്ടി കോൺഗ്രസ്സും ആഘോഷമായി നടത്താൻ കോവിഡ് കാലത്ത് വേണ്ടത്ര ഫണ്ട് പിരിക്കാൻ കഴിയില്ലെന്നു ബോധ്യപ്പെട്ടതു കൊണ്ടാണ് സി.പി.എം. പുതിയ മോഡൽ " കൺസോർഷ്യം " തട്ടിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.

കരുവന്നൂർ ബാങ്കിൽ നിന്ന് സി.പി.എം. നേതാക്കളുടെ സ്വകാര്യ അക്കൗണ്ടുകളിലേക്ക് പോയ കോടികൾ തിരിച്ചു കൊടുക്കേണ്ടത് മറ്റ് സഹകരണ സ്ഥാപനങ്ങളിലെ പാവപ്പെട്ട നിക്ഷേപകരാണെന്ന സർക്കാർ നിലപാട് വിചിത്രമാണ്. സഹകരണ മേഖലയുടെ വിശ്വാസ്യത കൂടുതൽ തകർക്കാനേ ഇത് ഉപകരിക്കൂ. ജില്ലാ സമ്മേളനത്തിനു മുന്നോടിയായി കരുവന്നൂരിലെ ചതിക്കപ്പെട്ട നിക്ഷേപകരെ തെറ്റിദ്ധരിപ്പിക്കാനാണ് സർക്കാർ ശ്രമം.

കരുവന്നൂരിലെ പാവപ്പെട്ട നിക്ഷേപകർക്ക് അവരുടെ പണം തിരിച്ചു കൊടുക്കാതെ സി.പി.എമ്മിന് തൃശൂരിൽ ജില്ലാ സമ്മേളനം ആഘോഷിക്കാൻ അവകാശമില്ല. നിക്ഷേപകരെ വഞ്ചിച്ചു കൊണ്ട് മുന്നോട്ടു പോകാനാണ് തീരുമാനമെങ്കിൽ സി.പി.എം. ജില്ലാ സമ്മേളനവേദി ഉപരോധിക്കാനും ജനങ്ങൾ മടിക്കില്ല.

പാവപ്പെട്ട നിക്ഷേപകരിൽ നിന്ന് പാർട്ടി നേതാക്കൾ തട്ടിയെടുത്ത 300 കോടി രൂപ തിരിച്ചു കൊടുക്കാൻ പോലും കഴിയാത്ത സർക്കാർ ഒന്നര ലക്ഷം കോടി രൂപയുടെ കെ റെയിൽ പദ്ധതിയുമായി രംഗത്തിറങ്ങിയിരിക്കുന്നത് പരിഹാസ്യമാണെന്നും അദ്ദേഹം പറഞ്ഞു.

Advertisment