സംസ്ഥാനത്ത് ഏകാധിപത്യ ഭരണം നടപ്പാക്കാൻ രൂപപ്പെടുത്തിയ ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണം - വെൽഫെയർ പാർട്ടി നിയമസഭാ മാർച്ച്

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സംസ്ഥാനത്ത് അഴിമതിക്കാർക്ക് അരങ്ങുവാഴാൻ അവസരമൊരുക്കുന്ന ലോകായുക്ത ഓർഡിനൻസ് ഉടൻ പിൻവലിക്കണമെന്ന് വെൽഫെയർ പാർട്ടി നിയമസഭാ മാർച്ച് ആവശ്യപ്പെട്ടു. കേരളത്തിൽ ഏകാധിപത്യ ഭരണമാണ് ഓർഡിനൻസിലൂടെ പിണറായി വിജയൻ ലക്ഷ്യമിടുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡണ്ട് സുരേന്ദ്രൻ കരിപ്പുഴ പറഞ്ഞു.

സർക്കാറിന്റെ ഭാഗമായി പ്രവർത്തിക്കുന്ന വിവിധ സംവിധാനങ്ങളുടെ അധികാരം വെട്ടിച്ചുരുക്കി മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിക്കുന്ന ജനാധിപത്യവിരുദ്ധമായ നടപടിയാണ് സംസ്ഥാന സർക്കാർ തുടർന്നുവരുന്നത്. വനിതാ കമ്മീഷന്റെയും ലോകായുക്തയുടെയും അധികാരങ്ങളെ ഇല്ലാതാക്കി പാർട്ടിക്കാർക്ക് അഴിമതിയും സ്വജനപക്ഷപാതവും നടപ്പാക്കാൻ വഴിയൊരുക്കുകയാണ് ഇടതു ഭരണകൂടം ചെയ്യുന്നത്.

publive-image

കെ. ടി ജലീലിന്റെ ബന്ധു നിയമനത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് ലോകായുക്ത സ്വീകരിച്ച നടപടി ഉൾപ്പെടെ സർക്കാറിനെതിരെയുള്ള വിവിധ ആരോപണങ്ങളെ ഓർഡിനൻസിലൂടെ കൈകാര്യം ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത്. കണ്ണൂർ വിസി നിയമനവുമായി ബന്ധപ്പെട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെതിരേയുള്ള ആരോപണത്തിലെ അന്വേഷണത്തിൽ നിന്ന് ലോകായുക്തയെ തടഞ്ഞുനിർത്താനാണ് സർക്കാർ ശ്രമിച്ചത്.

publive-image

സംസ്ഥാനത്ത് സർക്കാറും ഗവർണറും ചേർന്ന് നാടകീയ ഒത്തുകളിയാണ് നടത്തി വരുന്നത്. ഭരണഘടനാ വിരുദ്ധമായ ഇടപെടലുകൾ നടത്തുന്നതിന് ഗവർണർക്ക് അവസരമൊരുക്കുകയാണ് സംസ്ഥാന സർക്കാർ. ലോകായുക്ത ഓർഡിനൻസിൽ ജനാധിപത്യപരമായ എതിർപ്പുകളെ മറികടന്നു ഒപ്പുവയ്ക്കാൻ ഗവർണർ തയ്യാറായത് ചില ഒത്തുതീർപ്പുകളുടെ ഭാഗമായിട്ടാണ്.

സംഘ്പരിവാർ സർക്കാരിന്റെ ഏകാധിപത്യ ശ്രമങ്ങൾക്ക് സംസ്ഥാനത്ത് അവസരമൊരുക്കുക എന്ന ഗവർണറുടെ ലക്ഷ്യത്തിന് സംസ്ഥാന സർക്കാർ കുടപിടിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാന - കേന്ദ്ര സർക്കാരുകളുടെ ഭരണഘടനാ വിരുദ്ധ നയങ്ങൾ നടപ്പിലാക്കുന്നതിനു വേണ്ടിയുള്ള വഞ്ചനാപരമായ ഗവർണർ - ഇടതു സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു.

publive-image

വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ ഷെഫീക്ക് മുഖ്യപ്രഭാഷണം നടത്തി. ദേശീയ സെക്രട്ടറി ഇ.സി ആയിശ, സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ്, സംസ്ഥാന കമ്മിറ്റി അംഗം പ്രേമ പിഷാരടി എഫ്ഐടിയു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ, ഫ്രറ്റേണിറ്റി മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. മുജീബ് റഹ്മാൻ, വിമൺ ജസ്റ്റിസ് മൂവ്മെന്റ് സംസ്ഥാന ട്രഷറർ മുംതാസ് ബീഗം എന്നിവർ സംസാരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി അധ്യക്ഷത വഹിച്ച പരിപാടിയിൽ മിർസാദ് റഹ്മാൻ സ്വാഗതവും ജില്ലാ പ്രസിഡണ്ട് എൻ. എം അൻസാരി നന്ദിയും പറഞ്ഞു.

പ്രസ്ക്ലബിന് മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് നിയമസഭയ്ക്ക് മുന്നിൽ പോലീസ് തടഞ്ഞു. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പി.എ അബ്ദുൽ ഹക്കീം, എസ്. ഇർഷാദ്, സഫീർ ഷാ, അഡ്വ. അനിൽ കുമാർ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Advertisment