/sathyam/media/post_attachments/aFw5JJTd3L00zouvvNSm.jpg)
കാവ്യരചനയിൽ ആറുപതിറ്റാണ്ട് പൂർത്തിയാക്കിയ കവി പി.പി ശ്രീധരനുണ്ണിയ്ക്ക് ഭാഷാ സമന്വയ വേദി ആദരം അർപ്പിച്ചു. കവികൾ, സാഹിത്യനിരൂപകർ എന്നിവർ പങ്കെടുത്ത 'സമകാലീന കവിതയുടെ ശ്രീമുഖം' എന്ന പരിപാടി ഈ കവിയുടെ കാവ്യപ്രവണതകളെയും കാഴ്ചപ്പാടുകളെയും വിലയിരുത്തി.
ഗോവ ഗവർണറും കവിയുമായ പി.എസ് ശ്രീധരൻ പിള്ള പരിപാടി ഉദ്ഘാടനം ചെയ്തു. കരുണയും കരുതലും സ്നേഹവുമാണ് ശ്രീധരനുണ്ണി യുടെ കവിതകളുടെ അന്തർധാരകളെന്നും, ലയവും താളവും ഈണവും ആ കവിതകളുടെ മാറ്റും മഹിമയും വർധിപ്പിക്കുന്നുവെന്നും ഉദ്ഘാടനപ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാഷാ സമന്വയ വേദി അധ്യക്ഷൻ ഡോ.ആർസു അധ്യക്ഷത വഹിച്ചു. ശുദ്ധ നാട്ടിൻപുറത്തുകാരൻ നഗരത്തിലേക്ക് ചേക്കേറിയെങ്കിലും നാട്ടറിവിന്റെയും പാരമ്പര്യത്തിന്റെയും തനിമ എന്നും കവിതയിൽ സൂക്ഷിക്കാനായത് ശ്രീധരനുണ്ണിയുടെ വിജയത്തിന്റെ പ്രധാനഘടകമാണ് എന്ന് അധ്യക്ഷൻ അഭിപ്രായപ്പെട്ടു.
ഡോ. ദേശമംഗലം രാമകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശവത്തിൽ നിന്നും ശിവത്തിലേക്കുള്ള തീർത്ഥയാത്രയാണ് ശ്രീധരനുണ്ണിയുടെ കവിതകളെന്നും, നാടോടി ശീലുകളുടെ തനിമ കവിതകളിൽ ഇന്നും സംരക്ഷിച്ചു നിർത്തുന്ന വിരള- വിശിഷ്ട കവിയാണ് ശ്രീധരനുണ്ണി എന്നും അദ്ദേഹം പറഞ്ഞു.
കെ എം നരേന്ദ്രൻ, ഡോ. കെ വി തോമസ്, ഡോ. ശ്രീശൈലം ഉണ്ണികൃഷ്ണൻ, കെ ജി രഘുനാഥ്, ഗോപി പുതുക്കോട്, അജയൻ പി ഐ എന്നിവർ പ്രസംഗിച്ചു. ചെറിയ കുട്ടിയായിരിക്കുമ്പോൾ വീട്ടുമുറ്റത്തെ കുലച്ചുനിന്ന വാഴയിൽ നിന്ന് അമ്മാവൻ കുല വെട്ടിയപ്പോളുണ്ടായ നഷ്ടബോധത്തിൽ നിന്നാണ് ആദ്യ കവിത പിറന്നത് എന്നും, സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചൊരിഞ്ഞ അഭിനന്ദനങ്ങൾ ആ പാതയിൽ മുന്നേറാനുള്ള വഴി തെളിച്ചുവെന്നും മറുപടി പ്രസംഗത്തിൽ ശ്രീധരനുണ്ണി അഭിപ്രായപ്പെട്ടു.
മലയാളത്തിലെ സമുന്നതരായ കവികളുമായുള്ള സമ്പർക്കവും അവരുടെ മാർഗദർശനവുമാണ് എന്നെ കാവ്യ പാതയിൽ വളർത്തിയത് എന്നും ലാളിത്യവും വൃത്തബോധവും കവിതയിൽ എന്നും നിലനിർത്താൻ ശ്രമിച്ചു വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ചന്ദനയുടെ പ്രാർത്ഥനയോടെ പരിപാടിക്ക് തുടക്കം കുറിച്ചു. ഡോ. ഒ വാസവൻ സ്വാഗതവും, ഡോ. പി കെ രാധാമണി നന്ദിയും പറഞ്ഞു. കെ എൽ പോൾ ഡോ.ജെ ഉമാകുമാരി, ഡോ.
എം കെ പ്രീത, ജോമോൾ ഡൊമനിക്, ഡോ. അഞ്ജന ആശിഷ്, വേണുഗോപാൽ, പവൻ എന്നിവർ ശ്രീധരനുണ്ണിയുടെ കവിതകൾ ആലപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us