ബി.ആർക്. പഠനത്തിനുള്ള 'നാറ്റ' പരീക്ഷ മൂന്ന് തവണ; ജൂൺ 12നും ജൂലായ് മൂന്നിനും 24നും; പ്രോസ്‌പെക്ടസുകളിലെ അവ്യക്തത ഉടന്‍ തിരുത്തിയേക്കാം

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

2022-’23 അധ്യയന വർഷത്തെ ബാച്ചിലർ ഓഫ് ആർക്കിടെക്ചർ (ബി. ആർക്‌.) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) മൂന്നുതവണ നടത്തും. കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന പരീക്ഷ ജൂൺ 12നും ജൂലായ് മൂന്നിനും 24നും കമ്പ്യൂട്ടർ അധിഷ്ഠിത രീതിയിലാണ് നടക്കുക.

Advertisment

കട്ട് ഓഫ്‌ മാര്‍ക്ക് 70

നാറ്റ യോഗ്യത നേടാൻ 200-ൽ 70 മാർക്ക് വേണം. 2022-’23 വർഷത്തേക്കു മാത്രമാകും നാറ്റ 2022 സ്കോറിന്റെ സാധുത. പരീക്ഷയുടെ ദൈര്‍ഘ്യം മൂന്നുമണിക്കൂർ. പരീക്ഷ രണ്ടുസെഷനായി നടത്തും. ആദ്യ സെഷൻ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയും രണ്ടാം സെഷൻ ഉച്ചയ്ക്ക് 2.30മുതൽ 5.30 വരെയുമായിരിക്കും. രജിസ്റ്റർ ചെയ്യുമ്പോൾ സെഷൻ താത്‌പര്യം അറിയിക്കണം.

ആകെ 200 മാർക്ക്. 125 ചോദ്യങ്ങൾ ഉണ്ടാകും. ഇതിൽ 1/2/3 മാർക്കുള്ള മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, പ്രിഫറൻഷ്യൽ ചോയ്സ് ടൈപ്പ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ്, മാച്ച് ദ ഫോളോയിങ് ചോദ്യങ്ങളുണ്ടാകാം. ഡയഗ്രമാറ്റിക്, ന്യൂമറിക്കൽ, വെർബൽ, ഇൻഡക്ടീവ്, ലോജിക്കൽ, അബ്സ്ട്രാക്ട് റീസണിങ്, സിറ്റുവേഷണൽ ജഡ്ജ്മെൻറ് തുടങ്ങിയവയിൽക്കൂടി വിദ്യാർഥിയുടെ അഭിരുചി അളക്കുന്നതാകും ചോദ്യങ്ങൾ. കേരളത്തിൽ ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂർ, തിരുവനന്തപുരം എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

സ്കോർ എങ്ങനെ?

താത്‌പര്യത്തിനനുസരിച്ച് ഒരാൾക്ക് ഒന്നോ രണ്ടോ മൂന്നോ പരീക്ഷകൾ അഭിമുഖീകരിക്കാം. രണ്ടും അഭിമുഖീകരിക്കുന്നവർക്ക് തമ്മിൽ ഭേദപ്പെട്ട മാർക്കാകും സാധുവായ നാറ്റ സ്കോർ. മൂന്നുപരീക്ഷയും അഭിമുഖീകരിച്ചാൽ മെച്ചപ്പെട്ട രണ്ടുസ്കോറുകളുടെ ശരാശരിയാകും അന്തിമ നാറ്റ സ്കോർ.

യോഗ്യത

അപേക്ഷാർഥി 10+2/തത്തുല്യ പ്രോഗ്രാം മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച് മൂന്നിനും കൂടി മൊത്തത്തിൽ 50 ശതമാനം മാർക്കും പ്ലസ്‌ടു പരീക്ഷയിൽ മൊത്തത്തിൽ 50 ശതമാനം മാർക്കും വാങ്ങി ജയിക്കണം. മാത്തമാറ്റിക്സ് ഒരു നിർബന്ധ വിഷയമായി പഠിച്ച്, അംഗീകൃത ത്രിവത്സര ഡിപ്ലോമ 50 ശതമാനം മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ 2021-22-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷ എങ്ങനെ?

ആദ്യപരീക്ഷയ്ക്ക് മേയ് 23 വരെയും രണ്ടാംപരീക്ഷയ്ക്ക് ജൂൺ 20 വരെയും മൂന്നാം പരീക്ഷയ്ക്ക് ജൂലായ് 11 വരെയും www.nata.in വഴി അപേക്ഷിക്കാം. ഒരുപരീക്ഷയ്ക്കോ രണ്ടിനുമോ മൂന്നിനുമോ ഒരുമിച്ച് ഇപ്പോൾ അപേക്ഷിക്കാം.

അപേക്ഷാഫീസ് 2000 രൂപ

അപേക്ഷാഫീസ് ഓരോ ടെസ്റ്റിനും 2000 രൂപയാണ് (വനിതകൾ/പട്ടിക/ ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1500 രൂപ). ഏതെങ്കിലും രണ്ടു ടെസ്റ്റുകൾക്ക് അപേക്ഷിക്കാൻ ഇത് 4000/3000 രൂപയാണ്. മൂന്നു ടെസ്റ്റുകൾക്കും ഒരുമിച്ച് അപേക്ഷിക്കാനുള്ള ഫീസ് 5400/4050 രൂപയാണ്. വിദേശത്ത് പരീക്ഷാകേന്ദ്രം എടുക്കുന്നവർക്ക് ഒന്ന്, രണ്ട്, മൂന്ന് പരീക്ഷകൾക്ക് അപേക്ഷിക്കാൻ യഥാക്രമം 10,000, 20,000, 27,000 രൂപയാണ് അപേക്ഷാഫീസ്.

കേരളത്തിൽ പ്രവേശനത്തിന് നാറ്റ വേണം

കേരളത്തിൽ പ്രവേശന പരീക്ഷാകമ്മിഷണർ നടത്തുന്ന ബി.ആർക്ക്. പ്രവേശനത്തിന് നാറ്റ ബാധകമാണ്. പ്ലസ്‌ടു മാർക്ക്, നാറ്റ സ്കോർ എന്നിവയ്ക്ക് തുല്യപരിഗണന നൽകി (ഓരോന്നും 200-ൽ പരിഗണിച്ച്) തയ്യാറാക്കുന്ന റാങ്ക് പട്ടിക അടിസ്ഥാനമാക്കിയാകും ബി.ആർക്‌. പ്രവേശനം.

പ്രോസ്‌പെക്ടസില്‍ അവ്യക്തത

2022-ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനുള്ള പ്രോസ്‌പെക്ടസിൽ ബി. ആർക്കിന് അപേക്ഷിക്കാൻ പ്ലസ്ടു/ഡിപ്ലോമ കോഴ്‌സ് ജയിച്ചാൽ മതിയെന്നാണ് വ്യവസ്ഥ. മൊത്തത്തിൽ 50 ശതമാനം മാർക്ക് യോഗ്യതാകോഴ്സിനു വേണമെന്നോ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയ്ക്ക് മൂന്നിനുംകൂടി 50 ശതമാനം വേണമെന്നോ വ്യവസ്ഥ ചെയ്തിട്ടില്ല. നാറ്റ ബ്രോഷറിലെയും കേരള പ്രോസ്‌പെക്ടസിലെയും ഈ വ്യവസ്ഥ സംബന്ധിച്ച വ്യക്തത ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Advertisment