കോതമംഗലം: കോണ്‍ഗ്രസ് ഭരിച്ചിരുന്ന കുട്ടമ്പുഴ അഗ്രികള്‍ച്ചര്‍ ഇംപ്രൂവ്മെന്റ് സൊസൈറ്റിയിലെ കോടികളുടെ ക്രമക്കേടില്‍ ജില്ലയിലെ ഉന്നത കോണ്‍ഗ്രസ് നേതാവിന് എതിരെ ആരോപണം ശക്തമാകുന്നു.
കേസില്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്ന സൂചകള്‍ക്കിടെയാണ് കോണ്‍ഗ്രസ് ഉന്നതന്റെ പങ്കും ചര്‍ച്ചയാകുന്നത്.
സൊസൈറ്റിയില്‍ മൂന്നു കോടി 75 ലക്ഷം രൂപയുടെ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. സൊസൈറ്റിയുടെ പ്രസിഡന്റും ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും കോണ്‍ഗ്രസിന്റെ കവിളങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ടുമായിരുന്ന കെ.എ സിബിയെ, ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു.
21 ദിവസത്തിനു ശേഷമാണു സിബിക്ക് ജാമ്യം കിട്ടിയത്. കുട്ടമ്പുഴ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ജോഷി പൊട്ടക്കല്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ ആലുവ ക്രൈം ബ്രാഞ്ച് കേസെടുത്തിട്ടുണ്ട്.
/sathyam/media/media_files/2025/03/08/Ywxmt2oCNPxwxSQmJaox.jpg)
/sathyam/media/media_files/2025/03/08/RX1Uon5c46W5dMoARbk3.jpg)
ഇവരെ ഇന്നലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനുവേണ്ടി വിളിച്ചുവരുത്തിയിട്ടുണ്ടായിരുന്നു. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും എന്നാണ് സൂചന.
തട്ടിപ്പ്‌കേസില്‍ കോണ്‍ഗ്രസിന്റെ ജില്ലയിലെ ഉന്നതനു മുഖ്യ പങ്ക് ഉണ്ടെന്ന് ആരോപണവും ശക്തമാണ്. കേസില്‍ പ്രതികളായവരെ തല്‍സ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും രംഗത്തു വന്നിട്ടുണ്ട്.
ഇവര്‍ കെപിസിസിക്ക് പരാതി അയച്ചിട്ടുണ്ട്. ഇതില്‍ പ്രതിയായ മണ്ഡലം പ്രസിഡന്റും കേസിലെ ആറാം പ്രതിയുമായ ജോഷിയെ മാറ്റണമെന്ന് നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രാദേശിക നേതാക്കന്മാരും നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടും ഇതിനു കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ല. ഇവരെ സംരക്ഷിക്കുന്നതു ജില്ലയിലെ കോണ്‍ഗ്രസിന്റെ ഉന്നതനാണെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തു വരികയാണെന്നും മണ്ഡലം പ്രസിഡന്റിനെ ആ സ്ഥാനത്തു വച്ചു തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വന്‍ പരാജയം ആയിരിക്കും ഫലം എന്നും ഈ നേതാക്കള്‍ പറഞ്ഞു.
തട്ടിപ്പില്‍ പങ്കുണ്ടെന്നു പറയപ്പെടുന്ന നേതാക്കളാണ് ഇവരെ സംരക്ഷിക്കുന്നതെന്നും ആരോപണമുണ്ട്. ഏതായാലും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്ന സൂചനയാണു പുറത്തു വരുന്നത്.