കോട്ടയം: എം.സി. റോഡില്‍ ചിങ്ങവനത്തിനടുത്ത് കുറിച്ചി മന്ദിരം കവലയിലെ സുധ ഫൈനാന്‍സിയേഴ്‌സില്‍നിന്ന് ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവും എട്ടുലക്ഷം രൂപയും കവര്‍ന്നകേസില്‍ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. പത്തനംതിട്ട കലഞ്ഞൂര്‍ തിടിഗ്രാമം സ്വദേശി അനീഷ് ആന്റണി(25)യാണ് എറണാകുളത്തുനിന്ന് പിടിയിലായത്.
എം.സി. റോഡിനരികിലെ മൂന്നുനില കെട്ടിടത്തിന്റെ രണ്ടാംനിലയിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തിന് അവധിയായിരുന്ന ആഗസ്റ്റ് അഞ്ചിനും ആറിനുമായിരുന്നു മോഷണം. ഗ്യാസ് കട്ടര്‍ കൊണ്ട് താഴും ഗ്രില്ലും തകര്‍ത്ത് അകത്തുകയറി ലോക്കര്‍ കട്ടര്‍ ഉപയോഗിച്ച് പൊളിച്ചായിരുന്നു മോഷണം.
ശനിയാഴ്ച വൈകിട്ട് അടച്ച സ്ഥാപനം തുറക്കാന്‍ തിങ്കളാഴ്ച രാവിലെയെത്തിയ ജീവനക്കാരിയാണ് പൂട്ടും ഗ്രില്ലും തകര്‍ത്തതായി കണ്ടത്. പ്രതി കുറ്റം സമ്മതിച്ചതായും കേസില്‍ രണ്ട് പ്രതികളുണ്ടെന്നും കേസ് എടുത്തതോടെ പ്രധാനപ്രതി ഒളിവില്‍ പോയെന്നും ഇയാള്‍ക്കായി കൊല്ലം, പത്തനംതിട്ട ജില്ലകള്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചതായും ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.