മലപ്പുറം: പന്ത്രണ്ടു വയസുകാരിയെ പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 54കാരന് 109 വര്‍ഷം കഠിനതടവും 90,000രൂപ പിഴയും വിധിച്ച് കോടതി. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷവും മൂന്നുമാസവും സാധാരണ തടവുകൂടി അനുഭവിക്കണം.
അരീക്കോട് കീഴുപറമ്പ് വാലില്ലാപുഴ കൊടവങ്ങാട് ആങ്ങാടന്‍ അബ്ദുള്‍ റഷീദിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ്. രശ്മി ശിക്ഷിച്ചത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ 30 വര്‍ഷം കഠിനതടവ് അനുഭവിച്ചാല്‍ മതിയാകും. പ്രതി പിഴയടച്ചാല്‍ തുക അതിജീവിതയ്ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
2022 ഓഗസ്റ്റ് മുതല്‍ പ്രതി പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പലതവണ ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. കുട്ടിയുടെ അധ്യാപികയോട് വിവരങ്ങള്‍ പറയുകയും അധ്യാപിക ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു.
ചൈല്‍ഡ് ലൈന്‍ ഇടപെട്ട് മഞ്ചേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ.എന്‍. മനോജ് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലില്‍ അയച്ചു.