ചണ്ഡീഗഢ്: ഹരിയാനയില്‍ മക്കള്‍ക്ക് വിഷം കൊടുത്ത് കൊലപ്പെടുത്തി പിതാവ്. റോഹ്തക് ജില്ലയില്‍ കാബൂള്‍പൂര്‍ ഗ്രാമത്തില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയിലായ മൂന്ന് കുട്ടികള്‍ മരിച്ചു.
ഒരാളുടെ നില ഗുരുതരമാണ്. ആശാരിപ്പണിക്കാരനായ സുനില്‍ കുമാര്‍ നാലു മക്കള്‍ക്കും ഭക്ഷണത്തില്‍ വിഷം ചേര്‍ത്ത് നല്‍കുകയായിരുന്നു. ഇയാള്‍ ഇതു ചെയ്യാനുള്ള കാരണം വ്യക്തമല്ല. സംഭവശേഷം പ്രതി ഒളിവില്‍പോയി.
ഭാര്യ വീട്ടിലില്ലാത്ത സമയത്താണ് പ്രതി നാല് മക്കള്‍ക്കും വിഷം നല്‍കിയത്. സംഭവത്തില്‍ 10, 7 വയസുള്ള രണ്ട് പെണ്‍മക്കളും ഒരു വയസുള്ള മകനും ചികിത്സയിലിരിക്കെ മരിച്ചു. എട്ട് വയസുകാരിയായ മകള്‍ ചികിത്സയിലാണ്.
ഭാര്യയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.