ലക്‌നൗ: വീട്ടില്‍ ആരുമില്ലാത്ത സമയത്ത് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി. തുടര്‍ന്ന് അറുത്തെടുത്ത ജനനേന്ദ്രിയവുമായി സ്‌റ്റേഷനില്‍ കീഴടങ്ങി. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുരുതരാവസ്ഥയിലായ യുവാവിനെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉത്തര്‍പ്രദേശിലെ കൗഷംബി ജില്ലയിലാണ് സംഭവം. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നയാളുടെ ഭാര്യയാണ് യുവതി. യുവതിയുടെ വീട്ടില്‍ സഹായത്തിന് നില്‍ക്കുന്ന ഇരുപത്തിമൂന്നുകാരനായ യുവാവാണ് യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്.
ബുധനാഴ്ച്ച യുവതി വീട്ടില്‍ തനിച്ചായിരുന്നു. ബന്ധുക്കള്‍ എല്ലാവരും മറ്റ് കുടുംബ വീടുകളില്‍ പോയിരിക്കുകയായിരുന്നു. ഈ സമയത്ത് വീടിനുള്ളില്‍ കടന്ന യുവാവ് യുവതിയുമായി ലൈംഗിക ബന്ധത്തിന് ശ്രമിക്കുകയായിരുന്നു. ഇയാളുടെ ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ട യുവതി അടുക്കളയില്‍ നിന്നെടുത്ത കത്തികൊണ്ട് ജനനേന്ദ്രിയം അറുത്തുമാറ്റുകയായിരുന്നു.
യുവതിയുടെ പരാതി കേട്ട പോലീസ് യുവതിയുടെ വീട്ടില്‍ പരിശോധന നടത്തി. വീട്ടില്‍ രക്തം തളംകെട്ടിക്കിടക്കുന്നുണ്ടായിരുന്നു. കുറ്റകൃത്യത്തിന് യുവതി ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. തന്നെ വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കി മയക്കിയ ശേഷം ജനനേന്ദ്രിയം മുറിച്ചെടുക്കുകയാണ് യുവതി ചെയ്തതെന്നാണ് യുവാവിന്റെ മൊഴി.