കാസര്‍കോട്: കാര്‍ മുന്നോട്ട് എടുക്കുന്നതിനിടെ ടയറിനടിയില്‍പ്പെട്ട് വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു ഒന്നര വയസുകാരന് ദാരുണാന്ത്യം. കൊടങ്ക റോഡിലെ നിസാര്‍-തസ്രീഫ ദമ്പതികളുടെ മകന്‍ മസ്തുല്‍ ജിഷാനാണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുകയായിരുന്നു മസ്തുലും മറ്റൊരു കുട്ടിയും. അതിനിടെയാണ് കാര്‍ വീട്ടുമുറ്റത്തേക്ക് കയറി വന്നത്. കാറിന് തൊട്ടു മുന്നിലായി കുട്ടി ഓടിവന്ന് നില്‍ക്കുകയായിരുന്നു. ഇവരുടെ ബന്ധുവാണ് കാറോടിച്ചിരുന്നത്.
കൂടെയുണ്ടായിരുന്ന കുട്ടി, സംഭവത്തിനു പിന്നാലെ വീടിനുള്ളിലേക്ക് കയറിപ്പോയി വിവരം പറഞ്ഞു. അപ്പോഴേക്കും ആളുകള്‍ ഓടിക്കൂടി. കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടികള്‍ കളിക്കുന്നത് വാഹനം ഗേറ്റ് കടന്ന് വരുമ്പോഴേ കാണാന്‍ കഴിയും. എന്നിട്ടും എങ്ങനെ അപകടമുണ്ടായെന്ന് വ്യക്തമല്ല. സംഭവത്തില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്തു.