കരുനാഗപ്പള്ളി: യുവാവിനെ സംഘം ചേര്‍ന്ന് ആക്രമിച്ച കേസില്‍ നാലു പ്രതികള്‍ പിടിയില്‍. കരുനാഗപ്പള്ളി കോഴിക്കോട് മണ്ണാശേരില്‍ അല്‍ത്താഫ് (28), കോഴിക്കോട് ഹബീബ് മന്‍സിലില്‍ ഹബീബുല്ല (26), കോഴിക്കോട് സലീം മന്‍സിലില്‍ സഹദ് (26), ആലുംകടവ് മരുതൂര്‍ക്കുളങ്ങര തെക്ക് തയ്യില്‍ വീട്ടില്‍ സവാദ് (28) എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 11 ആയി. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.
കരുനാഗപ്പള്ളി കോഴിക്കോട് എസ്.വി. മാര്‍ക്കറ്റ് പുഷ്പാലയത്തില്‍ രാംരാജിനെയാണ് തിരുവോണ ദിവസം ആക്രമിച്ചത്. രാംരാജിന്റെ ബന്ധുവായ സുമേഷ് ഭാര്യയോടൊപ്പം ബൈക്കില്‍ പോയപ്പോള്‍ അക്രമി സംഘത്തില്‍ ഉള്‍പ്പെട്ട നസീര്‍ ബൈക്കില്‍ പിന്നാലെ വന്ന് ഹോണ്‍ അടിച്ചതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.