കണ്ണൂര്‍: കാല്‍നടയാത്രക്കാരനെ ഇടിച്ചതിനു പിന്നാലെ ആക്രമണം ഭയന്ന് ഇറങ്ങിയോടിയ ബസ് ഡ്രൈവര്‍ ട്രെയിന്‍ തട്ടി മരിച്ചു. കണ്ണൂര്‍ പന്യന്നൂര്‍ സ്വദേശി പുതിയവീട്ടില്‍ കെ. ജീജിത്താ(45)ണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 6.15നാണ് സംഭവം.
വടകര-തലശേരി റൂട്ടില്‍ ഓടുന്ന 'ഭഗവതി' ബസിന്റെ ഡ്രൈവറാണ് ജീജിത്ത്. വടകരയില്‍ നിന്ന് തലശേരിയിലേക്ക് വരുന്നതിനിടെ പുന്നോല്‍ പെട്ടിപ്പാലത്തായിരുന്നു സംഭവം.
റോഡിലൂടെ നടന്നുപോകുകയായിരുന്ന മുനീര്‍ എന്നയാളെ ബസ് ഇടിക്കുകയായിരുന്നു. അപകടത്തിനു പിന്നാലെ ആള്‍ കൂടിയതോടെ ആക്രമണം ഭയന്ന് ജീജിത്ത് ബസില്‍ നിന്നിറങ്ങി റെയില്‍വേ ട്രാക്കിലൂടെ ഓടുകയായിരുന്നു. അപകടത്തില്‍ ജീജിത്ത് തല്‍ക്ഷണം മരിച്ചു. ബസ് ഇടിച്ച് പരിക്കേറ്റ മുനീറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.