Advertisment

കോടതി വിധിയില്‍ നൂറു ശതമാനം തൃപ്തി, ചുമത്തിയെ  എല്ലാ വകുപ്പുകളിലും പരമാവധി ശിക്ഷ തന്നെ പ്രതിക്കു ലഭിച്ചു;  പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്

പതിനാറു വകുപ്പുകളിലാണ് അസഫാക് ആലം കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്.

New Update
67777

കൊച്ചി: പ്രതി അസ്ഫാക്ക് ആലത്തിന് വധശിക്ഷ ലഭിച്ച കോടതി വിധിയില്‍ നൂറു ശതമാനം തൃപ്തിയുണ്ടെന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്. ചുമത്തിയെ എല്ലാ വകുപ്പുകളിലും പരമാവധി ശിക്ഷ തന്നെ പ്രതിക്കു ലഭിച്ചെന്ന് അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.

Advertisment

'' പതിനാറു വകുപ്പുകളിലാണ് അസഫാക് ആലം കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. ഇതില്‍ ഐ.പി.സിയിലെയും പോക്സോ നിയമത്തിലെയും മൂന്നു വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം ആവര്‍ത്തിക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കോടതി ഒഴിവാക്കിയിരുന്നു. ശേഷിച്ച 13 വകുപ്പുകള്‍ പ്രകാരവും കോടതി ശിക്ഷ വിധിച്ചു.

ഐ.പി.സി. 302 പ്രകാരം കൊലക്കേസിലാണ് കോടതി വധശിക്ഷ വിധിച്ചത്. ഐ.പി.സി. 376 ടു.ജെ, ഐ.പി.സി. 377, പോക്സോ നിയമത്തിലെ മൂന്നു വകുപ്പുകള്‍ എന്നിവ പ്രകാരം അസഫാക് ആലം ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കണം. മൊത്തം അഞ്ചു വകുപ്പുകളിലാണ് ജീവപര്യന്തം. ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

ഐ.പി.സി. 366 എ, 364, 367, 328 എന്നിവ പ്രകാരം പത്തു വര്‍ഷം തടവ് അനുഭവിക്കണം. ഐ.പി.സി. 201 പ്രകാരം അഞ്ചു വര്‍ഷം തടവുശിക്ഷയും 297 പ്രകാരം ഒരു വര്‍ഷം തടവും അനുഭവിക്കണം.

പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുക പെണ്‍കുട്ടിയുടെ കുടുംബത്തിനു നല്‍കാനും ഇതു ലഭിച്ചില്ലെങ്കില്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്..'' -പ്രോസിക്യൂട്ടര്‍ പറഞ്ഞു. 

 

Advertisment