മാവേലിക്കര: മാവേലിക്കരയിലെ 74കാരന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. സംഭവത്തില്‍ വയോധികന്റെ കൂടെ താമസിച്ചിരുന്ന യുവതിയുടെ മകനെ പോലീസ് പിടികൂടി. മന്‍ദീപി(രാജ-24)നെയാണ് അറസ്റ്റുചെയ്തത്. ഒളിവില്‍പ്പോയ മന്‍ദീപിനെ പേരൂര്‍ക്കടയിലെ മണ്ണാമൂലയില്‍ നിന്നാണു പിടികൂടിയത്.
തെക്കേക്കര പറങ്ങോടി കോളനിയില്‍ ഓച്ചിറ സ്വദേശി ഭാസ്‌കര(74)നാണ് മരിച്ചത്. നവംബര്‍ ഒന്നിനാണ് ഭാസ്‌കരന്‍ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ച് മരിച്ചത്.
മരത്തില്‍ നിന്നു വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഒക്ടോബര്‍ 16നാണ് യുവതി ഭാസ്‌കരനെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഭാസ്‌കരന്റെ മരണശേഷം യുവതി കുറത്തികാട് പൊലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കുകയും ചെയ്തു.
ഇവരുടെ മൊഴിയിലെ വൈരുധ്യത്തില്‍ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം മരത്തില്‍ നിന്നുവീണ് സംഭവിച്ചതല്ലെന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറുമായി ബന്ധപ്പെട്ട് വിവരം ചോദിച്ചറിയുകയും ശാസ്ത്രീയ പരിശോധനകളെ ആശ്രയിക്കുകയും ചെയ്തതോടെ് മരണം കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
യുവതിക്കൊപ്പം ഭാസ്‌കരന്‍ താമസിക്കുന്നതിലുള്ള വിരോധം കാരണം ഒക്ടോബര്‍ 15ന് യുവതിയുടെ വീട്ടില്‍വച്ച് മന്‍ദീപ് ഭാസ്‌കരനെ ക്രൂരമായി മര്‍ദിക്കുകയും തല ഭിത്തിയില്‍ ഇടിപ്പിക്കുകയുമായിരുന്നു. തുടര്‍ന്നാണ് ഭാസ്‌കരനെ ആശുപത്രിയിലെത്തിച്ചത്.