കോതമംഗലം: എക്‌സൈസ് ജീപ്പിന് തീയിട്ട യുവാവ് അറസ്റ്റില്‍. പുന്നേക്കാട് കളപ്പാറ പാലക്കല്‍ ജിത്താ(19)ണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രി 9.45നാണ് സംഭവം. പുന്നേക്കാട് ജങ്ഷന് സമീപം റോഡരികിലായി സ്ഥിതി ചെയ്യുന്ന കുട്ടമ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിന്റെ മുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന ജീപ്പിനാണ് തീയിട്ടത്.
ജീപ്പിന്റെ പിന്നിലെ പടുതയില്‍ മണ്ണെണ്ണ ഒഴിച്ച് തീയിടുകയായിരുന്നു. പുകയും മണവും ശ്രദ്ധയില്‍പ്പെട്ട പാറാവുകാരനും നാട്ടുകാരും ഓടിയെത്തിയാണ് തീയണച്ചത്. അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞ വര്‍ഷം കഞ്ചാവ് കേസില്‍ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. ഇതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തെത്തുടര്‍ന്നാണ് വാഹനത്തിന് തീയിട്ടത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.