കോഴിക്കോട്: ലഹരി സംഘങ്ങളുമായുള്ള അടുത്ത ബന്ധത്തെത്തുടര്‍ന്ന് പോലീസുകാരന് സസ്പെന്‍ഷന്‍. കോടഞ്ചേരി പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ റിജിലേഷിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ലഹരി സംഘങ്ങളുമായി ഇയാള്‍ക്കുള്ള ബന്ധം തെളിയിക്കുന്ന ഫോട്ടോകളും പുറത്തു വന്നിരുന്നു. പരാതിയെത്തുടര്‍ന്ന് കോഴിക്കോട് റൂറല്‍ എസ്പിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.
താമരശേരി അമ്പലമുക്ക് കൂരിമുണ്ടയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പ്രദേശവാസികളെയും പോലീസിനെയും ലഹരിസംഘം ആക്രമിച്ചിരുന്നു. ഈ സംഘം ഷെഡ് കെട്ടി താമസിച്ചിരുന്ന സ്ഥലത്തിന്റെ ഉടമ ചുരുട്ട അയ്യൂബ് എന്നയാള്‍ക്കൊപ്പമുള്ള റിജിലേഷിന്റെ ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു.
തുടര്‍ന്ന് സ്പെഷല്‍ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രാഥമിക അന്വേഷണം നടത്തുകയും നടപടിയെടുക്കുകയുമായിരുന്നു. ലഹരിമാഫിയ സംഘാംഗങ്ങളുമായുള്ള ബന്ധത്തിന്റെ പേരില്‍ ഇയാള്‍ക്കെതിരെ എം.എല്‍.എ. എം.കെ. മുനീറും ഡി.വൈ.എഫ്.ഐ. ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രതിഷേധിക്കുകയും പരാതി നല്‍കുകയും ചെയ്തിരുന്നു.