Advertisment

പിക്കപ്പ് വാനില്‍ മത്സ്യം നിറച്ച ബോക്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച 29 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

ആന്ധ്രയില്‍നിന്നും കോഴിക്കോട് വെള്ളയില്‍ ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. 

arrest news 344

കോഴിക്കോട്: പിക്കപ്പ് വാനില്‍ മത്സ്യം നിറച്ച ബോക്‌സുകള്‍ക്കിടയില്‍ ഒളിപ്പിച്ച് കടത്തിയ 29 കിലോഗ്രാം കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. മലപ്പുറം ചെമ്മങ്കടവ് പെരുവന്‍കുഴിയില്‍ നിസാര്‍ ബാബു(36), നല്ലളം സ്വദേശി അരീക്കാട് സഫ മന്‍സില്‍ മുഹമദ് ഫര്‍സാദ് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  വാഹനത്തില്‍ മത്സ്യം സൂക്ഷിക്കുന്ന പെട്ടികളിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.

Advertisment

കോഴിക്കോട് ബീച്ചിലെ കോര്‍പ്പറേഷന്‍ ഓഫീസിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്. പിടികൂടിയ കഞ്ചാവിന് പത്തു ലക്ഷത്തോളം വില വരുമെന്ന് പോലീസ് അറിയിച്ചു. ആന്ധ്രയില്‍നിന്നും കോഴിക്കോട് വെള്ളയില്‍ ഭാഗത്തേക്ക് വില്‍പനക്കായി കൊണ്ടുവന്നതാണ് പിടിച്ചെടുത്ത കഞ്ചാവ്. 

ആര്‍ക്കും സംശയം തോന്നാത്ത വിധത്തില്‍ വാഹനത്തിന്റെ മധ്യഭാഗത്ത് രണ്ട് പെട്ടികളിലായി കഞ്ചാവ് ഒളിപ്പിച്ച് അതിന് ചുറ്റും അന്‍പത് പെട്ടിയോളം മത്സ്യം നിറച്ചാണ് ആന്ധ്രയില്‍ നിന്നും വാഹനം വന്നത്. ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡും ടൗണ്‍ പോലീസും നഗരത്തില്‍ ലഹരിക്കെതിരേ നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. കഞ്ചാവ് നല്‍കിയവരെക്കുറിച്ചും വില്‍പനയെക്കുറിച്ചുമറിയാന്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്ത് അന്വേഷണം നടത്തുമെന്ന് ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ബൈജു കെ. ജോസ് പറഞ്ഞു.

കോഴിക്കോട് ഭാഗത്തേക്ക് മത്സ്യം കൊണ്ടുവരുന്ന പിക്കപ്പ് വാനില്‍ കഞ്ചാവ് കൊണ്ടുവരുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടു മാസമായി ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് കോഴിക്കാട് ബേപ്പൂര്‍, പുതിയാപ്പ, വെള്ളയില്‍ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു. 

കോഴിക്കോട് സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി. ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാന്‍സാഫ്, നാര്‍ക്കോട്ടിക്ക് ഷാഡോ ടീം, എസ്‌ഐ എ. സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് ലഹരിവേട്ട നടത്തിയത്.

Advertisment