പന്തളം: പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് എറണാകുളത്തു പിടിയില്‍. ഉളനാട് ചിറക്കരോട്ടു വീട്ടില്‍ അനന്തു അനിലി(22)നെയാണ് ഒളിവില്‍ കഴിയുന്നതിനിടെ അറസ്റ്റ് ചെയ്തത്. രണ്ടു വര്‍ഷം മുമ്പാണ് സോഷ്യല്‍ മീഡിയയിലൂടെ ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. കഞ്ചാവ് കേസിലും പ്രതിയാണ് അനന്തു.
തുടര്‍ന്ന് ഇരുവരും പ്രണയത്തിലാകുകയും കൂട്ടിക്കൊണ്ടുപോയി പ്രലോഭിപ്പിച്ചും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയും യുവാവ് പീഡിപ്പിച്ചെന്നുമാണ് പരാതി. കഴിഞ്ഞ ഡിസംബറില്‍ ബൈക്കില്‍ അടൂരിലെ ലോഡ്ജില്‍ എത്തിച്ചു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ കൊണ്ടുപോയും പീഡനം തുടര്‍ന്നു.
പീഡനവിവരം പുറത്തുപറഞ്ഞാല്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. പീഡനവിവരം കുട്ടി അമ്മയെ അറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
കേസെടുത്ത പോലീസ് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ എറണാകുളം നോര്‍ത്ത് റെയില്‍വേസ്റ്റേഷന് സമീപത്തു നിന്നുമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐ അനില്‍കുമാര്‍, എ.എസ്.ഐ മഞ്ചുമോള്‍, സി.പി.ഓമാരായ അന്‍
വര്‍ഷാ, അമീഷ്, നാദിര്‍ഷാ, രഞ്ജിത്ത് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.