തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നുള്ള രഹസ്യവിവരം അന്വേഷിക്കാന്‍ ചെന്ന മുളവുകാട് പോലീസ് സ്‌റ്റേഷനിലെ രണ്ടു പോലീസുകാരെ ആക്രമിച്ചു മൊബൈല്‍ ഫോണ്‍ കവര്‍ന്ന അഞ്ചംഗ സംഘം അറസ്റ്റില്‍.
റഫിന്‍ ജോസഫ്, നന്ദരജ്, ലെസ്വിന്‍ റസാരിയോ, ലോവിന്‍ റസാരിയോ, വിന്‍സ്റ്റണ്‍ നെല്‍സണ്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. പനമ്പുകാട് പ്രദേശത്ത് മയക്കുമരുന്ന് ഉപയോഗിച്ച ശേഷം ചെറുപ്പക്കാര്‍ കൂട്ടംകൂടി പ്രദേശവാസികള്‍ക്ക് ശല്യമാകുംവിധം ബഹളം നടക്കുന്നെന്ന് സ്റ്റേഷനിലേക്ക് പരാതി വിളിച്ചു പറഞ്ഞത്. തുടര്‍ന്ന് പോലീസ് മഫ്തിയില്‍ കാര്യം അന്വേഷിക്കാനായി മേഖലയിലേക്ക് ചെന്നു.
പരിസരവാസികള്‍ക്ക് പരാതിയുണ്ടെന്നും ബഹളമുണ്ടാക്കാതെ ഇരിക്കണമെന്നും പോലീസുകാര്‍ പ്രതികളോട് പറഞ്ഞു. എന്നാല്‍ പ്രതികള്‍ ഇത് ചോദ്യം ചെയുകയും പോലീസുകാരെ അസഭ്യം പറയുകയും ആക്രമിക്കുകയുമായിരുന്നു. പോലീസുകാരന്റെ മൊബൈല്‍ പ്രതികളിലൊരാള്‍ പിടിച്ചുപറിച്ചുകൊണ്ട് ഓടിപ്പോകുകയും ചെയ്തു.
പിന്നീട് കൂടെയുണ്ടായിരുന്ന പോലീസുകാരന്‍ വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കൂടുതല്‍ പോലീസെത്തി പോലീസുകാരെ മോചിപ്പിക്കുകയും രക്ഷപെടാന്‍ ശ്രമിച്ച പ്രതികളെ പിടികൂടുകയുമായിരുന്നു. മര്‍ദ്ദനമേറ്റ പോലീസുകാര്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.