എസ്‌റ്റേറ്റിലെ എണ്ണപ്പനത്തോട്ടത്തില്‍നിന്ന് മ്ലാവിനെ കൊന്ന് ഇറച്ചി കടത്തി; ഒളിവില്‍ പോയ നാലംഗ സംഘം അറസ്റ്റില്‍

മ്ലാവിന്റെ അവശിഷ്ടങ്ങളും വാഹനങ്ങളും ഒരു ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളുമായി തെളിവെടുപ്പ് നടത്തി.  

New Update
56788

കൊല്ലം: മ്ലാവിനെ വേട്ടയാടി കൊന്ന് ഇറച്ചിയാക്കി കടത്തിയ കേസില്‍ നാലുപേരെ വനംവകുപ്പ്  അറസ്റ്റ് ചെയ്തു. കുളത്തുപ്പുഴ സ്വദേശികളായ തോമസ് ബേബി (തലപ്പച്ച ബിജു-41), ഷിബിന്‍ (32),    ഷൈജു (46), ഏഴംകുളം കടമാന്‍ങ്കോട് സ്വദേശി ബിംബിസാരന്‍ നായര്‍ (ബേബി-41) എന്നിവരെയാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 

Advertisment

മ്ലാവിന്റെ അവശിഷ്ടങ്ങളും വാഹനങ്ങളും ഒരു ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളുമായി തെളിവെടുപ്പ് നടത്തി.  കഴിഞ്ഞ ജൂണ്‍ 11നാണ് സംഭവം. കുളത്തുപ്പുഴ ഓയില്‍ പാം എസ്‌റ്റേറ്റിലെ എണ്ണപ്പന തോട്ടത്തില്‍നിന്ന് മ്ലാവിനെ വേട്ടയാടി ഇറച്ചിയാക്കിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് എടുക്കുകയായിരുന്നു. ഇതോടെ പ്രതികള്‍ കടന്നുകളയുകയായിരുന്നു. 

മ്ലാവിന്റെ അവശിഷ്ടങ്ങള്‍ തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലേക്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചതായും പ്രതികളെ പുനലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്നും റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ടി. സജു പറഞ്ഞു.

അഞ്ചല്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സജീവന്‍, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ അനില്‍കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസ് ഫോറസ്റ്റ് ഓഫീസര്‍മാരായ ലിജു താജുദ്ദീന്‍, വി. ബിന്ദു, വി. വില്ലാസ്, സി.ടി.  അഭിലാഷ് കുമാര്‍, ബീറ്റ് ഓഫീസര്‍മാരായ അഭിലാഷ്, എസ്. അനു, ആഷ്‌ന ഷാനവാസ്, റിസര്‍വ് ഫോറസ്റ്റ് വാച്ചര്‍ പ്രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Advertisment