പത്തനംതിട്ട: ആറന്മുളയില്‍ അതിഥി തൊഴിലാളികളുടെ വിവര ശേഖരണവുമായി ബന്ധപ്പെട്ടുള്ള പരിശോധനയില്‍ കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരന്മാര്‍ പിടിയില്‍. കോഴഞ്ചേരി തെക്കേ മലയില്‍ ഒളിവില്‍ താമസിച്ചിരുന്ന തിരുനെല്‍വേലി പള്ളികോട്ടൈ, നോര്‍ത്ത് സ്ട്രീറ്റില്‍ പള്ളികോട്ടെ മാടസ്വാമി (27), സഹോദരന്‍ സുഭാഷ് (25) എന്നിവരാണ് പിടിയിലായത്. കോഴഞ്ചേരിയിലും തെക്കേമലയിലും ലോട്ടറി വില്‍പ്പന നടത്തിവരികയായിരുന്നു പ്രതികള്‍.
സംശയാസ്പദമായി കണ്ട ഇവരെ വിശദമായി ചോദ്യം ചെയ്തും തമിഴ്‌നാട് പോലീസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണത്തിലാണ് പ്രതികളുടെ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞത്. തമിഴ്‌നാട്ടില്‍ മൂന്ന് കൊലപാതക കേസുകള്‍, കവര്‍ച്ച കേസുകള്‍ ഉള്‍പ്പടെ 19 കേസുകളില്‍ പ്രതിയാണ് മാടസ്വാമി. മൂന്നു കൊലക്കേസുകള്‍ ഉള്‍പ്പെടെ പതിനൊന്നോളം കേസുകളില്‍ പ്രതിയാണ് സുഭാഷ്.
നാല് വര്‍ഷമായി ഇവരുടെ മാതാപിതാക്കള്‍ തെക്കേ മലയിലും പരിസരപ്രദേശങ്ങളിലും വാടകയ്ക്ക് താമസിക്കുകയയിരുന്നു. ആറു മാസമായി രണ്ടു പേരും മാതാപിതാക്കള്‍ക്കൊപ്പം വന്നു താമസിക്കുകയായിരുന്നു.
പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അജിത്തിന്റെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ നടന്നുവരുന്ന അതിഥി തൊഴിലാളികളുടെ വിവരശേഖരണവുമായി ബന്ധപ്പെട്ട് ആറന്മുള പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരായ ഉമേഷ് ടി. നായര്‍, നാസര്‍ ഇസ്മായില്‍ എന്നിവര്‍ ചേര്‍ന്ന് കണ്ടെത്തിയ ഇവരെ പത്തനംതിട്ട ഡിവൈഎസ്പി എസ്. നന്ദകുമാര്‍, ആറന്മുള ഇന്‍സ്‌പെക്ടര്‍ സി.കെ. മനോജ്, എസ്.ഐ ജയന്‍, ജോണ്‍സണ്‍, ഹരികൃഷ്ണന്‍, രമ്യ സുനില്‍, വിനോദ് എന്നിവര്‍ അടങ്ങിയ സംഘം വിശദമായി ചോദ്യംചെയ് ശേഷം തമിഴ്‌നാട് പോലീസിന് കൈമാറി.