ആലപ്പുഴ: ചിന്നക്കനാല്‍ പോലീസിനെ ആക്രമിച്ച സംഭവത്തിലും കായംകുളത്തെ മീറ്റര്‍ പലിശ ഇടപാടിലും ഉള്‍പ്പെടെയുള്ള കേസുകളില്‍ പിടിയിലായ പ്രതികളുമായി കായംകുളം പോലീസ് തെളിവെടുപ്പ് നടത്തി. ഹോട്ടല്‍ ഉടമയെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ കേസിലാണ് കായംകുളം പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങിയത്.
കായംകുളം മുക്കടയിലെ കാട്ടൂസ് കിച്ചണ്‍ എന്ന ഹോട്ടല്‍ നടത്തുന്ന വ്യാപാരിയെ തട്ടിക്കൊണ്ടു പോയി 24000 രൂപ പിടിച്ചു പറിച്ചെടുത്തെന്നാണ് കേസ്. പത്തിയൂര്‍ എരുവ പടിഞ്ഞാറ് കോട്ടയില്‍ ഫിറോസ് ഖാന്‍, കൃഷ്ണപുരം പുള്ളിക്കണക്ക് കുന്നത്ത് വീട്ടില്‍ സജീര്‍, കീരിക്കാട് പുളിവേലില്‍ വീട്ടില്‍ സെമീര്‍ ബാബു, പത്തിയൂര്‍ എരുവ വാണിയന്റയ്യത്ത് വീട്ടില്‍ മുഹമ്മദ് മുനീര്‍, കായംകുളം കാഴ്ച കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്‍ എന്നിവരാണ് പ്രതികള്‍.
കായംകുളത്തെ പ്രമുഖ മീറ്റര്‍ പലിശക്കാരനായ ഫിറോസ് ഖാനെ(ഷിനു)തിരെയും ഇയാളുടെ സംഘത്തിനെതിരേയും മീറ്റര്‍ പലിശയുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്ന് കായംകുളം ഡിവൈഎസ്പി അജയ്‌നാഥ് പറഞ്ഞു.