ഗാനമേളയ്ക്കിടെ കണ്ണൂർ മേയറെ കയ്യേറ്റം ചെയ്യാൻ ശ്രമം; പ്രതി അറസ്റ്റിൽ

ദസറ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കണ്ണൂർ കോർപ്പറേഷൻ ഗാനമേള സംഘടിപ്പിച്ചത്.

New Update
knr mayor attack

കണ്ണൂർ: ഗാനമേളയ്ക്കിടെ കണ്ണൂർ മേയർ അഡ്വ. ടി ഒ മോഹനന് നേരെ ആക്രമണം. സംഭവത്തിൽ അയവിൽ സ്വദേശി ജബ്ബാറിനെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌റ്റേജിൽ കയറി നൃത്തം ചെയ്യുന്നത് തടയാൻ ശ്രമിച്ചപ്പോഴായിരുന്നു ജബ്ബാർ മോഹനനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചത്.

Advertisment

ദസറ ആഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കണ്ണൂർ കോർപ്പറേഷൻ ഗാനമേള സംഘടിപ്പിച്ചത്. കണ്ണൂർ ഷെരീഫായിരുന്നു ഗാനമേള നടത്തിയിരുന്നത്. ഇതിനിടെ ജബ്ബാർ സ്റ്റേജിൽ കയറി നൃത്തം ചെയ്തു. ഇതോടെ വളണ്ടിയർമാർ ഗാനമേള സംഘത്തോട് അന്വേഷിക്കുകയായിരുന്നു. കൂട്ടത്തിലുള്ള ആളല്ലെന്ന് ഇവർ അറിയിച്ചതോടെ വളണ്ടിയർമാർ ഇയാളെ സ്റ്റേജിൽ നിന്നും താഴെയിറക്കി. എന്നാൽ വീണ്ടും സ്റ്റേജിന് മുകളിൽ കയറി നൃത്തം ചെയ്യുകയായിരുന്നു.

ഇതോടെയാണ് മേയർ എത്തി ഇറക്കിവിടാൻ ശ്രമിച്ചത്. എന്നാൽ പ്രകോപിതനായ ജബ്ബാർ മേയറെ പിടിച്ച് തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നു. ഇയാളുടെ ആക്രമണത്തിൽ വളണ്ടിയർമാരായ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. പിന്നീട് ടൗൺ പോലീസ് എത്തി ഇയാളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇയാൾ മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു.

 

kannur
Advertisment