Advertisment

ശമ്പളത്തിനും ചെലവുകൾക്കും പണമില്ല. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിഞ്ഞ് കാർഷിക സർവകലാശാല. ഭൂമി പണയം വച്ച് 40കോടി വായ്പയെടുത്ത് പിടിച്ചുനിൽക്കാൻ ശ്രമം. പെൻഷൻ, ശമ്പള കുടിശിക നൽകാനുള്ളത് 150കോടി. കടമെടുത്ത് തുടങ്ങുന്നത് വൻ ഫീസുള്ള സ്വാശ്രയ കോഴ്സുകൾ. കെ.എസ്.ആർ.ടി.സിയുടെ ഗതിയാവുമോ കാർഷിക സർവകലാശാലയ്ക്കും

ശമ്പളത്തിനും നിത്യചെലവുകൾക്കും പോലും പണമില്ലാതെ വലയുകയാണ് കാർഷിക യൂണിവേഴ്സിറ്റി. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ, ശമ്പള പരിഷ്കരണത്തിലൂടെയുണ്ടായ അരിയർ എന്നിങ്ങനെ ഇനങ്ങളിൽ 150കോടിയാണ് സർവകലാശാല നൽകാനുള്ളത്.

jhgfdszzdxfcgvhbjkl

തിരുവനന്തപുരം: ശമ്പളത്തിനും നിത്യചെലവുകൾക്കും പോലും പണമില്ലാതെ വലയുകയാണ് കാർഷിക യൂണിവേഴ്സിറ്റി. അദ്ധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻ ആനുകൂല്യങ്ങൾ, ശമ്പള പരിഷ്കരണത്തിലൂടെയുണ്ടായ അരിയർ എന്നിങ്ങനെ ഇനങ്ങളിൽ 150കോടിയാണ് സർവകലാശാല നൽകാനുള്ളത്. പിടിച്ചുനിൽക്കാൻ ഒരു വഴിയുമില്ലാതെ, സ്വന്തം ഭൂമി ഈടുവച്ച് 40കോടി വായ്പയെടുക്കാൻ ഒരുങ്ങുകയാണ് യൂണിവേഴ്സിറ്റി. ഈ തുക കൊണ്ട് ബാദ്ധ്യതയുടെ ഒരുഭാഗം കൊടുത്തുതീർക്കുകയും പുതിയ കോഴ്സുകൾ തുടങ്ങുകയും ചെയ്യും. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ബി അശോകാണ് യൂണിവേഴ്സിറ്റി വൈസ്ചാൻസലറുടെ ചുമതല വഹിക്കുന്നത്.

Advertisment



സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ഒരു വഴിയുമില്ലാതായപ്പോഴാണ്  ഭൂമി പണയപ്പെടുത്തി  40 കോടി രൂപ സമാഹരിക്കാൻ കേരള കാർഷിക സർവകലാശാല തീരുമാനിച്ചത്.  പൊതുമേഖലാ ബാങ്കുകളിൽ നിന്നും വായ്പ എടുക്കുന്നതിനാണ് നീക്കം. കാർഷിക സർവകലാശാല ഭരണസമിതി ഇത്‌ സംബന്ധിച്ച് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ  ഉത്തരവ് പുറത്തിറങ്ങി. ഭൂമി വിറ്റ് ഫണ്ട് കണ്ടെത്താനായിരുന്നു ആദ്യ തീരുമാനമെങ്കിലും വിവാദമാകുമെന്നത് കണക്കിലെടുത്ത് വായ്പ എടുക്കുന്നതിന് തീരുമാനിക്കുകയായിരുന്നു.  കേരളാ ബാങ്കുമായും വായ്പയെടുക്കാൻ ചർച്ച നടത്തുന്നുണ്ട്.

ലോൺ തിരിച്ചടയ്ക്കാനുള്ള സാമ്പത്തിക സ്ഥിതിയല്ല സർവകലാശാലയ്ക്ക്. അതിനാൽ വായ്പ തിരിച്ചടവിൽ കെ.എസ്.ആർ.ടി.സിയുടെ സ്ഥിതിയാവാനാണ് സാദ്ധ്യത. എല്ലാ ജില്ലകളിലുമുള്ള കണ്ണായ ഭൂമിയും ഡിപ്പോകളും പണയം വച്ചാണ് കെ.എസ്.ആർ.ടി.സി കോടികൾ കടമെടുത്ത് ഏറെക്കാലം ചെലവ് കഴിച്ചിരുന്നത്. ഇപ്പോൾ വായ്പാ തിരിച്ചടവിനു പോലും വഴിയില്ലാതെ നട്ടംതിരിയുകയാണ്. ജീവനക്കാർക്ക് ഓണത്തിനു പോലും ശമ്പളം നൽകാനായത് ഹൈക്കോടതി കർശന നിർദ്ദേശം നൽകിയ ശേഷമാണ്. വിത്തെടുത്ത് കുത്തിയ കെ.എസ്.ആർ.ടി.സിയുടെ അതേ ഗതിയാവും കാർഷിക യൂണിവേഴ്സിറ്റിക്കുമെന്നാണ് അവിടത്തെ അദ്ധ്യാപകരും ജീവനക്കാരും പറയുന്നത്.

സ്വന്തം ഭൂമി പണയം വച്ച കോടികൾ കൊണ്ട് പുതിയ ഡിപ്ലോമ കോഴ്സുകൾ, ബിരുദാനന്തര ബിരുദ, ഗവേഷണ കോഴ്സുകൾ എന്നിവ തുടങ്ങാനാണ് തീരുമാനം. ഈ കോഴ്സുകൾക്കെല്ലാം വമ്പൻ ഫീസ് നിരക്കായിരിക്കും.  കൂടാതെ എൻ.ആർ.ഐ, ഇന്റർനാഷണൽ സീറ്റുകൾ എന്നിവയ്ക്കും ഉയർന്ന ഫീസായിരിക്കും. ഇതിനായി സർവകലാശാല ചട്ടങ്ങൾ ഭേദഗതി ചെയ്യാനായി സർക്കാരിനോട് ശുപാർശ  ചെയ്തിട്ടുണ്ട്. ഈ വരുമാനമുപയോഗിച്ച് വായ്പ തിരിച്ചടയ്ക്കാമെന്നാണ് സർവകലാശാലയുടെ കണക്കുകൂട്ടലെങ്കിലും അത് അസാദ്ധ്യമാണെന്നാണ് വിലയിരുത്തൽ. ഉയർന്ന ഫീസിൽ ഇത്രയും കോഴ്സുകളിൽ പഠിക്കാൻ കുട്ടികളില്ലാതെ വരും. അങ്ങനെയായാൽ വായ്പാ തിരിച്ചടവ് മുടങ്ങുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.



കൃഷി അനുബന്ധ വിദ്യാഭ്യാസവും ഗവേഷണവും, വിജ്ഞാനവ്യാപനവുമാണ് സർവ്വകലാശാലയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ എന്നിരിക്കെ കേരളത്തിലെ ഇതര സർവകലാശാലകൾ നടത്തുന്ന പല കോഴ്സുകളുമാണ്  കാർഷിക സർവകലാശാലയിൽ പുതുതായി ആരംഭിക്കുന്നത്.  നിലവിൽ മറ്റ്  സർവകലാശാലകളിൽ  പല കോഴ്സുകൾക്കും വേണ്ടത്ര വിദ്യാർത്ഥികൾ ഇല്ലാത്ത സാഹചര്യത്തിൽ  താൽക്കാലിക  അധ്യാപകരെ ചുമതലപ്പെടുത്തി കൊണ്ടും  വേണ്ടത്ര സൗകര്യങ്ങൾ ഏർപ്പെടുത്താതെയും കോഴ്സുകൾ നടത്തുന്നത് സർവ്വകലാശാലയ്ക്ക് വൻ ബാധ്യത സൃഷ്ടിക്കുമെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്.

സർവകലാശാല കടബാദ്ധ്യതയിലാണെങ്കിലും അടുത്തിടെ  70 ലക്ഷം രൂപ വായ്പയെടുത്ത് വൈസ് ചാൻസലർക്കും

രജിസ്ട്രാർക്കും വേണ്ടി ആഡംബര വാഹനങ്ങൾ വാങ്ങാൻ തീരുമാനമെടുത്തത് വിവാദമായിരുന്നു. പുതിയ വാഹനങ്ങൾ വാങ്ങുന്നതിലടക്കം പരമാവധി ചെലവ് ചുരുക്കണമെന്ന സർക്കാർ ഉത്തരവ് വകവയ്ക്കാതെയാണ് കാർഷിക സർവകലാശാല വാഹനങ്ങൾ വാങ്ങിക്കൂട്ടുന്നത്.   സർവ്വകലാശാല പദ്ധതിയിതര ഗ്രാന്റ് മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന് സർക്കാരിന്റെ കർശനനിർദേശം നിലനിൽക്കെ ഫണ്ട് വക മാറ്റി മറ്റു പ്രവർത്തികൾക്ക് ഉപയോഗിക്കുന്നത് സർവ്വകലാശാലയിൽ പതിവാണ്.

ഭൂമി പണപ്പെടുത്തി കടം വാങ്ങുന്ന വിഷയം കാർഷിക സർവകലാശാലയുടെ പരമോന്നത സഭയായ ജനറൽ കൗൺസിലിൽ ചർച്ച ചെയ്തിട്ടില്ല. റവന്യൂ മന്ത്രി അംഗമായ കാർഷിക സർവകലാശാല ഭരണസമിതിയാണ് ഭൂമി പണയപ്പെടുത്തി വായ്പയെടുത്ത് പുതിയ കോഴ്സുകൾ ആരംഭിക്കാനുള്ള ശുപാർശ അംഗീകരിച്ചിട്ടുള്ളത്. സിപിഎം-സിപിഐ തർക്കം രൂക്ഷമായ കാർഷിക സർവകലാശാലയിൽ നാലു വർഷമായി സർവ്വകലാശാല ഭരണസമിതി പുനസംഘടിപ്പിച്ചിട്ടില്ല. നിലവിൽ ഒല്ലൂർ എംഎൽഎയും റവന്യൂ വകുപ്പുമന്ത്രിയുമായ കെ രാജൻ മാത്രമാണ് ഉദ്യോഗസ്ഥരല്ലാത്ത ഭരണസമിതി അംഗമായി ഉള്ളത്. റവന്യൂ മന്ത്രിയെ നോക്കുകുത്തിയാക്കി വൈസ് ചാൻസലർ അടക്കമുള്ള ഉദ്യോഗസ്ഥർ എടുക്കുന്ന തീരുമാനങ്ങളാണ് സർവ്വകലാശാല ഭരണസമിതി കൈക്കൊള്ളുന്നതെന്ന് ആരോപണമുണ്ട്.

#agriculture salary
Advertisment