Advertisment

ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം: പ്രതിക്കെതിരായ ശിക്ഷാ വിധി നാളെ

എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക.

New Update
1397299-asafak-alam.webp

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതി അസഫാഖ് ആലമിനെതിരായ ശിക്ഷ നാളെ വിധിക്കും. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് ശിക്ഷ വിധിക്കുക. ജൂലൈ 28നാണ് ഇതര സംസ്ഥാന തൊഴിലാളിയുടെ മകളായ അഞ്ചുവയസുകാരിയെ പ്രതി അസഫാഖ് ആലം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുന്നത്. അതിവേഗം നടപടിക്രമങ്ങൾ പൂർത്തിയായ കേസിൽ സംഭവം നടന്ന് 110ാം ദിവസമാണ് ശിക്ഷാ വിധി.

Advertisment

എറണാകുളം പോക്‌സോ കോടതിയിലുള്ള കേസിൽ അസഫാഖ് ആലമിനെതിരെ ചുമത്തിയ മുഴുവൻ കുറ്റങ്ങളും തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു. കൊലപാതകം, പീഡനം, തെളിവു നശിപ്പിക്കൽ ഉൾപ്പെടെ പരമാവധി ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് പ്രതിക്കെതിരെ തെളിഞ്ഞത്. പ്രതി മാനസാന്തരപ്പെടാൻ സാധ്യതയുണ്ടോ എന്ന റിപ്പോർട്ടും കോടതി പരിശോധിച്ചിട്ടുണ്ട്. ഇക്കാര്യം കൂടി പരിഗണിച്ച ശേഷമായിരിക്കും ശിക്ഷാ വിധി.

നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകത്തിൽ 34 ദിവസം കൊണ്ട് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. 26 ദിവസങ്ങൾ മാത്രമെടുത്താണ് വിചാരണ പൂർത്തിയായത്. പെൺകുട്ടിയുടെ അച്ഛനെയും അമ്മയെയും ഉൾപ്പെടെ 44 സാക്ഷികളെ പ്രോസിക്യൂഷനും പ്രതിഭാഗവും വിസ്തരിച്ചു. പെൺകുട്ടി ധരിച്ച വസ്ത്രങ്ങൾ ഉൾപ്പെടെ പത്ത് തൊണ്ടിമുതലും സിസിടിവി ദൃശ്യങ്ങളുമാണ് കോടതിയിൽ അന്വേഷണ സംഘം തെളിവായി ഹാജരാക്കിയത്. ശിശുദിനത്തിൽ കോടതി ശിക്ഷ വിധിക്കുമ്പോൾ പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്റെയും പെൺകുട്ടിയുടെ കുടുംബത്തിന്റെയും പ്രതീക്ഷ.

Aluva
Advertisment