മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ വിവിധ ഭാഷാ തൊഴിലാളിയുടെ മകനെ മരിച്ച നിലയിൽ കണ്ടെത്തി. 13 കാരനായ റഹ്മത്തുള്ളയാണ് മരിച്ചത്. അസം സ്വദേശി മുത്തലിബ് അലിയുടെ മകനാണ് റഹ്മത്തുള്ള.
ഉച്ചയോടെയായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടത്. മണിക്കൂറുകളായി കുട്ടിയെ കാണാനില്ലായിരുന്നു. ഇതിനിടെയാണ് കുട്ടിയുടെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കണ്ടത്. ഷോക്കേറ്റ് മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം റഹ്മത്തുള്ളയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. പോസ്റ്റ്‌മോർട്ടത്തിന് ശേഷമേ യഥാർത്ഥ മരണ കാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.