/sathyam/media/media_files/inMo7BAepXSmGswGRJPh.jpg)
തിരുവനന്തപുരം: ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയില്‍ നടന്‍ അലന്‍സിയര്‍ നടത്തിയ പരാമര്‍ശം തികച്ചും അപലപനീയമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സാംസ്‌കാരിക കേരളത്തിന് നിരക്കാത്ത പരാമര്‍ശം പിന്‍വലിച്ച് അലന്‍സിയര്‍ ഖേദം രേഖപ്പെടുത്തണമെന്നും ചിഞ്ചു റാണി ആവശ്യപ്പെട്ടു.
മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന സ്ത്രീവിരുദ്ധത സ്ഥലകാല ബോധമില്ലാതെ പുറത്തുവന്നതിന്റെ തെളിവാണിത്. സ്ത്രീപക്ഷ കാഴ്ച്ചപ്പാട് മുന്നോട്ടുവെച്ചുകൊണ്ടാണ് സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പം നല്‍കുന്നത്. സര്‍ഗാത്മകതയുള്ള ഒരു കലാകാരനില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണിതെന്നും ചിഞ്ചുറാണി പറഞ്ഞു.
വ്യാഴാഴ്ച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ വേദിയിലാണ് അലന്‍സിയര്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയത്. ചലച്ചിത്ര അവാര്‍ഡിലെ സ്ത്രീ ശില്‍പം മാറ്റി ആണ്‍കരുത്തുള്ള ശില്‍പമാക്കണമെന്നായിരുന്നു ആവശ്യം. ആണ്‍ രൂപമുള്ള ശില്‍പം ഏറ്റുവാങ്ങുന്ന അന്ന് അഭിനയം മതിയാക്കുമെന്നും അലന്‍സിയര്‍ പറഞ്ഞിരുന്നു. 'നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്. സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്.
എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍ കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും,' എന്നാണ് അലന്‍സിയര്‍ പറഞ്ഞത്.