കോഴിക്കോട് മെഡിക്കല്‍ കോളേജിലെ നിയമന അഴിമതി; ഒന്നരക്കോടിയുടെ തട്ടിപ്പ് നടന്നതായി പൊലീസ്

ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണെന്നും സ്വാധീനമുണ്ടെന്നും ഉദ്യോഗാര്‍ഥികളെ ധരിപ്പിച്ചാണ് ദിദിന്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്.

New Update
clt med c

കോഴിക്കോട്: മെഡിക്കല്‍ കോളേജിലെ നിയമന തട്ടിപ്പില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്. ഒന്നരക്കോടിയുടെ തട്ടിപ്പ് നടന്നുവെന്നാണ് പ്രാഥമിക കണ്ടെത്തല്‍. വാര്‍ത്ത റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടതിനുപിന്നാലെ ഇതുവരെ 15 പരാതികളാണ് മെഡിക്കല്‍ കോളേജ് പൊലീസില്‍ ലഭിച്ചത്.

Advertisment

ആശുപത്രി വികസന സമിതി നടത്തുന്ന കരാര്‍ നിയമനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടന്നത്. ലക്ഷങ്ങള്‍ പലരില്‍ നിന്നായി സ്വീകരിച്ച പ്രതി ദിദിന്‍കുമാര്‍ മുങ്ങി. ഒന്നര വര്‍ഷം മുന്‍പ് വരെ പണം നല്‍കിയവര്‍ക്ക് ജോലിയും കിട്ടിയില്ല പണവും തിരികെ ലഭിച്ചില്ല. പിന്നാലെയാണ് പരാതികള്‍ ഉയര്‍ന്നത്.

ആശുപത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണെന്നും സ്വാധീനമുണ്ടെന്നും ഉദ്യോഗാര്‍ഥികളെ ധരിപ്പിച്ചാണ് ദിദിന്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്. ആശുപത്രി ജീവനക്കാരന്‍ സിദ്ദീഖിന് തട്ടിപ്പില്‍ പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. മെഡിക്കല്‍ കോളേജ് എസിപി യുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

അതേസമയം ദിദിന്‍ കുമാര്‍ മെഡിക്കല്‍ കോളേജില്‍ ജീവനക്കാരനായിരുന്നില്ലെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒളിവില്‍ കഴിയുന്ന പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജ്ജിതമാണ്. വരും ദിവസങ്ങളിലും കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ഉയര്‍ന്നു വരുമെന്നാണ് പൊലീസിന്റെ് കണക്കുക്കൂട്ടല്‍.

kozhikkode medical college
Advertisment