കോഴിക്കോട് : നിപ വൈറസ് പടർന്ന സാഹചര്യത്തിൽ പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ വകവെയ്ക്കാതെ കോഴിക്കോട് എൻഐടി. നിയന്ത്രണം ലംഘിച്ച് ക്ലാസും പരീക്ഷയും നടത്തുന്നതായി വിദ്യാർത്ഥികൾ ആരോപിച്ചു. കോളേജ് നിലനിൽക്കുന്നത് കണ്ടെയ്ൻമെന്റ് സോൺ അല്ലാത്തതിനാൽ അവധി നൽകില്ലെന്ന് നിലപാടിലാണ് കോളേജ് അധികൃതർ. നിപ ബാധിച്ച് രണ്ട് പേർ മരിച്ച സാഹചര്യത്തിൽ വലിയ നിയന്ത്രണമാണ് കോഴിക്കോട് ജില്ലയിൽ ഏർപ്പെടുത്തിയിട്ടുള്ളത്.
നാളെയും പരീക്ഷയും ക്ലാസും ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചതായി വിദ്യാർത്ഥികൾ വിശദീകരിച്ചു. നിപ ജാഗ്രതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ സ്കൂൾ അധ്യയനം ഓൺലൈനിലേക്ക് മാറിയിരിക്കുകയാണ്. സെപ്റ്റംബർ 23 ശനിയാഴ്ച വരെയെന്ന് ക്ലാസുകൾ ഓൺലൈനായി നടത്തുക. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓൺലൈൻ ക്ലാസുകൾ മാത്രമായിരിക്കുമെന്നും വിദ്യാർത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശിപ്പിക്കരുതെന്നും കളക്ടറുടെ ഉത്തരവിലുണ്ട്.
കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാർഡുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്‍റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. നിയന്ത്രണം ലംഘിച്ച് ജില്ലാ അത്ലറ്റിക് അസോസിയേഷന്‍ കിനാലൂര്‍ ഉഷാ സ്കൂള്‍ ഓഫ് അതല്റ്റിക്സ് ഗ്രൗണ്ടില്‍ നടത്തിയ സെലക്ഷന്‍ ട്രയല്‍സ് പൊലീസ് നിര്‍ത്തി വെപ്പിച്ചു.