/sathyam/media/media_files/a8BVF6Mcq8NG0PcvFa7o.jpg)
തിരുവനന്തപുരം : കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഐ നേതാവ് എൻ ഭാസുരാംഗനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. കണ്ടല ബാങ്കിന്റെ മുൻ പ്രസിഡന്റാണ് ഭാസുരാംഗൻ. ബുധനാഴ്ച പുലര്‍ച്ചെ മുതൽ ഇ ഡി അന്വേഷണസംഘം കണ്ടല ബാങ്കിലും ഭാസുരാംഗന്റെ സ്ഥാപനങ്ങളിലും വീട്ടിലും പരിശോധന നടത്തിയിരുന്നു.
വിദഗ്ധ പരിശോധനകൾക്ക് ശേഷമാണ് ഇ ഡി ഭാസുരാംഗനെ കസ്റ്റഡിയിലെടുത്തത്. മിൽമയുടെ വാഹനത്തിലാണ് ഭാസുരാംഗനെ ഇ ഡി ഓഫീസിലേക്ക് കൊണ്ടുപോയത്. നിലവില്‍ മില്‍മ തെക്കന്‍ മേഖല അഡ്മിനിസ്‌ട്രേറ്ററാണ് സിപിഐ നേതാവായ ഭാസുരാംഗന്‍. നേരത്തെ ക്ഷീരയിലും അഴിമതി നടത്തിയിട്ടുള്ള നേതാവാണ് ഭാസുരാംഗൻ.
കണ്ടല ബാങ്ക് തട്ടിപ്പിൽ ഇ ഡി നേരത്തെ സഹകരണവകുപ്പിന്റെ പരിശോധന റിപ്പോര്‍ട്ട് വാങ്ങിയിരുന്നു. വ്യാജ വായ്പയും അനധികൃത നിയമനവും ഉള്‍പ്പെടെ 101 കോടി രൂപയുടെ ക്രമക്കേടാണ് കണ്ടല ബാങ്കില്‍ കണ്ടെത്തിയത്. സിപിഐ നേതാവായ എന്‍ ഭാസുരാംഗനാണ് കഴിഞ്ഞ 30 വര്‍ഷത്തിലേറെയായി ബാങ്ക് പ്രസിഡണ്ട്. ഈയിടെയാണ് ഭരണ സമിതി രാജിവെച്ചത്. നിലവില്‍ അഡ്മിനിസ്ട്രേറ്റീവ് ഭരണമാണ് ബാങ്കിൽ നടക്കുന്നത്.