/sathyam/media/media_files/NqXSZtT9YrFseAt6zQd6.jpg)
അനാരോഗ്യകരമായ ആഹാരശീലങ്ങൾ തന്നെയാണ് പക്ഷാഘാതം എന്ന രോഗാവസ്ഥയ്ക്ക് അടിത്തറയിടുന്നത്. അതുകൊണ്ടുതന്നെ സ്ട്രോക്ക് വന്നതിനുശേഷം ആഹാരത്തിൽ ശ്രദ്ധിക്കുന്നതിനേക്കാൾ ഒരു പടികൂടി പ്രധാനമാണ് സ്ട്രോക്കിന്റെ സാധ്യത ആഹാരക്രമീകരണത്തിലൂടെ കുറയ്ക്കുന്നത്.
ഉപ്പിന്റെ അമിത ഉപയോഗം ശരീരത്തിൽ ജലാംശം കൂട്ടുന്നു. തൽഫലമായി രക്താതിസമ്മർദവും സ്ട്രോക്കും ഉണ്ടാകുന്നു. അധികമായ പഞ്ചസാര ഉപയോഗത്തിലൂടെ രക്തക്കുഴലുകളിൽ അമിതമായി കൊഴുപ്പടിയുന്നു. തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നു. അമിത മദ്യപാനം രക്തസമ്മർദം വർധിപ്പിക്കും.
ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനുള്ള കഴിവു നഷ്ടപ്പെടുന്നതിനൊപ്പം ശരീരഭാരവും കൂടും. ഇവയെല്ലാം സ്ട്രോക്ക് സാധ്യത വർധിപ്പിക്കുന്നു. പായ്ക്കറ്റ് ഭക്ഷണങ്ങളിലെ ചീത്ത കൊഴുപ്പ് ശരീരഭാരം വർധിപ്പിച്ച് രക്തത്തിലെ കൊളസ്ട്രോൾ അളവു കൂട്ടുന്നു. സോസേജുകൾ, മട്ടൻ, ബീഫ് തുടങ്ങിയവ ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും അപകടകരമാണ്.
- വൈവിധ്യമാർന്ന ആഹാരം ഉൾപ്പെടുത്തുക. അതായത് പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീൻ, പാലും പാലുൽപ്പന്നങ്ങളും. പകുതി ആഹാരം ധാന്യത്തിൽ നിന്നാണെന്ന് ഉറപ്പുവരുത്തുക.
- വിവിധ നിറങ്ങളിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുക. പഴവർഗങ്ങളുടേയും പച്ചക്കറികളുടേയും കാര്യത്തിൽ റെയിൻബോ സമീപനം സ്വീകരിക്കാം. കടുംചുവപ്പ്, ഓറഞ്ച്, കടുംപച്ച, മഞ്ഞ, പർപ്പിൾ തുടങ്ങിയ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ധാരാളം പോഷണം നൽകുന്നു.
- ഓരോ ദിവസവും അഞ്ചോ അതിൽ കൂടുതലോ കപ്പ് പഴങ്ങളും പച്ചക്കറികളും തിരഞ്ഞെടുക്കുക. ഉണങ്ങിയ പഴങ്ങളും കഴിക്കാം. പയറുവർഗങ്ങളും പതിവായി കഴിക്കുക.
- ദിവസവും കൊഴുപ്പു കുറഞ്ഞതോ ഇല്ലാത്തതോ ആയ പാലുൽപ്പന്നങ്ങൾ ഉപയോഗിക്കുക. കൊഴുപ്പു കുറഞ്ഞ മാംസം, കോഴിയിറച്ചി എന്നിവ കഴിക്കാം. അണ്ടിപ്പരിപ്പുകളും മത്സ്യ സ്രോതസുകളും കൂടുതലായി ഉപയോഗിക്കുക.