ആദ്യം ശങ്കിച്ചു നിന്നെങ്കിലും ഡിജിറ്റൽ പണമിടപാട് ജീവിതത്തിന്റെ ഭാഗമാക്കി നമ്മൾ; ഈ മാസം നടത്തിയ ഇടപാടുകൾ പതിനാറ് ലക്ഷം കോടി രൂപയുടേത് ! പ്രതിമാസം നടക്കുന്നത് 1000കോടി ഇടപാടുകൾ. ഡിജിറ്റൽ പണമിടപാട് രംഗം അടക്കിവാണത് ഗൂഗിൾ പേ, പേ.ടി. എം, ഫോൺ പേ എന്നിവർ. 2വർഷത്തിനകം പ്രതിദിനം 100കോടി ഇടപാട് ലക്ഷ്യം

New Update
gpay

ഡൽഹി: കോവിഡ് കാലത്ത് ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കാൻ കേന്ദ്രസർക്കാർ ശ്രമിച്ചപ്പോൾ അൽപ്പം മടിച്ചുനിന്നവരാണ് നമ്മൾ. എന്നാൽ ഇന്ന് സാധനങ്ങൾക്കും സേവനങ്ങൾക്കും ക്യു ആർ കോഡ് സ്കാൻ ചെയ്ത് മൊബൈൽ വഴി പണം നൽകുന്നത് നമ്മുടെയെല്ലാം ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു.

Advertisment

മൊബൈൽ ഫോണുപയോഗിച്ചുള്ള ഡിജിറ്റൽ പണമിടപാടുകൾ സർവകാല റെക്കോർഡിലേക്ക് കുതിക്കുകയാണ്. പണം കൊണ്ടുനടക്കുന്നതിന് പകരം ഡിജിറ്റൽ പേയ്‍മെന്റ് വഴിയുള്ള സുരക്ഷിതത്വവും മലയാളികളെ ഓൺലൈൻ പണമിടപാടിന്റെ ആരാധകരാക്കുന്നു.

വിദേശത്ത് നിന്ന് പണം അയയ്ക്കാനുള്ള അടുത്തഘട്ടം പ്രാവർത്തികമാവുന്നത് മലയാളികൾക്ക് ഏറെ ഗുണകരമാണ്. നമ്മുടെ പ്രവാസികൾക്ക് തത്സമയം നേരിട്ട് നാട്ടിലേക്ക് പണമയയ്ക്കാൻ ഇതോടെ സൗകര്യമൊരുങ്ങും.

gpay

ഡിജിറ്റൽ പേയ്മെന്റ് ആപ്പുകൾ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകൾ ഇന്ത്യയിൽ സർവകാല റെക്കോർഡാണ്.  നാഷണൽ പേയ്മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് ഒക്ടോബറിൽ യുണിഫൈഡ് പേയ്മെന്റ്സ് ഇന്റർഫേയ്സ് (യു. പി. ഐ) ഇടപാടുകളുടെ മൂല്യം ഇതാദ്യമായി പതിനാറ് ലക്ഷം കോടി രൂപ കവിയും.

മൊത്തം ഇടപാടുകളുടെ എണ്ണം തുടർച്ചയായ മൂന്നാം മാസത്തിലും അയിരം കോടിക്ക് മുകളിലെത്തുമെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഉത്സവാഘോഷങ്ങളോട് അനുബന്ധിച്ച് ഉത്തരേന്ത്യയിൽ കച്ചവടത്തിലുണ്ടായ ഉണർവും സാമ്പത്തിക മേഖലയുടെ മികച്ച പ്രകടനവും ഡിജിറ്റൽ പേയ്മെന്റുകൾ കുത്തനെ കൂടാൻ സഹായിച്ചു.

ഡിജിറ്റൽ പണമിടപാട് മേഖല അടക്കിവാഴുന്നത് ഗൂഗിൾ പേ, പേ.ടി.എം, ഫോൺ പേ എന്നിവരാണ്. ഇവയുടെ വരവോടെ വൻകിട നഗരങ്ങൾ മുതൽ നാട്ടിൻപുറത്തെ ചെറുക്കച്ചവടക്കാർ വരെ ഡിജിറ്റൽ ഇടപാടുകളിലേക്ക് മാറി. ചെറിയ കടകളിൽ പോലും ഇവർ ക്യു.ആർ കോഡ് സ്ഥാപിച്ച് പണമിടപാടിന് അവസരമൊരുക്കി. നിലവിൽ മുപ്പത് കോടി ഉപഭോക്താക്കളാണ് യു. പി. ഐ സംവിധാനം ഉപയോഗിച്ച് പേയ്മെന്റുകൾ നടത്തുന്നത്.

യു. പി. ഐ പേയ്മെന്റുകൾ സ്വീകരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ എണ്ണം 50 കോടി കവിഞ്ഞു. അടുത്ത ഘട്ടത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നും നാട്ടിലേക്ക് എളുപ്പത്തിലും സൗകര്യപ്രദമായും അതിവേഗം പണമയക്കാനുള്ള സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് കേന്ദ്ര സർക്കാർ. രണ്ടു വർഷത്തിനുള്ളിൽ പ്രതിദിന യു. പി. ഐ ഇടപാടുകളുടെ എണ്ണം നൂറു കോടിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്റർനെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ, മൊബൈൽ ബാങ്കിംഗ് എന്നിവ കൂടി കണക്കിലെടുത്താൽ രാജ്യത്തെ മൊത്തം ധനകാര്യ ഇടപാടുകളിൽ അൻപത് ശതമാനത്തിലധികം ഡിജിറ്റലായി മാറിയെന്ന് വിദഗ്ധർ പറയുന്നു.  

നോട്ടുനിരോധനം, കോവിഡ് രോഗവ്യാപനം എന്നിവയോടെയാണ് ഡിജിറ്റൽ പണമിടപാടുകൾ വ്യാപകമായത്. സ്വകാര്യ ആപ്പുകളുടെ മികച്ച വിപണന പദ്ധതികളും അതിവേഗം, അനായാസം, പാളിച്ചകളില്ലാതെ ഇടപാട് നടത്താനുള്ള സൗകര്യവുമെല്ലാം ജനങ്ങളെ ഡ‍ിജിറ്റൽ പേയ്‍മെന്റിലേക്ക് ആകർഷിച്ചു.

Advertisment